|    Aug 21 Mon, 2017 10:19 am

ചെമ്പട്ടണിഞ്ഞ് മട്ടന്നൂര്‍ ; യുഡിഎഫിന് ആഘാതം

Published : 11th August 2017 | Posted By: fsq

 

മട്ടന്നൂര്‍: പ്രചാരണത്തില്‍ കണ്ട വാശിയൊന്നും തന്നെ ജനവിധിയില്‍ പ്രതിഫലിച്ചില്ലെന്നതിന്റെ നേര്‍സാക്ഷ്യമാണു മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പിലെ ഫലം പുറത്തുവന്നപ്പോള്‍ വ്യക്തമായത്. ഇടതുമുന്നണിയുടെ ഉരുക്കുകോട്ടയില്‍ ഒരുതരം ഇളക്കവുമില്ലെന്നു മാത്രമല്ല, യുഡിഎഫ് ക്യാംപിന് ആഘാതമേല്‍പ്പിച്ചാണ് മട്ടന്നൂര്‍ നഗരഭരണം അഞ്ചാമതും അരക്കിട്ടുറപ്പിച്ചത്. വിമാനത്താവളം ഉള്‍പ്പെടെയുള്ള വന്‍കിട വികസനത്തിനു കാതോര്‍ക്കുന്ന മട്ടന്നൂര്‍, സംസ്ഥാനഭരണത്തിനു സമ്പൂര്‍ണ പിന്തുണ കൂടി അര്‍പ്പിച്ചെന്നാണു തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. അതേസമയം, യുഡിഎഫിലെ അനൈക്യവും മുസ്‌ലിംലീഗിലെ ഗ്രൂപ്പിസവും വലതുക്യാംപിനു നല്‍കിയത് ഓര്‍ക്കാപ്പുറത്തുള്ള തിരിച്ചടിയാണ്. ആകെയുള്ള 35 അംഗ സഭയില്‍ 28 സീറ്റുകളാണു എല്‍ഡിഎഫ് നേടിയത്. കഴിഞ്ഞതവണ 14 സീറ്റുകള്‍ നേടിയ യുഡിഎഫിന് ഇക്കുറി 7 സീറ്റുകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 32 വാര്‍ഡുകളില്‍ മല്‍സരിച്ച ബിജെപിക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിനേക്കാളും കുറവുണ്ടായി. നിയമസഭയിലേക്ക് 4083 വോട്ട് നേടിയ ബിജെപിക്ക് ഇത്തവണ 3236 വോട്ടാണ് ലഭിച്ചത്. 847 വോട്ടുകളുടെ കുറവ്. മുസ്്‌ലിംലീഗ് കേന്ദ്രങ്ങളിലുണ്ടായ എല്‍ഡിഎഫ് കടന്നുകയറ്റം ആര്‍എസ്എസിനെതിരായ പ്രചാരണത്തിന്റെ പ്രതിഫലനമായാണു വിലയിരുത്തപ്പെടുന്നത്. 112 സ്ഥാനാര്‍ഥികളാണു ജനവിധി തേടിയത്. ആകെയുള്ള 35 വാര്‍ഡുകളിലായി 112 സ്ഥാനാര്‍ഥികളാണു ജനവിധി തേടിയത്. എല്‍ഡിഎഫ്-35, യുഡിഎഫ്-35, ബിജെപി 32, എസ്ഡിപിഐ-8 ജനപക്ഷം-1 കക്ഷിരഹിത-1 എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളുടെ എണ്ണം. 36330 വോട്ടര്‍മാരില്‍ 30122 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. മൊത്തം 82.91 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 1997, 2002, 2007, 2012 തിരഞ്ഞെടുപ്പുകളിലും മികച്ച ഭൂരിപക്ഷത്തോടെയാണ് ഇടതുപക്ഷം അധികാരത്തിലെത്തിയത്. ഇന്നലെ രാവിലെ 10നു മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങിയ വോട്ടെണ്ണലിന്റെ ആദ്യഫലം 10.30ഓടെ തന്നെ പുറത്തുവന്നിരുന്നു. തുടക്കം മുതല്‍ ലീഡ് ചെയ്തത് ഇടതുപക്ഷം തന്നെയായിരുന്നു. അട്ടിമറിയൊന്നും യുഡിഎഫ് ക്യാംപ് പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഇത്രയും ദയനീയമാവുമെന്നു പ്രതീക്ഷിച്ചിരുന്നില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക