|    Dec 10 Mon, 2018 12:56 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ചെമ്പുവാലന്‍ വാനമ്പാടിയുടെ ചിത്രം പകര്‍ത്തി

Published : 3rd December 2018 | Posted By: kasim kzm

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: പക്ഷിനിരീക്ഷകരുടെ കാമറകള്‍ക്ക് പിടികൊടുക്കാതെ പലതവണ വഴുതിപ്പോയ ചെമ്പുവാലന്‍ വാനമ്പാടിയെന്ന പക്ഷിയുടെ ചിത്രം ഒടുവില്‍ പകര്‍ത്തി. കേരളത്തില്‍നിന്ന് ഇതാദ്യമായാണ് ഈ പക്ഷിയുടെ ചിത്രം പകര്‍ത്താന്‍ കഴിഞ്ഞത്. പക്ഷിനിരീക്ഷകനും തിരൂര്‍ക്കാട് സ്വദേശിയുമായ സന്തോഷ് കല്ലിങ്ങലാണ് പക്ഷിയുടെ ചിത്രം പകര്‍ത്തി അപൂര്‍വ നേട്ടത്തിനുടമയായത്. പലതവണ ചെമ്പുവാലന്‍ വാനമ്പാടിയെ പക്ഷിനിരീക്ഷകര്‍ കണ്ടിട്ടുണ്ടെങ്കിലും ചിത്രം എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അങ്ങാടിപ്പുറത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്ത് മഴ നനഞ്ഞു നില്‍ക്കുന്ന ചെമ്പുവാലന്‍ വാനമ്പാടിയെന്ന, കേരളത്തില്‍ അധികം കാണാത്ത പക്ഷിയുടെ ചിത്രമാണ് സന്തോഷ് എടുത്തത്.
വര്‍ഷങ്ങളായി പക്ഷിനിരീക്ഷണ രംഗത്തു സജീവമാണ് സന്തോഷ്. 1989 ഒക്ടോബര്‍ 7, 8 തിയ്യതികളില്‍ വാളയാര്‍ ഡാമില്‍ വച്ചു ചെമ്പുവാലന്‍ വാനമ്പാടിയെ കണ്ടതായി പക്ഷിനിരീക്ഷകര്‍ രേഖപ്പെടുത്തിയിരുന്നു. പിന്നീട് 1993, 2004 വര്‍ഷങ്ങളിലും 1997 ജനുവരി 26ന് ചുള്ളിയാര്‍ ഡാമിലും 2003ല്‍ വയനാട് മുത്തങ്ങയിലും ഈ പക്ഷിയെ കണ്ടെത്തി.
പ്രമുഖ പക്ഷിനിരീക്ഷകനായ കെ കെ നീലകണ്ഠന്‍ 1952 ജനുവരി ഒന്നിന് പാലക്കാട് കല്‍പ്പാത്തി പുഴയോരത്ത് ചെമ്പുവാലന്‍ വാനമ്പാടിയെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാഴ്ചകളെല്ലാം തമിഴ്‌നാട്, കര്‍ണാടക എന്നിവയുടെ അതിര്‍ത്തിയോട് ചേര്‍ന്നതായിരുന്നെങ്കില്‍ ഇത്തവണ കണ്ടെത്തിയത് അതിര്‍ത്തിയുമായി ബന്ധമില്ലാത്ത അങ്ങാടിപ്പുറത്താണ്. ഇ-ബേഡില്‍ വിവരങ്ങള്‍ ചേര്‍ത്തതോടെയാണ് പക്ഷിയുടെ ഇനവും കണ്ടെത്തിയതിന്റെ പ്രാധാന്യവും തിരിച്ചറിയാനായതെന്നു സന്തോഷ് കല്ലിങ്ങല്‍ പറയുന്നു. ഇതോടെ, മലപ്പുറം ജില്ലയില്‍ നിന്ന് ഇ-ബേഡില്‍ ചേര്‍ത്ത 365ാം പക്ഷിയായി ചെമ്പുവാലന്‍ വാനമ്പാടി മാറിയതായി പക്ഷിനിരീക്ഷകര്‍ പറയുന്നു. പ്രധാനമായും മധ്യ ഇന്ത്യയിലെ വരണ്ട ഭാഗങ്ങളില്‍ കാണുന്ന ഈ പക്ഷിയെ കേരളത്തില്‍ പൊതുവെ കാണാറില്ല. എങ്കിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലും കാണാറുണ്ട്. പൊതുവായി മങ്ങിയ തവിട്ടുനിറമാണ്. അടിഭാഗത്തും വാലിനും ചെമ്പന്‍ നിറവുമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss