|    Jan 23 Mon, 2017 6:25 pm
FLASH NEWS

ചെമ്പന്‍മുടി പാറമടയ്ക്ക് ലൈസന്‍സ്: ചര്‍ച്ച ഏഴിലേക്ക് മാറ്റി

Published : 4th July 2016 | Posted By: SMR

റാന്നി: ചെമ്പന്‍മുടി മലയിലെ പാറമടയ്ക്ക് ലൈസന്‍സ് നല്‍കാനുള്ള നീക്കത്തിനെതിരേ നാട്ടുകാര്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തുന്നതിനിടയില്‍ ചേര്‍ന്ന നാറാണംമൂഴി പഞ്ചായത്ത് കമ്മിറ്റി ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ച അടുത്ത ഏഴിലേക്ക് മാറ്റി. കമ്മിറ്റി തീരുമാനം അറിഞ്ഞ് ഉച്ചയോടെ നാട്ടുകാര്‍ ധര്‍ണയും സമരപരിപാടികളും അവസാനിപ്പിച്ചു.
പ്രശ്‌നങ്ങള്‍ തല്‍ക്കാലത്തേക്ക് കെട്ടടങ്ങിയതോടെ സ്ഥലത്ത് എത്തിയിരുന്ന വന്‍ പോലിസ് സന്നാഹവും മടങ്ങി. ചെമ്പന്‍മുടി മലയിലെ പാറമടയ്ക്ക് ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ച് കോടതിയുടെ നടപടിയുള്ളതിനാല്‍ നിയമ വിദഗ്ധരില്‍ നിന്നും അഭിപ്രായം തേടിയ ശേഷമാവും അടുത്ത നീക്കം. അടുത്ത ഏഴിന് വീണ്ടും ചേരുന്ന കമ്മിറ്റിയാവും ഈ വിഷയം പരിഗണിക്കുക. പാറമട ലൈസന്‍സിനായി അപേക്ഷ നല്‍കിയ പാറമട ഉടമ വീണ്ടും കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് പ്രസിഡന്റിനും സെക്രട്ടറിയ്ക്കുമെതിരേ കോടതി നോട്ടീസ് അയച്ചിരുന്നു.
ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ച വിഷയം പരിഗണിക്കുന്നതിനായിരുന്നു ഇന്നലത്തെ കമ്മറ്റി. പ്രസിഡന്റ് മോഹന്‍രാജ് ജേക്കബിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന കമ്മിറ്റിയില്‍ വിഷയം പ്രസിഡന്റ് അവതരിപ്പിക്കുകയായിരുന്നു. തനിക്കും സെക്രട്ടറിയ്ക്കുമെതിരേ കോടതി അലക്ഷ്യ നടപടി്ക്ക് സാധ്യതയുള്ളതിനാല്‍ അപേക്ഷകന് സി ആന്റ ്ഒ ലൈസന്‍സ് നല്‍കണമെന്ന ആവശ്യം കമ്മിറ്റിയെ അറിയിച്ചു. എന്നാല്‍ പിന്നീട് സംസാരിച്ച പാറമട സ്ഥിതി ചെയ്യുന്ന മൂന്നാം വാര്‍ഡ് അംഗവും സമരസമിതി നേതാവുമായ ഷാജി പതാലില്‍ പരിസ്ഥിതിപ്രശ്‌നങ്ങളുള്ളതിനാല്‍ ജനങ്ങള്‍ പാറമടയ്ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി. തീരുമാനം ഉണ്ടാക്കുന്നതിന് മുമ്പ് ജനങ്ങളുടെ ഭാഗം കേള്‍ക്കണമെന്ന കോടതി നിര്‍ദേശം പാലിക്കപ്പെടണം.
ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളുള്ളതിനാലാണ് ജനങ്ങള്‍ സമരരംഗത്തിറങ്ങി പാറമടകള്‍ പൂട്ടിച്ചത്. മൂന്നാം വാര്‍ഡ് ഗ്രാമസഭ ചേര്‍ന്ന് ഇനി ചെമ്പന്‍മുടിയില്‍ പാറമടകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന പ്രമേയം പാസ്സാക്കിയിരുന്ന കാര്യവും ഷാജി ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്ന് സംസാരിച്ച ഭരണസമിതിയംഗം അഡ്വ.മഞ്ജീഷ് മാത്യുവാണ് കോടതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിദഗ്ധനായ അഭിഭാഷകന്റെ അഭിപ്രായം തേടിയ ശേഷമാകാം തീരുമാനം എന്ന നിര്‍ദേശം മുന്നോട്ട് വച്ചത്. ഇതിനോട് ഭരണ പ്രതിപക്ഷ അംഗങ്ങളെല്ലാം യോജിക്കുകയായിരുന്നു. പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം അറിഞ്ഞതോടെ നാട്ടുകാരും സമരക്കാരും കുപ്പായം തല്‍ക്കാലം അഴിച്ചുവെച്ചു.
ധര്‍ണയില്‍ പങ്കെടുക്കാന്‍ ചെമ്പന്‍മുടി മലയുടെ പരിസരത്തുനിന്നും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്ത്രീകളടക്കം നിരവധി അളുകള്‍ എത്തിയിരുന്നു. ജനകീയ പ്രതിരോധം മുന്നില്‍കണ്ട് പെരുനാട്, വെച്ചൂച്ചിറ സ്റ്റേഷനുകളിലെ എസ്‌ഐ മാരുടെ നേതൃത്വത്തില്‍ സായുധ പോലിസ് സ്ഥലത്ത് ക്യാംപ് ചെയ്തു. സമരസമിതി നേതാവ് സജി കൊട്ടാരത്തില്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ഷാജി ഈറയ്ക്കല്‍, പി ജെസാബു, ഡിസിസിയംഗം ലിജു ജോര്‍ജ്, ജോണ്‍സണ്‍, രജനി തോമസ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക