|    Jan 24 Tue, 2017 12:30 am

ചെന്നൈ പ്രളയദിനങ്ങള്‍ക്കു ശേഷം

Published : 5th January 2016 | Posted By: SMR

ഡോ. ഒ കെ സന്തോഷ്

ഒന്നര വര്‍ഷമായി തുടരുന്ന ചെന്നൈ നഗരത്തിലെ ജീവിതം, അസാധാരണവും അപ്രതീക്ഷിതവുമായ അനുഭവങ്ങളെ കൂടെ ചേര്‍ത്തതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തെ മുഖാമുഖം കണ്ടതെന്നു പറയാം. ഡിസംബര്‍ 1നും 2നും ഇടയില്‍ പെയ്തുതീര്‍ന്ന 313 എംഎം മഴ 1901ല്‍ പെയ്ത 261.6 എംഎം മഴയെയും കവിഞ്ഞുനില്‍ക്കുന്നതിനാലാണ് ചരിത്രത്തിലെത്തന്നെ വലിയ വെള്ളപ്പൊക്കം എന്നു വിശേഷിപ്പിച്ചത്. ഒരുപക്ഷേ, ഒരു നൂറ്റാണ്ടിനപ്പുറത്തെ മദിരാശി ഇന്നത്തേതില്‍ നിന്ന് എത്ര വ്യത്യസ്തവും ജനസാന്ദ്രത കുറവുമായിരുന്നു എന്നോര്‍ക്കുമ്പോള്‍ കഴിഞ്ഞയാഴ്ചയില്‍ ചെന്നൈ നേരിട്ട ദുരന്തത്തിന്റെ ആഴം ഊഹിക്കാനാവും.
നവംബറിലെ ആദ്യദിനങ്ങളില്‍ ഓരോ കപ്പ് വെള്ളവും എണ്ണിക്കൊണ്ട് തലയില്‍ ഒഴിച്ചിരുന്ന എട്ടു മില്യന്‍ നഗരവാസികളില്‍ ഒരാള്‍ മാത്രമായിരുന്നു ഞാനും. മെട്രോ തണ്ണി വരുന്ന നീല ടാങ്കര്‍ ലോറിയുടെ പിന്നില്‍ വരിവരിയായി വിവിധ നിറങ്ങളിലുള്ള കുടങ്ങളുമായി നില്‍ക്കുന്നവരുടെ ഉച്ചത്തിലുള്ള പേശല്‍ അര്‍ധരാത്രി വരെ ചിലപ്പോള്‍ നീളും. വെള്ളം കിട്ടാതെ കാലിക്കുടവുമായി ജീവിതത്തെത്തന്നെ പഴിച്ചു തിരിച്ചുവരുന്നവരുടെ മുഖം കാണുമ്പോള്‍, മുല്ലപ്പെരിയാറിലെ വെള്ളത്തിനു വേണ്ടി ഏതറ്റംവരെയും പോവാനുള്ള തമിഴ്‌നാടിന്റെ തീരുമാനത്തിന്റെ അര്‍ഥം മലസ്സിലാവും. ഉറക്കമൊഴിഞ്ഞു തെരുവുകളില്‍ ബോര്‍വെല്ലിനു ചുറ്റും കലമ്പല്‍ കൂട്ടുന്ന മനുഷ്യരെ കണ്ടുകൊണ്ടാണ് കഴിഞ്ഞ മാസങ്ങളില്‍ ജീവിതം തുടങ്ങുന്നതുതന്നെ.
തുടര്‍ച്ചയായ മഴ തമിഴ്‌നാടിന് അപരിചിതമായ അനുഭവമായതുകൊണ്ടുതന്നെ മഴക്കാലത്തെക്കുറിച്ചുള്ള കേരളീയ സങ്കല്‍പങ്ങള്‍ക്കു വെളിയിലാണ് ഇവിടത്തെ ഓരോ മണ്‍സൂണ്‍ കാലവും മുന്നോട്ടുപോവുന്നത്. വളരെ പെട്ടെന്നു പെയ്‌തൊഴിയുന്ന കാലാവസ്ഥയെന്നു വിശേഷിപ്പിക്കാവുന്ന വിധത്തിലാണ് അതിന്റെ വരവും പോക്കും. നവംബറിലെ ആദ്യ ആഴ്ചയിലെ മഴയെയും തുടക്കത്തില്‍ അങ്ങനെ കാണാനാണ് എല്ലാവരും ശ്രമിച്ചത്. ചെന്നൈയിലെ ഏറ്റവും മനോഹരമായ കാഴ്ചകളില്‍ ഒന്നാണ് ബാല്‍ക്കണികളില്‍ നിന്നുകൊണ്ട് മഴ കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന കുട്ടികളുടെ ജീവിതം. അപൂര്‍വമായ അനുഭവം പോലെ ഒരു കുടയ്ക്കു കീഴില്‍ ചേര്‍ത്തുപിടിച്ചുകൊണ്ടു നടക്കുന്ന ചെറുപ്പക്കാരെ മറീന ബീച്ചില്‍ പതിവായി കാണുന്നതും ഇക്കാലത്തുതന്നെ.
എന്നാല്‍, പതിവുകാഴ്ചകളെയെല്ലാം നക്കിയെടുത്ത് ഇടതടവില്ലാതെ പെയ്ത മഴ അതിന്റെ കാല്‍പനികമായ മുഖത്തിനു പകരം രൗദ്രമാവാന്‍ തുടങ്ങിയത് എല്ലാവരെയും അദ്ഭുതപ്പെടുത്തി. കടുത്ത ജലക്ഷാമത്തിനു പരിഹാരമാവുമല്ലോ എന്ന ചിന്തയില്‍ കുടുങ്ങാന്‍ കഴിയുന്നതിനു മുമ്പുതന്നെ നഗരജീവിതത്തിന്റെ താളം അവിശ്വസനീയമായ വിധത്തില്‍ തെറ്റാന്‍ തുടങ്ങി. പൊതുവേ നഗരത്തിലെ ചെറിയ വെള്ളക്കെട്ടു പോലും സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിനാല്‍ ആദ്യം കിട്ടിയ അവധിദിനങ്ങള്‍ കുട്ടികളെ സന്തോഷിപ്പിച്ചു. തെരുവുകളില്‍ ഓടിക്കളിച്ചും വെള്ളക്കെട്ടുകളുടെ ഫോട്ടോയെടുത്ത് വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു ടെക്കികളും കാംപസുകളിലെ യുവത്വവും താല്‍ക്കാലികമായ മഴയനുഭവം പങ്കിട്ടു. ഡിസംബറിലെ ആദ്യ ദിവസങ്ങള്‍ ആപല്‍ക്കരമായ വിധത്തില്‍ നഗരത്തെ ബാധിച്ചു. ചെന്നൈ, കടലൂര്‍, കാഞ്ചീപുരം ജില്ലകളില്‍ പെയ്ത മഴ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ ദുരന്തങ്ങള്‍ നഗരത്തിനു സമ്മാനിച്ചു.
ഞങ്ങളുടെ തെരുവില്‍ മാരിയമ്മന്‍ കോവിലിനു സമീപത്തുള്ള സാധാരണക്കാരുടെ വീടുകളില്‍ അന്നത്തെ രാത്രിയില്‍ ആരും ഉറങ്ങിയിട്ടില്ല; സ്വാഭാവികമായ ഉള്‍പ്രേരണയാലാവാം. ചെമ്മരമ്പാക്കം തടാകം തുറന്നുവിട്ട ആ രാത്രി കനത്ത മഴയോടൊപ്പം അസാധാരണമായ വിധത്തില്‍ ഉയര്‍ന്ന വെള്ളത്തെ മണല്‍ച്ചാക്കുകള്‍ കൊണ്ടും ചെറിയ ഇഷ്ടികകള്‍ വച്ചും പ്രതിരോധിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. വൈദ്യുതിയും വെള്ളവും ഭക്ഷണസാധനങ്ങളും ഒന്നും കിട്ടാത്ത ദിവസങ്ങളിലേക്ക് നഗരത്തിലെ ഐടി ഹബ്ബുകളായ വേളചേരിയും താംബരവുമൊക്കെ മാറി.
പുറത്തിറങ്ങാന്‍ കഴിയാത്തവിധത്തില്‍ കുടുങ്ങിപ്പോയ അരക്ഷിതരായ ലക്ഷക്കണക്കിന് ആളുകളില്‍ താരതമ്യേന അപകടം കുറഞ്ഞ സ്ഥലത്തു ജീവിച്ചയാളെന്ന നിലയ്ക്ക്, ദിവസങ്ങള്‍ക്കു ശേഷം പത്രം കാണുമ്പോഴാണ് താറുമാറായ നഗരജീവിതത്തിന്റെ ദുരന്തമുഖങ്ങള്‍ വ്യക്തമായി അറിയുന്നത്. ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും, വിശേഷിച്ചു കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച പാരിസ് കോണ്‍ഫറന്‍സിന്റെ പശ്ചാത്തലത്തില്‍ സംഭവിച്ച ദുരന്തമെന്ന നിലയ്ക്ക് എല്ലാവരും ചര്‍ച്ച ചെയ്ത കാര്യമായി ചെന്നൈ വെള്ളപ്പൊക്കം മാറിയത് മാധ്യമങ്ങളിലൂടെ അറിഞ്ഞു.
അസാധാരണവും അവിശ്വസനീയവുമായ സന്ദര്‍ഭങ്ങളെ നേരിട്ടതിന്റെ ഓര്‍മകള്‍ പങ്കിട്ട യൂനിവേഴ്‌സിറ്റിയിലെ ഇസ്‌ലാമിക് ഡിപാര്‍ട്ട്‌മെന്റ് തലവന്‍ പി കെ അബ്ദുര്‍റഹ്മാന്‍, രണ്ടാം നില വരെ വെള്ളം ഉയരുന്ന സാഹചര്യത്തില്‍ കെകെ നഗറിലെ സ്വന്തം അപാര്‍ട്ട്‌മെന്റില്‍ നിന്നു വിട്ടുപോവേണ്ടിവന്നതിനെപ്പറ്റി പറഞ്ഞു. മഴ തുടങ്ങിയ ദിവസങ്ങളില്‍ താഴത്തെ നിലയിലുള്ളവര്‍ കുട്ടികളോടൊപ്പം തങ്ങളുടെ വീട്ടില്‍ കഴിഞ്ഞതും പിന്നീട് മഴ കനത്തപ്പോള്‍ സംഭീതരായ കുട്ടികളെ സമാധാനിപ്പിക്കാന്‍ പാടുപെട്ടതും അദ്ദേഹം വിശദീകരിച്ചു. അപാര്‍ട്ട്‌മെന്റിനു പിന്നിലുള്ള മതില്‍ ഇടിഞ്ഞുവീണ് ശക്തിയോടെ വെള്ളം ഒഴുകിവന്നപ്പോള്‍ താഴത്തെ നിലയില്‍ അടച്ചിട്ട മുറിയില്‍ കുടുങ്ങിപ്പോയ നാലു നായകളെ രക്ഷപ്പെടുത്തിയ കാര്യം മനുഷ്യരില്‍ മാത്രം ശ്രദ്ധിക്കുന്ന നമ്മുടെ രക്ഷാപ്രവര്‍ത്തനങ്ങളുടെ പരിമിതിയെക്കുറിച്ച് ആലോചിക്കാന്‍ പ്രേരിപ്പിച്ചു.
വ്യാവസായിക ലോകത്തും ഐടി രംഗത്തുമുണ്ടായ സ്തംഭനാവസ്ഥ സൃഷ്ടിച്ച നഷ്ടം ഇനിയും തിട്ടപ്പെടുത്തിയില്ലെങ്കിലും ഓരോ വീടിനും അനുബന്ധമായി ചെലവഴിക്കേണ്ടിവരുന്ന തുക വളരെയധികമാണെന്ന റിപോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു. ശരാശരി മധ്യവര്‍ഗ കുടുംബത്തിന്റെ നഷ്ടങ്ങളെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍ നടക്കുന്നതെങ്കിലും സാധാരണക്കാരുടെ ജീവിതം കടുത്ത അരക്ഷിതാവസ്ഥയിലേക്കു മാറിക്കഴിഞ്ഞിരിക്കുന്നു. ചെറുകിട വഴിയോര കച്ചവടക്കാര്‍ ഏറെയുള്ള നഗരത്തില്‍ ഒരാഴ്ചക്കാലത്ത് അവരുടെ സാന്നിധ്യമേയില്ലായിരുന്നു. പൂക്കള്‍ കെട്ടുന്ന അമ്മമാരും പഴങ്ങള്‍ വില്‍ക്കുന്ന മധ്യവയസ്‌കരും ചായ മാത്രം വില്‍ക്കുന്ന ചെറുപ്പക്കാരുമൊക്കെ അപ്രത്യക്ഷരായ ദിനങ്ങള്‍ ഒരു പേടിസ്വപ്നം പോലെ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ചെന്നൈ നിവാസികള്‍.
ശാസ്ത്രീയവും പാരിസ്ഥിതികവുമായ വിശകലനങ്ങള്‍ പൊതുവേ ചൂണ്ടിക്കാണിക്കുന്നത് അശാസ്ത്രീയമായ നഗരവല്‍ക്കരണവും തടാകങ്ങളുടെയും പുഴകളുടെയും കൈയേറ്റവുമാണ്. നഗരത്തെ പകുത്തുപോവുന്ന കൂവംനദിയും അഡയാറുമെല്ലാം മാലിന്യമൊഴുകുന്ന, അവ നിക്ഷേപിക്കാനുള്ള ഡംപിങ് ഏരിയകളാണെന്നത് ആര്‍ക്കും ഒറ്റനോട്ടത്തില്‍ വ്യക്തമാവും. അതിന്റെ തീരങ്ങളില്‍ ജീവിക്കുന്നവരാണ്, തിരുമാളവന്‍ വിശദീകരിക്കുന്നതുപോലെ ചെന്നൈയെ ചെന്നൈ ആയി നിലനിര്‍ത്തുന്നത്.
ഗ്ലൗസുകള്‍ പോലും ധരിക്കാതെ 5000ല്‍ താഴെ മാസവരുമാനത്തില്‍ വെള്ളപ്പൊക്കത്തില്‍ അടിഞ്ഞുകൂടിയ ഒരു ലക്ഷം ടണ്‍ മാലിന്യം നീക്കം ചെയ്യുന്നത് അവരാണ്. റോട്ടറി ക്ലബ്ബുകാരും എന്‍ജിഒകളും വാര്‍ത്തകളില്‍ നിറയുമ്പോള്‍ മുഖമില്ലാതായവരുടെ ശ്രമങ്ങള്‍ ആരും ശ്രദ്ധിക്കുന്നില്ലെന്നും പറയാം. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു റിപ്പണ്‍ ബില്‍ഡിങില്‍ (ചെന്നൈ കോര്‍പറേഷന്‍ ഓഫിസ്) നിന്നെത്തിയ ഉദ്യോഗസ്ഥരോട് രോഷത്തോടെ സ്ത്രീ ചോദിച്ച പോലെ, ‘പോയസ് ഗാര്‍ഡനും ഗോപാലപുരവും മാത്രമാണോ ചെന്നൈ?’ ഈ ചോദ്യത്തിന്റെ അലയൊലികളായിരിക്കും വരുംനാളുകളില്‍ തമിഴ്‌നാട് രാഷ്ട്രീയം ചര്‍ച്ച ചെയ്യുക; മാര്‍ഗഴിയും പൊങ്കലുമൊക്കെ വന്നുപോവുമെങ്കിലും. $

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 101 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക