|    May 23 Wed, 2018 10:30 am
FLASH NEWS

ചെമ്പ്ര എസ്റ്റേറ്റ് ലോക്കൗട്ട്; ഏകപക്ഷീയ നടപടി പിന്‍വലിക്കണം: സിഐടിയു

Published : 2nd November 2016 | Posted By: SMR

കല്‍പ്പറ്റ: ചെമ്പ്ര എസ്റ്റേറ്റ് ലോക്കൗട്ട് ചെയ്ത മാനേജ്‌മെന്റ് നടപടി പിന്‍വലിക്കണമെന്നു സിഐടിയു വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഏകപക്ഷീയവും നിയമവിരുദ്ധവുമായി പ്രഖ്യാപിച്ച ലോക്കൗട്ട് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ തുടങ്ങും. 16 വര്‍ഷമായി രാജ്യസഭാംഗം എ പി അബ്ദുല്‍ വഹാബിന്റെ ഉടമസ്ഥതയിലാണ് ചെമ്പ്ര എസ്റ്റേറ്റ് എന്ന ഫാത്തിമ ഫാംസ്. എരുമക്കൊല്ലി ഒന്ന്, എരുമക്കൊല്ലി രണ്ട്, ചെമ്പ്ര എന്നീ ഡിവിഷനുകളിലായി 800ലധികം ഏക്കര്‍ വരുന്ന തോട്ടം 27നു വൈകീട്ടാണ് അടച്ചുപൂട്ടിയത്. ഇത് എസ്റ്റേറ്റിലെ 320 തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളുമടക്കം ആയിരത്തോളം പേരെ ദുരിതത്തിലാക്കി. എസ്റ്റേറ്റ് ലോക്കൗട്ട് ചെയ്യുന്ന വിവരം തൊഴിലാളികളെയും ട്രേഡ് യൂനിയന്‍ പ്രതിനിധികളെയും അറിയിച്ചിരുന്നില്ല. ആറാഴ്ചയ്ക്കു മുമ്പെങ്കിലും നോട്ടീസ് നല്‍കണമെന്നാണ് നിയമം. അനിശ്ചിതകാല സമരം, തോട്ടം നടത്താന്‍ കഴിയാത്തവിധം തൊഴിലാളികള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ തുടങ്ങി തക്കതായ കാരണങ്ങളും ലോക്കൗട്ട് പ്രഖ്യാപനത്തിന് ആവശ്യമാണ്. എന്നാല്‍, തൊഴിലാളികള്‍ സമരം ചെയ്തുവെന്ന തെറ്റായ കാരണം പറഞ്ഞാണ് ചെമ്പ്ര എസ്റ്റേറ്റ് അടച്ചുപൂട്ടിയത്. പ്രശ്‌നപരിഹാരത്തിനു മാനേജ്‌മെന്റ് തയ്യാറാവുന്നില്ല. ജില്ലാ ലേബര്‍ ഓഫിസര്‍ അദ്ദേഹത്തിന്റെ കാര്യാലയത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച വിളിച്ചുചേര്‍ത്ത അനുരഞ്ജന യോഗത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്തില്ല. കുറച്ചുകാലമായി കുത്തഴിഞ്ഞ നിലയിലാണ് തോട്ടത്തിന്റെ പ്രവര്‍ത്തനം. തോട്ടം വേണ്ടവിധം പരിപാലിക്കാന്‍ മാനേജ്‌മെന്റ് കൂട്ടാക്കുന്നില്ല. ഇതു വരവും ചെലവും തമ്മിലുള്ള പൊതുത്തമില്ലായ്മയ്ക്ക് കാരണമായിട്ടുണ്ട്. തൊഴിലാളികളുടെ 2014-15ലെ ബോണസും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്തിരുന്നില്ല. ശമ്പളവും ലഭിക്കാതായതോടെ തൊഴിലാളികള്‍ സപ്തംബറില്‍ സമരം ആരംഭിച്ചു. പ്രശ്‌നത്തില്‍ ഇടപെട്ട സി കെ ശശീന്ദ്രന്‍ എംഎല്‍എ തോട്ടം ഉടമയുമായി ബന്ധപ്പെട്ടു. പ്രശ്‌നം ഇതേമാസം 25ന് ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. സ്ഥാപനത്തിന്റെ നിലനില്‍പ് കണക്കിലെടുത്താണ് ശമ്പളവും ബോണസും നല്‍കാതിരുന്നിട്ടും ശക്തമായ പ്രക്ഷോഭം നടത്താതിരുന്നത്. 25ലെ ചര്‍ച്ചയിലെ തീരുമാനമനുസരിച്ച് ബോണസും ശമ്പളവും വിതരണം ചെയ്തതോടെ തോട്ടത്തില്‍ മാനേജ്‌മെന്റും തൊഴിലാളികളുമായുള്ള സൗഹൃദാന്തരീക്ഷം സംജാതമായതാണ്. എന്നാല്‍, ഒക്ടോബറില്‍ വീണ്ടും ശമ്പളം മുടങ്ങി. താല്‍പര്യമുള്ള തൊഴിലാളികള്‍ക്ക് വിആര്‍എസ് എടുക്കാമെന്ന അറിയിപ്പുമുണ്ടായി. സ്വയം വിമരിക്കലിനു പാക്കേജ് ഉണ്ടെന്നു പറഞ്ഞെങ്കിലും എന്തൊക്കെയാണ് അതിലുള്ളതെന്നു വ്യക്തമാക്കിയിരുന്നില്ല. അതിനാല്‍ വിരമിക്കല്‍ പദ്ധതിയുമായി തൊഴിലാളികള്‍ സഹകരിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് തോട്ടം അടച്ചുപൂട്ടിയത്. പ്ലാന്റേഷന്‍ എന്ന നിലയിലാണ് ചെമ്പ്ര എസ്റ്റേറ്റ് ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവായത്. മാനേജ്‌മെന്റിന്റെ ധിക്കാരവും ധാര്‍ഷ്ട്യവും അവസാനിപ്പിച്ച് എത്രയും വേഗം ലോക്കൗട്ട് പിന്‍വലിച്ച് തോട്ടം തുറന്നു പ്രവര്‍ത്തിക്കാത്തപക്ഷം ട്രേഡ് യൂനിയനുകളും സമരസമിതിയും കടുത്ത തീരുമാനങ്ങള്‍ എടുക്കുമെന്നും നേതാക്കളായ കെ വി മോഹനന്‍, പി ഗഗാറിന്‍, വി വി ബേബി, കെ സുഗതന്‍ എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss