|    Mar 24 Fri, 2017 11:58 am
FLASH NEWS

ചെന്നൈ പ്രളയം: കൈത്താങ്ങായി പോപുലര്‍ ഫ്രണ്ട്

Published : 13th December 2015 | Posted By: SMR

ചെന്നൈ: ചെന്നൈയും പരിസരജില്ലകളും തകര്‍ന്നടിഞ്ഞ നൂറ്റാണ്ടിന്റെ പ്രളയത്തില്‍ ശ്രദ്ധേയമായ സേവന പ്രവര്‍ത്തനങ്ങളുമായി പോപുലര്‍ ഫ്രണ്ട്. പ്രളയം തുടങ്ങിയ നവംബര്‍ 30 മുതല്‍ രക്ഷാപ്രവര്‍ത്തനം ഉള്‍പ്പടെയുള്ള മേഖലകളില്‍ പോപുലര്‍ ഫ്രണ്ട് സജീവമാണ്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായ ശേഷമുള്ള സന്നദ്ധപ്രവര്‍ത്തനങ്ങളിലും പോപുലര്‍ ഫ്രണ്ട് സജീവമായി പങ്കെടുക്കുന്നു. ദക്ഷിണ ചെന്നൈ, ഉത്തര ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, കുടലൂര്‍ എന്നിവിടങ്ങളിലാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ശ്രദ്ധേയമായ സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നത്.
400 കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം. 4500ലധികം വോള ന്റിയര്‍മാര്‍ കര്‍മനിരതരായി രംഗത്തുണ്ട്. സൈന്യവും സുരക്ഷാവിഭാഗങ്ങളും എത്താത്ത മേഖലകളില്‍പോലും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. പ്രളയബാധിതര്‍ക്കായി നിരവധി ക്യാംപുകളും ഒരുക്കി. ഇവിടെ ഡോക്ടര്‍മാരുടെ സേവനങ്ങളും ലഭ്യമാക്കി. വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും പുതപ്പുകളും എത്തിച്ചുനല്‍കി. സംഘങ്ങളായി തിരിഞ്ഞ് ചിട്ടയോടെയായിരുന്നു പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം. കനത്ത മഴയിലും രക്ഷാപ്രവര്‍ത്തനത്തിനായി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എത്തി.
കാഞ്ചീപുരത്ത് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച ചെമഞ്ചേരിയില്‍ 200 കുടുംബങ്ങള്‍ക്ക് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മാത്രമാണു സഹായത്തിന്. ചെന്നൈ നഗരത്തില്‍ പ്രളയജലമെത്തുന്നതിന് ഏറെമുമ്പു തന്നെ ചെമഞ്ചേരി മുങ്ങിപ്പോയിരുന്നു. ഇവിടേക്ക് സൈന്യമുള്‍പ്പെടെ ആരും സഹായത്തിനെത്തിയിരുന്നില്ല. സുനാമി പുനരധിവാസത്തിന്റെ ഭാഗമായി ഇവിടേക്ക് മാറ്റിപ്പാര്‍പ്പിച്ചവരായിരുന്നു ഇവര്‍. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരല്ലാതെ ആരും തങ്ങളുടെ സഹായത്തിന് എത്തിയില്ലെന്ന് തുന്നല്‍ക്കാരനായ നിസാം പറഞ്ഞു. വിവിധ ഭാഗങ്ങളില്‍ നിന്നായി 5000 പേരെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. 1,22,94,155 രൂപയുടെ ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്തു. 2,16,157 പേര്‍ ഇതിന്റെ ഗുണഭോക്താക്കളായി.
വിവിധ സ്ഥലങ്ങളിലായി 80 മെഡിക്കല്‍ ക്യാംപുകളാണ് ഒരുക്കിയിരിക്കുന്നത്. 8580 പേര്‍ ഇതിന്റെ ഗുണഭോക്താക്കളായി. പതിനായിരം വീടുകള്‍ കേന്ദ്രീകരിച്ച് തങ്ങള്‍ സര്‍വേ സംഘടിപ്പിക്കുന്നുണ്ടെന്നും പോപുലര്‍ ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദലി ജിന്ന പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 1940 കോടിയുടെ സഹായം അപര്യാപ്തമാണെന്ന് മുഹമ്മദലി ജിന്ന പറഞ്ഞു.
പതിനായിരം കോടിയിലധികം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. കേന്ദ്രം 10,000 കോടി അടിയന്തരമായി അനുവദിക്കണം. ശരിയായ സര്‍വേ നടത്തിയ ശേഷം മതിയായ നഷ്ടപരിഹാരം നല്‍കണം. പ്രളയത്തിന്റെ ഇരകള്‍ക്ക് സൗജന്യ പാചകവാതക സിലിണ്ടറും സൗജന്യ വൈദ്യുതിയും നല്‍കണം. യാത്രാസൗജന്യം ഒരാഴ്ചകൂടി നീട്ടണം. വിദ്യാര്‍ഥികളുടെ പ്രയാസം കണക്കിലെടുത്ത് എല്ലാ പരീക്ഷയും നീട്ടിവയ്ക്കണം.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം മതിയായതല്ല. സഹായം നീതിപൂര്‍വകമായി ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ പാര്‍ട്ടികളുടെയും സംഘടനകളുടെയും എന്‍ജിഒകളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മറ്റി രൂപീകരിക്കണമെന്നും പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു.

(Visited 117 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക