|    May 29 Mon, 2017 3:25 pm
FLASH NEWS

ചെമ്പന്‍മൂടിമലയില്‍ പാറപൊട്ടിക്കാന്‍ അനുവദിക്കില്ല; ജില്ലാ കലക്ടര്‍ നാളെ സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തും

Published : 6th September 2016 | Posted By: SMR

റാന്നി: ജനങ്ങള്‍ സമരം ചെയ്തുപൂട്ടിച്ച ചെമ്പന്‍മുടിമലയിലെ മണിമലേത്ത് പാറമട തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള ഉടമയുടെ നീക്കത്തിനെതിരെ നാട്ടുകാരുടെ സമരം ശക്തമായതോടെ ജില്ലാഭരണകൂടം ഇടപെടുന്നു. സമരസമിതിയുടെ ആവശ്യപ്രകാരം ജില്ലാകലക്ടര്‍ ആര്‍ ഗിരിജ നാളെ സമരസമിതി നേതാക്കളുമായി കലക്ടറേറ്റില്‍ ചര്‍ച്ച നടത്തും.
ജനരോഷം അവഗണിച്ച് നാറാണംമൂഴി ഗ്രാമപ്പഞ്ചായത്ത് നല്‍കിയ അനുമതിയുടെ മറവില്‍ പാറമട തുറക്കുന്നതിനെതി രേ  പ്രദേശവാസികള്‍ സമരത്തിലാണ്. പാറമടകള്‍ പ്രവര്‍ത്തിച്ചുവരുന്നതു മൂലം പ്രദേശത്തുണ്ടായ രോഗദുരിതങ്ങളുടെയും പരിസ്ഥിതി നാശത്തിന്റെയും ഭീകരാവസ്ഥ ജില്ലാ കലക്ടറെ ബോധ്യപ്പെടുത്തുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച മണിമലേത്ത് പാറമടയില്‍ നിന്നും കല്ലുപൊട്ടിച്ച് നീക്കം ചെയ്യാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് സ്ത്രീകളടക്കമുള്ള പ്രദേശവാസികളെ തിരുവല്ല ഡിവൈഎസ്പി, റാന്നി സിഐ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് അറസ്റ്റു ചെയ്ത് വച്ചൂച്ചിറ പോലിസ് സ്‌റ്റേഷനിലേക്ക് മാറ്റിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സ്റ്റേഷന്‍ ഉപരോധിച്ച സമരസമിതിയും നാട്ടുകാരും ജില്ലാ കലക്ടര്‍ സ്ഥലത്തെത്തണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു.
പിന്നീട് റാന്നി താലൂക്ക് ഓഫിസില്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയ തിരുവല്ല ആര്‍ഡിഒ ജെ ഷീലാദേവി വിഷയം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പെടുത്തി ചര്‍ച്ചയ്ക്ക് അവസരമുണ്ടാക്കുമെന്നും ഉറപ്പുനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കലക്ടറേറ്റില്‍ നാളെ സമരസമിതിയുമായി ചര്‍ച്ച നടത്താന്‍ കലക്ടര്‍ തീരുമാനിച്ചത്.
ചെമ്പന്‍മുടിമലയില്‍ ഇനി പാറപൊട്ടിക്കാന്‍ അനുവദിക്കില്ലെന്നാണ് സമരസമിതിയുടെ നിലപാട്. കൂടാതെ, പാറമട മുതലാളിയെ പിന്തുണയ്ക്കുന്ന ചില ഉദ്യോഗസ്ഥര്‍ക്കെതിരേയും കഴിഞ്ഞ തിങ്കളാഴ്ച സമരക്കാരോടുള്ള പോലിസ് അതിക്രമത്തിലും അന്വേഷണം വേണമെന്ന ആവശ്യത്തിലും വിട്ടുവീഴ്ചയില്ലെന്നാണ് സമരസമിതി നിലപാട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day