|    Mar 24 Fri, 2017 9:31 pm
FLASH NEWS

ചെമ്പന്‍മുടി സമരം: ലൈസന്‍സ് നല്‍കിയത് ന്യായീകരിച്ച് പഞ്ചായത്ത് ഭരണസമിതി

Published : 17th July 2016 | Posted By: SMR

പത്തനംതിട്ട: ചെമ്പന്‍മുടി മലയിലെ മണിമലേത്ത് പാറമടയ്ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയതിനെ ന്യായീകരിച്ച് നാറാണംമൂഴി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി രംഗത്ത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പേരില്‍ കോടതി അലക്ഷ്യനടപടി ഒഴിവാക്കാനാണ് അനുമതി നല്‍കയതെന്നും പാറമടയ്‌ക്കെതിരേ ജനങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ആധികാരികമായ ഒരു പഠനരേഖയും ഇല്ലെന്നും പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജില്ലാ നേതാക്കള്‍ അടക്കം പങ്കെടുത്ത സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ തീരുമാനം അനുസരിച്ചാണ് പഞ്ചായത്ത് ഭരണസമിതി പാറമടയ്ക്ക് അനുമതി നല്‍കിയത്. കോടതിയലക്ഷ്യ നിലപാട് ഒഴിവാക്കാനാണ് പാര്‍ട്ടി നിര്‍ദേശിച്ചത്. പഞ്ചായത്ത് ഭരണസമിതിക്ക് ലഭിച്ച നിയമോപദേശവും ഇതു തന്നെയായിരുന്നു. എന്നാല്‍, കോടതിയലക്ഷ്യത്തിലൂടെ ഭരണസമിതിയെ പുറത്താക്കാനുള്ള രാഷ്ട്രീയ ലക്ഷ്യമാണ് സമരസമിതിക്കുള്ളത്. മണിമലേത്ത് പാറമട പ്രവര്‍ത്തനം ആരംഭിച്ച ശേഷം ഏതെങ്കിലും രീതിയിലുള്ള ചട്ടലംഘനം ഉണ്ടായാല്‍ മാത്രമെ ഭരണസമിതിക്ക് അവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളുവെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജനകീയ പ്രശ്‌നങ്ങളോ പാരിസ്ഥിതിക പ്രശ്‌നങ്ങളോ ഉന്നയിച്ച് അനുമതി നിരസിക്കാന്‍ പഞ്ചായത്തിന് അവകാശം ഇല്ലെന്നും അത്തരം കാര്യങ്ങളില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കില്‍ അനുകൂലമായ ഉത്തരവുകള്‍ നല്‍കിയ ഏജന്‍സികളെ സമീപിക്കാനുമാണ് കോടതി നിര്‍ദേശം.
ഭരണമേറ്റെടുത്ത ശേഷം മൂന്നുതവണ തങ്ങള്‍ മണിമലേത്ത് സമര്‍പ്പിച്ച ലൈസന്‍സിനുള്ള അപേക്ഷ തള്ളിയിരുന്നു. എന്നാല്‍ കോടതിയില്‍ നിന്നും പാറമട ഉടമയ്ക്ക് അനുകൂലവിധ നേടാനുള്ള സാഹചര്യം സൃഷ്ടിച്ചത് മുന്‍ഭരണസമിതിയാണ്. ക്വാറിക്ക് ആദ്യമായി ലൈസന്‍സ് നല്‍കിയത് മുന്‍ഭരണ സമിതിയാണ്.
ജനകീയ സമരത്തെ തുടര്‍ന്ന് കലക്ടര്‍ നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. പിന്നീട് അത് പിന്‍വലിച്ച് ഉടമയ്ക്ക് എന്‍ഒസി നല്‍കി. പാറമട ഉടമയ്ക്ക് അനുകൂലമായ നിയമോപദേശം റാന്നി ഗവണ്‍മെന്റ് പ്ലീഡര്‍ നല്‍കിയതും ഈ കാലത്താണ്. പാറമട ഉടമ ഈ കാലയളവില്‍ പാരിസ്ഥിതിക അനുമതി നേടുകയും ചെയ്തിരുന്നു. അന്നത്തെ ഭരണസമിതിയോ സമരസമതിയോ ഫലപ്രദമായി ഇടപെടാതെ ഉടമയ്ക്ക് അനുകൂല സാഹചര്യം ഒരുക്കുകയായിരുന്നു.
നിയമപ്രശ്‌നങ്ങള്‍ സമരസമിതിയെ ബോധ്യപ്പെടുത്തിയിട്ടും അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രദേശത്ത് ക്രമസമാധാനപ്രശ്‌നം സൃഷ്ടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.
സമീപത്ത് പ്രവര്‍ത്തിക്കുന്ന കാവുങ്കല്‍ ക്രഷറിനെതിരേ ആര്‍ഡിഒയ്ക്കും മൈനിങ് ആന്റ് ജിയോളജി വകുപ്പിനും പരാതി നല്‍കിയ സമരസമിതി ഹിയറിങില്‍ നിന്നു വിട്ടുനില്‍ക്കുകയാണ് ചെയ്തത്. കാവുങ്കല്‍ ക്രഷറിന്റെ അപേക്ഷ കഴിഞ്ഞദിവസം ഭരണസമിതി തള്ളുകയാണ് ചെയ്തത്. ഇതിനുപുറമേ സമരസമിതി നേതാക്കളുടെ ഭൂമി പാറമട ഉടമയ്ക്ക് വില്‍ക്കുകയും ചെയ്തതായി പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മഞ്ജിഷ് മനുവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

(Visited 61 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക