|    Jul 22 Sat, 2017 4:20 am
FLASH NEWS

ചെമ്പന്‍മുടിയിലെ പാറഖനനത്തിനുള്ള അനുമതി താല്‍ക്കാലികമായി റദ്ദാക്കി

Published : 8th September 2016 | Posted By: SMR

പത്തനംതിട്ട: ചെമ്പന്‍മുടി പാറമടയില്‍ ഖനനത്തിനുള്ള പഞ്ചായത്തിന്റെ അനുമതി താല്‍ക്കാലികമായി റദ്ദാക്കി. ജില്ലാ കലക്ടര്‍ ആര്‍ ഗിരിജയാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. ചെമ്പന്‍മുടിയിലെ ജനകീയപ്രക്ഷോഭത്തെ തുടര്‍ന്ന് സമരസമിതി നേതാക്കളുമായി കലക്ടറേറ്റില്‍ നടത്തിയ ചര്‍ച്ചയ്ക്ക്് ശേഷമാണ് കലക്ടര്‍ തീരുമാനമറിയിച്ചത്. എന്നാല്‍, ഹൈക്കോടതി നിര്‍ദേശം പാലിക്കുന്നതിനായി പാറമടയില്‍ പൊട്ടിച്ചിട്ട കല്ലുനീക്കാന്‍ അനുമതി നല്‍കി. പ്രദേശത്തെ വിഷയങ്ങള്‍ മനസ്സിലാക്കാന്‍ ചെമ്പന്‍മുടി സന്ദര്‍ശിക്കുമെന്നും കലക്ടര്‍ അറിയിച്ചു. ചെമ്പന്‍മുടിയില്‍ പാറഖനനത്തിന് കഴിഞ്ഞ ജൂലൈയില്‍ നാറാണംമൂഴി പഞ്ചായത്ത് അനുമതി നല്‍കിയിരുന്നു. ഈ തീരുമാനമാണ് കലക്ടര്‍ താല്‍ക്കാലികമായി തടഞ്ഞത്. കലക്ടറുടെ ഭാഗത്തുനിന്നും ഇനിയൊരു  തീരുമാനമുണ്ടാകും വരെ ഖനനം അനുവദിക്കില്ല. ഓണത്തിന് ശേഷം 19ന് പാറനീക്കം തുടങ്ങും. നിലവില്‍ നാലു ലോഡുകളാണ് ഇവിടെനിന്നും കൊണ്ടുപോയത്. 499 ലോഡ് കല്ലാണ് ഇനിയും അവശേഷിക്കുന്നത്. ഇത് 30 ദിവസം കൊണ്ട് കൊണ്ടുപോവാനും നിര്‍ദേശിച്ചിട്ടുണ്ട്. ചരക്കുനീക്കം നിരീക്ഷിക്കാന്‍ സമരസമിതി, വില്ലേജ് അധികാരികള്‍, പോലിസ്, മൈനിങ് ആന്റ് ജിയോളജി എന്നിവരുടെ പ്രതിനിധികള്‍ ഉണ്ടാവണമെന്ന സമിതിയുടെ ആവശ്യവും കലക്ടര്‍ അംഗീകരിച്ചു. കോടതി ഉത്തരവ് പാലിക്കാന്‍ സമിതി സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. പഞ്ചായത്ത് ലൈസന്‍സ് നല്‍കിയതിന് ശേഷമാണ് ഖനനം വീണ്ടും തുടങ്ങിയത്. ഖനനത്തിന് അനുമതിക്കായി ഉടമ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച് വിശ്വാസ്യത ഉറപ്പാക്കും. കലക്ടര്‍ തന്നെയാവും ഇത് പരിശോധിക്കുക. മുന്‍കാല അനുമതികള്‍ക്ക് കാരണമായ നിബന്ധനകള്‍ പാലിച്ചിട്ടുണ്ടോന്നും പരിശോധിക്കും. പാറമടയുടെ പ്രവര്‍ത്തനത്തിന് ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവരുടെ അനുമതിയില്ലെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക