|    Apr 25 Wed, 2018 12:02 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ചെപ്പടിവിദ്യകളുടെ ധനശാസ്ത്രം

Published : 17th November 2016 | Posted By: SMR

കലീം

ശാഖയില്‍ ക്ലാസെടുക്കുന്ന പ്രചാരകിനെപ്പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി 130 കോടി ഇന്ത്യക്കാര്‍ക്ക് സ്ഫുടമായ ഹിന്ദിയിലും ഗുജറാത്തി ചുവയുള്ള ഇംഗ്ലീഷിലുമായി, മൂന്നുമണിക്കൂറിനുള്ളില്‍ 500, 1000 രൂപ നോട്ടുകള്‍ വെറും കടലാസുകഷണങ്ങളായി മാറുമെന്നു പറഞ്ഞപ്പോള്‍ അത് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്കു നേരെയുള്ള ഒരു മിന്നലാക്രമണമായാണ് പല സാമ്പത്തിക വിദഗ്ധരും വിലയിരുത്തിയത്. ശത്രുവിനെയാണു നാം ആക്രമിക്കാറ്. ഒരുപാട് ദുരൂഹതകളും സംശയങ്ങളുമുള്ള മുമ്പത്തെ മിന്നലാക്രമണത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെടുന്നത് രാജ്യദ്രോഹമാണെന്ന് നേരത്തേ ‘രാജ്യസ്‌നേഹികള്‍’ പറഞ്ഞുവച്ചതിനാല്‍ ഒരുമാതിരി മനുഷ്യരൊക്കെ അതുസംബന്ധിച്ച് വളരെ ശ്രദ്ധിച്ചാണ് അഭിപ്രായം പറഞ്ഞത്. ദേശീയ സുരക്ഷ എന്നു പറഞ്ഞാല്‍ സഖാവ് പിണറായി വിജയന്‍ വരെ മൗനിയാവുന്ന നാടാണ് ഇന്ത്യ. മോദിയുടെ പുതിയ നീക്കത്തിലും തീവ്രവാദം, ഭീകരത തുടങ്ങിയ ഉപദംശങ്ങള്‍ ചേര്‍ത്തിയിരുന്നു. എന്നാലും രണ്ടാമത്തെ മിന്നലാക്രമണം പിറ്റേദിവസം തന്നെ വിമര്‍ശനവിധേയമായി. കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ രാജ്‌നാഥ് സിങും അരുണ്‍ ജെയ്റ്റ്‌ലിയും ആര്‍ബിഐയിലെ മുഖമില്ലാത്ത ബ്യൂറോക്രാറ്റുകളും വിമര്‍ശനശരങ്ങള്‍ ഏറ്റുകൊള്ളട്ടെ എന്നു കരുതിയാണ് മോദി ജപ്പാനിലേക്ക് വിമാനം കയറിയതും ജപ്പാന്‍ നഗരമായ കോബെയില്‍ വച്ചു കള്ളപ്പണത്തിനെതിരേ രണ്ടാം പാനിപ്പത്ത് യുദ്ധം പ്രഖ്യാപിച്ചതും എന്നു കരുതുന്നതില്‍ തെറ്റില്ല.
ഹിന്ദുത്വ പ്രചാരണ വിഭാഗം കറന്‍സി നോട്ടുകള്‍ റദ്ദാക്കുന്നത് സംഘിധീരതയുടെ ഒന്നാന്തരമൊരു ദൃഷ്ടാന്തമായി കൊട്ടിഘോഷിക്കുമ്പോഴാണ് മോദി പ്രഖ്യാപിച്ച പദ്ധതിയില്‍ പതിര് കൂടുതലുണ്ടെന്ന കാര്യം പുറത്തുവന്നത്. ഒന്നാമതായി, ഇന്ത്യയിലെത്ര കള്ളപ്പണമുണ്ടെന്ന കണക്കു തന്നെ പ്രശ്‌നമായിരുന്നു. വളരെ കൃത്യമായി എത്ര പണം പൂഴ്ത്തിവച്ചു എന്നു പറയുക ബുദ്ധിമുട്ടാണെങ്കിലും ലോകബാങ്ക് പറയുന്നത് 35 ലക്ഷം കോടിയാണെന്നാണ്. അതില്‍ പ്രധാന ഭാഗം സൂക്ഷിച്ചുവച്ചിരിക്കുന്നത് വിദേശത്തും. പല പേരുകളിലുള്ള അക്കൗണ്ടുകളിലായി പല നാടുകളില്‍ ഇന്ത്യക്കാര്‍ പണം ഒളിച്ചുവച്ചതിന്റെ കണക്കുകള്‍ കഴിഞ്ഞ ഏപ്രിലില്‍ പാനമരേഖകള്‍ പുറത്തുവിട്ടിരുന്നു. അതില്‍ മഞ്ഞിലും മഴയിലും അതിര്‍ത്തി കാക്കുന്ന വീരജവാനെപറ്റി ഓര്‍ത്ത് ഉറക്കമിളയ്ക്കുന്ന അമിതാഭ് ബച്ചന്‍ തൊട്ടുള്ള മഹാന്മാരൊക്കെയുണ്ട്. 500ലധികം പേര്‍ എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. വിനോദ് അദാനി, ഡിഎല്‍എഫിന്റെ കെ പി സിങ്- അങ്ങനെ ഭരണകൂടവുമായി ചേര്‍ന്നുനില്‍ക്കുന്ന പലരും കരിമ്പട്ടികയിലുണ്ട്.
കള്ളപ്പണ വ്യവസ്ഥയെ സമാന്തര സമ്പദ്‌വ്യവസ്ഥയെന്നു വിളിക്കരുതെന്നും അതുതന്നെയാണ് മുഖ്യധാരയെന്നും കരുതുന്ന സാമ്പത്തിക വിദഗ്ധന്മാരുണ്ട്. ഇന്ത്യയെപ്പോലെ കാശിന്റെ അടിസ്ഥാനത്തിലുള്ള ക്രയവിക്രയങ്ങള്‍ കൂടുതല്‍ നടക്കുന്ന ഏതു രാജ്യത്തും എന്തു നടന്നാലും അതിലൊരു ഭാഗം കള്ളപ്പണമായിരിക്കും. അതു മാറ്റിയെടുക്കാന്‍ സന്നദ്ധതയുള്ളവര്‍ അധികാരത്തില്‍ വരില്ല. കാരണം, തിരഞ്ഞെടുപ്പു തന്നെ കള്ളപ്പണത്തെ ആശ്രയിക്കുന്നു. നോട്ടുകള്‍ ഒരു രാത്രി അസാധുവായി പ്രഖ്യാപിക്കുന്നതിനു മുമ്പ് യഥാര്‍ഥ കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ മോദി ഭരണകൂടം വലിയതോതില്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങള്‍ എവിടെയുമില്ല. കള്ളപ്പണക്കാരും രാഷ്ട്രീയനേതാക്കളും ഒരമ്മപെറ്റ മക്കളാണ്.
ഇന്ത്യന്‍ പണച്ചാക്കുകള്‍ക്ക് മൊറീഷസുമായുള്ള ബന്ധം വലിയ രഹസ്യമല്ല. കുറച്ചു മുമ്പ് അദാനി ഗ്രൂപ്പിനു വേണ്ടി 6000 കോടി രൂപയുടെ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്ത വകയില്‍ കമ്പനി 8000 കോടി രൂപയാണ് തട്ടിപ്പു നടത്തി മൊറീഷസിലെത്തിച്ചത്. അതു സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് റിപോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. അതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനെ ഒരു കള്ളക്കേസുണ്ടാക്കി ജയിലിലടച്ചാണ് മോദി സുഹൃത്തിനെ രക്ഷിച്ചത്. തൊട്ടുപിന്നാലെ രണ്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സ്ഥിരീകരിക്കാത്ത ഒരു കണക്കനുസരിച്ച്, സ്വറ്റ്‌സര്‍ലന്‍ഡില്‍ മാത്രം കള്ളപ്പണം 106 ലക്ഷം കോടി ഡോളറാണ്. ഇന്ത്യയുടെ ഒരു ധനകാര്യ സേവനകേന്ദ്രം എന്നു വിളിക്കാവുന്ന മൊറീഷസ് കേന്ദ്രീകരിച്ചു നടക്കുന്ന കള്ളപ്പണ ഇടപാട് ഇതിലൊന്നും വരില്ല. ഒരിക്കല്‍ ഹോങ്കോങ് ആന്റ് ഷാങ്ഹായ് ബാങ്കിലുള്ള നിക്ഷേപങ്ങളെപ്പറ്റി ബാങ്ക് തന്നെ ഇന്ത്യാ ഗവണ്‍മെന്റിന് വിവരങ്ങള്‍ കൈമാറിയിരുന്നു. സ്വിസ് ബാങ്കിങ് വിദഗ്ധനായ ഹെര്‍വെ ഫാല്‍ച്ചിയാനി പണം പുറത്തേക്ക് കടത്തുന്നതിനു സഹായിക്കുന്ന, അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ വിശദവിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. സ്വിസ് അക്കൗണ്ട് സൂക്ഷിക്കുന്ന ഇന്ത്യക്കാരെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കാന്‍ ഫാല്‍ച്ചിയാനി സന്നദ്ധത പ്രകടിപ്പിച്ചുവെങ്കിലും ഇന്ത്യന്‍ ഭരണകൂടം താല്‍പര്യം കാണിച്ചില്ല. വലതുപക്ഷ രാഷ്ട്രീയത്തിനു ധനസഹായം ചെയ്യുകയും അതിന്റെ കൊള്ളലാഭം പൊതുസമ്പത്തില്‍ നിന്ന് തട്ടിയെടുക്കുകയും ചെയ്യുന്ന അതിസമ്പന്നര്‍ പിണങ്ങുന്നത് പന്തിയല്ലെന്ന് അറിയാത്തവരല്ലല്ലോ നാഗ്പൂരില്‍ ജീവിക്കുന്നത്.
ഇപ്പോള്‍ പണം ചാക്കില്‍ക്കെട്ടി പരണത്തുവച്ചവരൊക്കെ കെണിയിലായി എന്ന മട്ടിലായിരുന്നു ചില ഹിന്ദുത്വരാഷ്ട്രീയക്കാരുടെ പ്രചാരണം. അതു തെറ്റായിരുന്നു. ഏപ്രില്‍ ഒന്നു തൊട്ട് ഒക്ടോബര്‍ 31 വരെ കള്ളപ്പണക്കാര്‍ക്ക് പ്രത്യേക സൗജന്യം നല്‍കിക്കൊണ്ട് 7700 കോടി രൂപയാണ് സര്‍ക്കാരിനു ലഭിച്ചത്. എന്നാല്‍ അതില്‍ അഞ്ചുശതമാനം മാത്രമായിരുന്നു കറന്‍സി നോട്ടുകള്‍. 2015-16ല്‍ അതുപോലെയുള്ള ഒരു സ്‌കീം പ്രകാരം പുറത്തുവന്ന കള്ളപ്പണത്തില്‍ ആറുശതമാനമായിരുന്നു 500, 1000 രൂപ നോട്ടുകള്‍. ആദായനികുതി വകുപ്പുകള്‍ കറന്‍സി എന്നതില്‍ സ്വര്‍ണവും ഉള്‍പ്പെടുത്തുന്നതിനാല്‍ യഥാര്‍ഥ നോട്ടുകള്‍ അതിലും കുറവാകും. കള്ളപ്പണം നോട്ടുകളായി സൂക്ഷിക്കാനുള്ള ബുദ്ധിമുട്ട് ഏവര്‍ക്കുമറിയാം. ഒരു കോടി രൂപയുടെ ആയിരം രൂപ നോട്ടിന് ഏതാണ്ട് 13 കിലോഗ്രാം ഭാരം വരും. അപ്പോള്‍ 100 കോടി രൂപ സൂക്ഷിച്ചുവയ്ക്കുന്നതിന്റെ പ്രയാസം എത്രയുണ്ടെന്ന് ഊഹിച്ചാല്‍ മതി. ധനകാര്യ വകുപ്പ് തന്നെ പറയുന്നത്, റിയല്‍ എസ്റ്റേറ്റിലൂടെയും ബിനാമി കമ്പനികളിലൂടെയുമാണ് കള്ളപ്പണം കമ്പോളത്തിലെത്തുന്നതെന്നാണ്. ചെറിയ നോട്ടുകള്‍ അച്ചടിച്ചിറക്കുന്നതില്‍ റിസര്‍വ് ബാങ്ക് വലിയ പിശുക്ക് കാണിക്കുന്നത് നമുക്കറിയാം. 10 രൂപയ്ക്കു താഴെയുള്ള നാണയങ്ങള്‍ വരെ ഡല്‍ഹിയില്‍ മാത്രമേ ആവശ്യത്തിനു ലഭിക്കൂ! ഇപ്പോള്‍ എടുത്ത ബുദ്ധിശൂന്യമായ നടപടി ബാധിക്കുന്നത് യഥാര്‍ഥ കള്ളപ്പണക്കാരെയല്ല എന്നു വ്യക്തം. ചിലര്‍ക്കൊക്കെ വിവരം മുന്‍കൂട്ടി ലഭിച്ചതിന്റെ സൂചനകള്‍ ക്രമേണ പുറത്തുവന്നുതുടങ്ങി. കഴിഞ്ഞ ഏപ്രിലില്‍ ഒരു ഗുജറാത്തി പത്രം 500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കുന്ന വിവരം പ്രസിദ്ധീകരിച്ചിരുന്നു. അസാധാരണമായ വിധത്തില്‍ മോദിയുടെ മിന്നലാക്രമണത്തിനു മുമ്പ് ബാങ്കുകളില്‍ പണമെത്തിയിരുന്നു. മുകേഷ് അംബാനി അറിയാതെ രാജ്യത്ത് അതിപ്രധാനമായ ഒരു സാമ്പത്തികനടപടി ഉണ്ടാവുമെന്നു വിശ്വസിക്കുന്നവര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് റിലയന്‍സുമായുള്ള ബന്ധത്തിന്റെ ആഴമറിയാത്ത ശുംഭന്മാരാണ്.
പൊതുമേഖലാ ബാങ്കുകള്‍ വന്‍ വ്യവസായികള്‍ക്കു നല്‍കിയ വായ്പകള്‍ തിരിച്ചുപിടിക്കുന്നതിന് ശ്രമിച്ചതാണ് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്റെ കാലാവധി നീട്ടിക്കൊടുക്കാതിരിക്കാനുള്ള പ്രധാന കാരണം എന്നു കേള്‍ക്കുന്നുണ്ട്. വിജയ് മല്യയെപ്പോലെയുള്ള ഒരു തട്ടിപ്പുകാരന്റെ കഥ മാത്രമേ ജനങ്ങള്‍ക്കറിയൂ. ഇന്ത്യയിലെ പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങളെ ആശ്രയിച്ചാണ് പല പ്രമുഖ വ്യവസായികളും തങ്ങള്‍ക്ക് വേണ്ടത്ര ഓഹരിയില്ലാത്ത കമ്പനികള്‍ നിയന്ത്രിക്കുന്നത്. ഒരു കണക്കുപ്രകാരം ആറുലക്ഷം കോടി രൂപയാണ് ഇങ്ങനെ കിട്ടാക്കടമായി നില്‍ക്കുന്നത്. കുറച്ച് ആഴ്ചകള്‍ക്കു മുമ്പാണ് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളൊക്കെ പാപ്പരാണെന്നും ഒന്നേകാല്‍ ലക്ഷം കോടി രൂപ അവര്‍ക്ക് അടിയന്തരമായി വേണ്ടിവരുമെന്നും യുഎസ് റേറ്റിങ് ഏജന്‍സിയായ മുഡീസ് റിപോര്‍ട്ട് ചെയ്തത്. രാജ്യം ഭരിക്കുന്ന വന്‍ സമ്പന്നര്‍ അവരുടെ ബാങ്ക് വായ്പ തിരിച്ചടച്ചാല്‍ മാത്രം തല്‍ക്കാലം നമ്മുടെ സാമ്പത്തികപ്രതിസന്ധി തീരുമായിരുന്നു. അത്തരം നീക്കങ്ങള്‍ക്കു ശേഷിയുള്ളവരല്ല ഡല്‍ഹി ഭരിക്കുന്നത്. നാടകീയത മുറ്റിയ നീക്കങ്ങളിലൂടെ ജനങ്ങളെ നിയന്ത്രിക്കുക എന്നതാണ് അവര്‍ക്ക് കൂടുതല്‍ ഇഷ്ടം.
കള്ളനോട്ടുകള്‍ തടയുക എന്ന ലക്ഷ്യംവച്ചാണ് ഈ നടപടിയെന്ന വിശദീകരണം ഇപ്പോഴത്തെ 500 രൂപ നോട്ട് പോലെ എടുക്കാച്ചരക്കാണ്. കള്ളനോട്ട് എന്നത് മനുഷ്യന്‍ കടലാസ് കറന്‍സി അടിക്കുന്ന അന്നു തുടങ്ങിയതാണ്. കള്ളനോട്ടുകള്‍ എവിടെനിന്നു വരുന്നു, ആരത് നിര്‍മിക്കുന്നു എന്നതു സംബന്ധിച്ച പ്രചാരണങ്ങള്‍ മുഴുവന്‍ ശരിയാവണമെന്നില്ല. പാകിസ്താന്‍ ഉയര്‍ന്ന മൂല്യമുള്ള ഇന്ത്യന്‍ കറന്‍സിയുടെ വ്യാജന്‍ ഇറക്കുന്നുണ്ടാവും. ഇന്ത്യ പാകിസ്താന്‍ കറന്‍സിയുടെ വ്യാജന്‍ ഇറക്കുന്നുവെന്നാണ് പാക് ഭരണകൂടത്തിന്റെ പരാതി. രണ്ടു കൂട്ടരും പറയുന്നത് ശരിയാണെന്നു കരുതുന്നതാണ് ന്യായം. വടക്കന്‍ കൊറിയ വ്യാജ ഡോളര്‍ നോട്ട് ആഗോള കമ്പോളത്തിലിറക്കിയെന്ന് അമേരിക്ക പരാതിപ്പെടാറുണ്ട്. ഇന്ത്യയില്‍ കള്ളനോട്ട് രാജ്യത്തെ ക്രിമിനല്‍ സംഘങ്ങള്‍ നിര്‍മിച്ച് ഇറക്കുന്നുണ്ട്. ഭരണകൂടങ്ങള്‍ സാധാരണ കള്ളനോട്ട് തടയുന്നതിനു സ്വീകരിക്കുന്ന മാര്‍ഗം യഥാര്‍ഥ നോട്ടിലുള്ള സുരക്ഷാതന്ത്രങ്ങള്‍ വിപുലീകരിക്കുകയും അവ സങ്കീര്‍ണമാക്കുകയുമാണ്. യുഎസ് ഡോളറും ബ്രിട്ടിഷ് പൗണ്ടുമൊക്കെ ഇടയ്ക്കിടെ ഇങ്ങനെ ചെയ്യുന്നു. എളുപ്പം അനുകരിക്കാനാവാത്ത പ്ലാസ്റ്റിക് നോട്ടുകള്‍ വരെ ചില നാടുകളില്‍ പ്രചാരത്തിലുണ്ട്. ഇന്ത്യന്‍ നോട്ടുകള്‍ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ മുമ്പിലാണെന്നായിരുന്നു ഇതുവരെ കരുതപ്പെട്ടിരുന്നത്. എന്നാല്‍ മധ്യപ്രദേശിലെ സെക്യൂരിറ്റി പ്രസ്സില്‍നിന്ന് അടിച്ച 500 രൂപ നോട്ടുകളില്‍ സുരക്ഷാ നൂലില്ലാത്തതിന് ഏതാനും ഉദ്യോഗസ്ഥരെ ഈയിടെ സസ്‌പെന്‍ഡ് ചെയ്തതില്‍ നിന്ന് അക്കാര്യത്തില്‍ കമ്മട്ടങ്ങള്‍ കാണിക്കുന്ന കെടുകാര്യസ്ഥത പുറത്തുവന്നു. കുറച്ചു മുമ്പാണ് അതേ കമ്മട്ടത്തില്‍ അടിച്ച നോട്ടുകളില്‍ അറബി അക്ഷരങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. തീവ്രവാദികള്‍ പ്രസ്സില്‍ നുഴഞ്ഞുകയറിയതായിരുന്നില്ല ഇതിനു കാരണം. സുരക്ഷാ നൂല്‍ വിതരണം ചെയ്യുന്ന കമ്പനി അല്‍ജീരിയന്‍ ദിനാര്‍ അടിക്കുന്നതിന് ഉപയോഗിക്കുന്ന നൂല്‍ ആയിരുന്നു ഇന്ത്യയിലേക്ക് അയച്ചത്.
നോട്ടുകള്‍ പിന്‍വലിക്കുന്നതുപോലുള്ള ആത്യന്തിക നടപടികള്‍ സാധാരണ ജനാധിപത്യരാഷ്ട്രങ്ങള്‍ ജനങ്ങള്‍ക്ക് മതിയായ മുന്നറിയിപ്പും സമയവും നല്‍കിയാണ് നടപ്പാക്കാറ്. അതുതന്നെ കൂടുതല്‍ ഫലപ്രദമാവുക ബാങ്കിങ് സൗകര്യങ്ങള്‍ വേണ്ടത്രയുള്ള നാടുകളിലാണ്. ഇന്ത്യയില്‍ 65 ശതമാനത്തിലധികം പേര്‍ക്ക് ബാങ്ക് അക്കൗണ്ടില്ല. ജന്‍ധന്‍ എന്ന പേരില്‍ എന്‍ഡിഎ ഭരണകൂടം വലിയ പ്രചാരവേലയുടെ പിന്‍ബലത്തില്‍ അവതരിപ്പിച്ച പദ്ധതി പരാജയമായിരുന്നു. ഗ്രാമപ്രദേശങ്ങളില്‍ ആ വിവരംപോലും എത്തിയില്ല.
2015 മെയ് മാസത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രണ്ടരലക്ഷം ഡോളര്‍ (ഏതാണ്ട് 16 കോടി രൂപ) ഇന്ത്യയില്‍നിന്ന് പുറത്തുകൊണ്ടുപോവാന്‍ അനുമതി നല്‍കിയിരുന്നു. അതടിസ്ഥാനത്തില്‍ ഏപ്രിലിലെ ഒരു റിപോര്‍ട്ട് പ്രകാരം 460 കോടി ഡോളറാണ് പുറത്തേക്കു പോയത്. 2015 ജൂണ്‍ തൊട്ട് വളരെ പെട്ടെന്ന് പുറത്തേക്കുള്ള ഒഴുക്കിനു വേഗം കൂടി. യുപിഎ ഭരണകാലത്ത് 75,000 ഡോളര്‍ പുറത്തേക്കയക്കാനുള്ള അനുമതിയേ ഉണ്ടായിരുന്നുള്ളൂ. പൊതുവില്‍ മൂലധന കേന്ദ്രീകൃതമായ വികസനത്തിനാണ് ബിജെപി അടക്കമുള്ള വലതുപക്ഷ പ്രസ്ഥാനങ്ങള്‍ മുന്‍ഗണന നല്‍കാറ്. നീതി ആയോഗിലെ അരവിന്ദ് പാനഗാരിയ അമേരിക്കയില്‍ അധ്യാപനം നടത്തുന്ന ജഗദീഷ് ഭഗവതിയെപ്പോലെ നവലിബറല്‍ വികസനത്തിന്റെ വക്താവാണ്. അതിനാല്‍ തന്നെ പൊതുവില്‍ രാജ്യത്തെ വന്‍ കുത്തകകളെ സഹായിക്കുന്നതിനാണ് ഭരണകൂടം മുന്‍ഗണന നല്‍കുന്നത്. വന്‍ മുതലാളിമാര്‍ക്ക് രാഷ്ട്രത്തിന്റെ സാമ്പത്തികനയങ്ങള്‍ തീരുമാനിക്കുന്നതില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കും നീതി ആയോഗിലെ ധനശാസ്ത്രജ്ഞര്‍ക്കും ഉള്ളതിനേക്കാള്‍ പ്രാമുഖ്യമുണ്ട്.
ഏതാണ്ട് 15 ലക്ഷം 500, 1000 രൂപ നോട്ടുകള്‍ പ്രചാരത്തിലുണ്ട്. മൊത്തം തുക ഏതാണ്ട് 16 ലക്ഷം കോടി രൂപ വരും. അപ്പോള്‍ ഇപ്പോഴത്തെ മിന്നലാക്രമണത്തിന്റെ ക്രൂരത മനസ്സിലാവും. 65 ശതമാനം പേര്‍ക്കു കൂലിയായും ശമ്പളമായും ചരക്കുകള്‍ വിറ്റ വകയിലും ലഭിക്കുന്നത് 500, 1000 രൂപ നോട്ടുകളാണ്. ചെറിയ നോട്ടുകള്‍ പ്രചാരത്തിലില്ലാത്തതാണു കാരണം. മൊത്തം വാര്‍ഷികോല്‍പാദനത്തില്‍ ഏതാണ്ട് 25 ശതമാനം കള്ളപ്പണമാണെന്ന വിലയിരുത്തലുണ്ട്. 2015ല്‍ നമ്മുടെ മൊത്തം ആഭ്യന്തരോല്‍പാദനം 12,65,00,000 കോടിയായിരുന്നു. മൊത്തം കള്ളപ്പണം ഏറക്കുറേ 35 ലക്ഷം കോടി. അതില്‍ തന്നെ 500ഉം 1000ഉം നോട്ടുകള്‍ യഥാക്രമം 1650 കോടിയും 670 കോടിയുമാണ്. രൂപ കണക്കില്‍ 1,49,500 കോടി രൂപ. അതില്‍ തന്നെ 25 ശതമാനം കള്ളപ്പണമാണെങ്കില്‍ 3.75 ലക്ഷം കോടി രൂപ കമ്പോളത്തില്‍നിന്ന് ഇല്ലാതാവും. അതായത്, 35 ലക്ഷം കോടി കള്ളപ്പണത്തിന്റെ ഏതാണ്ട് 15 ശതമാനം.
അതിനാണ് ഇന്ത്യയിലെ മഹാഭൂരിപക്ഷം സാധാരണക്കാരുടെ കൊങ്ങയ്ക്കുപിടിക്കാന്‍ മോദിയും കൂട്ടരും രംഗത്തുവന്നത്. മുന്‍ എന്‍ഡിഎ ഭരണകൂടത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിനു നേതൃത്വം കൊടുത്ത അരുണ്‍ ഷൂരി, ഭാര്യയും കുടുംബവുമില്ലാത്ത ഒരാള്‍ രാജ്യഭരണം കൈയാളുമ്പോള്‍ കാരുണ്യസ്പര്‍ശമുണ്ടാവില്ല എന്ന് ട്വിറ്ററിലോ മറ്റോ കുറിക്കുന്നു. അത് വെറും കെറുവുകൊണ്ട് മാത്രമായിരിക്കില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss