|    Apr 26 Thu, 2018 7:31 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ചെമ്പൈ സംഗീതോല്‍സവം: ആനന്ദനിര്‍വൃതിയിലലിഞ്ഞ് ശ്രീകൃഷ്ണനഗരി

Published : 22nd November 2015 | Posted By: SMR

കെ വിജയന്‍മേനോന്‍

ഗുരുവായൂര്‍: ഭക്തിയും, ഘോഷവും, സംഗീതവും സമന്വയിച്ച ഗുരുവായൂരപ്പ സന്നിധിയില്‍ പഞ്ചരത്‌ന കീര്‍ത്തനങ്ങള്‍ സംഗീത വര്‍ഷമായി പെയ്തിറങ്ങിയത്, ആസ്വാദക വൃന്ദത്തിന് അമൃതധാരയായി. ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് നടന്നു വരുന്ന ചെമ്പൈ സംഗീതോത്സവത്തിലെ അതിപ്രധാനമായ പഞ്ചര്തന കീര്‍ത്തനാലാപനമാണ് ഇന്നലെ ക്ഷേത്രനഗരിയില്‍ സംഗീതപ്രേമികളെ ആനന്ദ നിര്‍വൃതിയിലാക്കിയത്.
പ്രത്യേകം തെരഞ്ഞെടുത്ത പ്രഗത്ഭരും പ്രശസ്തരുമായ നൂറിലധികം സംഗീതജ്ഞര്‍ സംഗീത വേദിയില്‍ അണിനിരന്ന് ത്യാഗരാജ സ്വാമികളുടെ കീര്‍ത്തനങ്ങളില്‍ പഞ്ചരത്‌നങ്ങളായ നാട്ട-ഗൗള-ആരഭി-വരാളി-ശ്രീ എന്നീ രാഗങ്ങളിലുള്ള ജഗദാനന്ദ കാരക……ദുഡുഗുഗലനന്നെ……സാദിഞ്ചനെ….കനകനരുചിര… എന്തൊരുമഹാനുഭാവലു എന്നീ കീര്‍ത്തനങ്ങള്‍ ആലപിച്ചപ്പോള്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലും പരിസരത്തുമായി തിങ്ങി നിറഞ്ഞിരുന്ന ആസ്വാദകവൃന്ദം അതിലലിഞ്ഞു. സൗരാഷ്ട്ര രാഗത്തില്‍ ശ്രീഗണപതിം എന്ന കീര്‍ത്തനം ആലപിച്ച ശേഷമായിരുന്നു പഞ്ചരത്‌ന കീര്‍ത്തനാലാപനത്തിന് തുടക്കിട്ടത്. എന്‍ പി രാമസ്വാമി, പി ആര്‍ കുമാരകേരള വര്‍മ്മ, പാല സി കെ രാമചന്ദ്രന്‍, മണ്ണൂര്‍ എം പി രാജകുമാരനുണ്ണി, നെടുങ്കുന്നം വാസുദേവന്‍, ഡോ.ഗുരുവായൂര്‍ മണികണ്ഠന്‍, വി.ആര്‍.ദിലീപ്കുമാര്‍, ആനയടി പ്രസാദ്, വെള്ളിനേഴി സുബ്രമണ്യം, ഡോ: ഇ എന്‍ സജിത്, എം എസ് പരമേശ്വരന്‍, ആര്‍ വി വിശ്വനാഥന്‍, ആലപ്പുഴ ശ്രീകുമാര്‍, കൊല്ലം ജി എസ് ബാലമുരളി, കെ മുരളീധരനുണ്ണി, അരൂര്‍ പി കെ മനോഹരന്‍, കോട്ടക്കല്‍ രജ്ഞിത് വാര്യര്‍, അഭിരാം ഉണ്ണി, ഡോ: കെ ഓമനക്കുട്ടി, ഡോ: വിജയലക്ഷ്മി സുബ്രഹ്മണ്യം, പാല്‍ക്കുളങ്ങര അംബികാദേവി, ഡോ: മാലിനിമനോഹരന്‍, വൈക്കം രാജമ്മാള്‍, കെ ഗിരിജാവര്‍മ്മ, രഞ്ജിനി വര്‍മ്മ, സുകുമാരി നരേന്ദ്രമേനോന്‍, ഡോ: എന്‍ മിനി, ഗീതാദേവി വാസുദേവന്‍, മേഘനാ സത്യമൂര്‍ത്തി, ലക്ഷ്മി കൃഷ്ണകുമാര്‍, എസ് ശര്‍മ്മിള, എസ് ശകുന്തള, ജ്യോതി കമ്മത്ത്, എറണാകുളം ജയലക്ഷ്മി, എന്‍ ജെ നന്ദിനി, ഭാവനാ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പഞ്ചരത്‌നം ആലപിച്ചു.
ഇന്ന് അര്‍ദ്ധരാത്രി ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഇഷ്ടകീര്‍ത്തനമായ ”കരുണചെയ്‌വാനെന്തു താമസം കൃഷ്ണാ” എന്ന ഗാനം, അദ്ദേഹത്തിന്റെ ശിഷ്യര്‍ ഒത്തുചേര്‍ന്ന് പാടുന്നതോടെ 15-ദിവസം നീണ്ടു നിന്ന ചെമ്പൈസംഗീതോത്സവത്തിന് തിരശ്ശീല വീഴും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss