|    Dec 11 Tue, 2018 12:50 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ചെമ്പന്‍ വിനോദ് മികച്ച നടന്‍, ലിജോ ജോസ് പെല്ലിശ്ശേരി സംവിധായകന്‍

Published : 29th November 2018 | Posted By: kasim kzm

പനാജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാള സിനിമയ്ക്ക് ഇരട്ട നേട്ടം. ഈമയൗ എന്ന ചിത്രമൊരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരിയെ മികച്ച സംവിധായകനായും ചിത്രത്തിലെ തന്നെ അഭിനയത്തിന് ചെമ്പന്‍ വിനോദിന് മികച്ച നടനുള്ള രജതമയൂരവും ലഭിച്ചു.
സെര്‍ജി ലോസ്‌നിസ്റ്റ് സംവിധാനം ചെയ്ത ഉക്രെയ്ന്‍-റഷ്യന്‍ ചിത്രം ഡോണ്‍ബോസിനാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കിഴക്കന്‍ ഉക്രെയ്‌നിലെ ഡോണ്‍ബോസ് എന്ന പ്രദേശത്തെ ആളുകളുടെ കഥ പറഞ്ഞ ചിത്രമാണ് ഡോണ്‍ബോസ്. മികച്ച നടിക്കുള്ള രജതമയൂരം വെന്‍ ദി ട്രീസ് ഫോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അനസ്തസ്യ പുസതോവിച്ച് നേടി. ഫിലിപ്പീന്‍സില്‍ നിന്നുള്ള റെസ്‌പെറ്റോ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആല്‍ബര്‍ട്ടോ മോണ്ടെറാസിനാണ് മികച്ച നവാഗത സംവിധായകനുള്ള രജതമയൂരം. തമിഴില്‍ ചെഴിയാന്‍ സംവിധാനം ചെയ്ത ടു ലെറ്റ് പ്രത്യേക ജൂറി പരാമര്‍ശം നേടി.
രജതമയൂരവും 15 ലക്ഷം രൂപയുമാണ് മികച്ച സംവിധായകന് ലഭിക്കുക. മികച്ച നടന് രജതമയൂരത്തോടൊപ്പം 10 ലക്ഷം രൂപയും ലഭിക്കും. ഈമയൗവിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ലിജോയ്ക്ക് ലഭിച്ചിരുന്നു. ആദ്യമായാണ് മലയാളത്തിന് രണ്ടു പുരസ്‌കാരങ്ങളും ഒരുമിച്ച് ലഭിക്കുന്നത്. കഴിഞ്ഞതവണ ടേക്ക് ഓഫിലെ അഭിനയത്തിന് പാര്‍വതിക്ക് മികച്ച നടിക്കുള്ള രജതമയൂരം ലഭിച്ചിരുന്നു.
യുനെസ്‌കോ ഊന്നല്‍ നല്‍കുന്ന ആശയങ്ങള്‍ക്ക് ഇതിവൃത്തമായെത്തുന്ന ചിത്രങ്ങള്‍ക്കു നല്‍കുന്ന ഐസിഎഫ്ടി യുനെസ്‌കോ ഗാന്ധി പുരസ്‌കാരം പ്രവീണ്‍ മോര്‍ച്ചാലെ സംവിധാനം ചെയ്ത ഹിന്ദി ചിത്രം വാക്കിങ് വിത്ത് ദി വിന്‍ഡ് നേടി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss