|    Jan 25 Wed, 2017 3:00 am
FLASH NEWS

ചെന്നൈ; പെയ്തിറങ്ങിയ ദുരന്തം

Published : 12th January 2016 | Posted By: TK
flood-1

 
കെ.എ സലീം

 

എന്താണ് ചെന്നൈയെ ഇത്തരത്തിലൊരു മുങ്ങിത്താഴലിലേക്ക് നയിച്ചത്. ദുര്‍ബലമായ അഴുക്കുചാല്‍ സംവിധാനം. നിയമവിരുദ്ധമായി നിര്‍മ്മിക്കപ്പെട്ട കെട്ടിടങ്ങള്‍. നഗരാസൂത്രണത്തിന്റെ അഭാവം. നഗരസംവിധാനത്തില്‍ വന്ന വീഴ്ച. വിശകലനങ്ങള്‍ ഒരുപാടുണ്ട്. ഓരോ ഇന്ത്യന്‍ നഗരത്തിനും പാഠമാണ് ചെന്നൈ. ഉത്തരാഖണ്ഡും ശ്രീനഗറും ചെന്നൈയ്ക്കു കൂടിയുള്ള മുന്നറിയിപ്പുകളായിരുന്നു. അവ ആര്‍ക്കും പാഠമോ താക്കീതോ ആയില്ല. കനത്ത മഴയുണ്ടാക്കിയ കുത്തൊഴുക്കില്‍ കാറുകളും മറ്റു വാഹനങ്ങളും ഒഴുകിപ്പോകുന്നത് നോക്കി നില്‍ക്കാന്‍ മാത്രമേ എല്ലാവര്‍ക്കുമായുള്ളു.

 

നവംബര്‍ 30 ലെ രാത്രി നഗരത്തിലേക്ക് ദുരന്തം പെയ്തിറങ്ങുമ്പോള്‍ രാത്രിജീവിതത്തിന്റെ പതിവു ചലനങ്ങളിലായിരുന്നു ചെന്നൈ. അര്‍ദ്ധരാത്രിയോടെ നഗരത്തില്‍ വെള്ളക്കെട്ടുകളുയര്‍ന്നു. അഴുക്കുചാലുകള്‍ നിറഞ്ഞു. മാന്‍ഹോളുകള്‍ പൊട്ടിയടര്‍ന്ന് വെള്ളം പുറത്തേക്കൊഴുകി. തുടക്കത്തില്‍ ആരും അതില്‍ അസാധാരണമായൊന്നും കണ്ടിരുന്നില്ല. നവംബര്‍ എട്ടിനു തുടങ്ങിയ മഴയില്‍ വെള്ളക്കെട്ടിലായ നഗരം അതിവേഗത്തില്‍ സാധാരണ ഗതിയിലേക്ക് തിരിച്ചുവന്നിരുന്നു. കടുത്തമഴ നഗരത്തെ പൂര്‍ണമായും കീഴടക്കി. നഗരം പൂര്‍ണമായും വെള്ളത്തിനടിയിലായി. വൈദ്യുതി നിലച്ചു. വെള്ളം മൂടിയ നഗരത്തിലെ മാന്‍ഹോളുകളില്‍ വാഹനങ്ങള്‍ കുടുങ്ങി റോഡില്‍ ഗതാഗതം നിലച്ചു. നഗരത്തിലെ ചലനങ്ങള്‍ നിലച്ചു. നഗരം ഒറ്റരാത്രികൊണ്ട് നിശ്ചലമായി. വലിയ ദുരന്തങ്ങളാണ് ചെന്നൈപോലുള്ള മെട്രോപൊളിറ്റന്‍ നഗരത്തെ നിശ്ചലമാക്കുക.

 

flood

 

എന്നാല്‍, ആവശ്യത്തിലധികം മുന്നറിയിപ്പുകള്‍ നല്‍കി എത്തിയ ദുരന്തം ഒഴിവാക്കാനാവുന്നതായിരുന്നു. അന്ന് മുതല്‍ ചെന്നൈയില്‍ കുടിവെള്ള വിതരണമില്ലാതായി. വെള്ളം കയറിയ വീടുകളില്‍ ഭക്ഷണസാധനങ്ങളെല്ലാം നശിച്ചുപോയിരുന്നു. രക്ഷതേടിയുള്ള വിഹ്വലമായ വിളികളുടെ ദിവസങ്ങളായിരുന്നു പിന്നീടെന്ന് നാഷണല്‍ ഡിസാസ്റ്റര്‍ റസ്‌പോണ്‍സ് ഫോഴ്‌സ് (എന്‍ഡിആര്‍എഫ്) ഡിഐജി എസ്പി ശെല്‍വന്‍ പറയുന്നു. നിരന്തരമുള്ള കോളുകള്‍ക്ക് മറുപടി പറയാന്‍ കഴിയാതെ വിഷമിച്ചു. ഒരുപാടു കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു. എന്നാല്‍ വിളികളെ അവഗണിക്കാനും കഴിയുമായിരുന്നില്ല.
ഡിസംബര്‍ ഒന്ന്, രണ്ട് തിയ്യതികളില്‍ ചെന്നൈയില്‍ കനത്ത മഴയുണ്ടാകുമെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍ നവംബര്‍ ആദ്യത്തില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

എന്നാല്‍ ഈ മുന്നറിയിപ്പ് പരിഗണിച്ച് ചെമ്പ്രമ്പാക്കം ജലസംഭരണിയുടെ ജലനിരപ്പ് താഴ്ത്തി സൂക്ഷിക്കണമായിരുന്നു. എന്നാല്‍ മുന്നറിയിപ്പുകള്‍ സര്‍ക്കാറിന്റെ ചുവപ്പു നാടകളില്‍ കുടുങ്ങിക്കിടന്നു. ഷട്ടറുകള്‍ തുറക്കാന്‍ പിഡബ്ല്യുഡി സെക്രട്ടറി ചീഫ് സെക്രട്ടറിയുടെ അനുവാദം കാത്തു നിന്നു. സംഭരണി നിറഞ്ഞൊഴുകാന്‍ തുടങ്ങിയപ്പോഴാണ് ഷട്ടറുകള്‍ തുറക്കാനുള്ള ഉത്തരവെത്തുന്നത്. ഡിസംബര്‍ ഒന്നിന് ഷട്ടറുകള്‍ തുറക്കുമ്പോള്‍ നിറഞ്ഞൊഴുകുന്ന സംഭരണിയില്‍ എത്ര അടിവെള്ളമുണ്ടെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിലും വീഴ്ചയുണ്ടായി. വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന അറിവുണ്ടായിട്ടും മുന്നറിയിപ്പ് നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല.

 

പ്രളയം തുടങ്ങിയപ്പോള്‍ തന്നെ എല്ലാ പോലിസ് ഉദ്യോഗസ്ഥരോടും അവരുടെ മൊബൈല്‍ ഫോണുകള്‍ ഓഫാക്കി വയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പകരം വയര്‍ലെസ് മാത്രം മതിയെന്നായിരുന്നു നിര്‍ദ്ദേശം. ഇതോടെ പ്രളയദുരിതത്തിലായവര്‍ക്ക് പോലിസ് സഹായം തേടാനായില്ല. നവംബര്‍ അവസാനത്തോടെ പെയ്ത മഴയില്‍ തുടങ്ങിയ വെള്ളപ്പൊക്കം ഡിസംബര്‍ ആദ്യത്തോടെയാണ് കടുത്ത പ്രളയമായി രൂപം കൊള്ളുന്നത്. എന്നാല്‍ അതിന് എത്രയോ മുമ്പു തന്നെ കാഞ്ചിപുരം നേതാജി നഗര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ വെളത്തില്‍ മുങ്ങിയിരുന്നു. കാഞ്ചിപുരം നല്‍കിയ സൂചന സര്‍ക്കാര്‍ കണക്കിലെടുത്തില്ല.

ദിവസങ്ങള്‍ക്കകം ചെന്നൈ സെന്‍ട്രല്‍ ഉള്‍പ്പടെയുള്ള നഗരത്തിലെ സുപ്രധാന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കാഞ്ചിപുരം ചെമ്മഞ്ചേരിയില്‍ 150 ല്‍ അധികം വീടുകളാണ് ഇപ്പോഴും വെള്ളത്തിനടിയില്‍ കഴിയുന്നത്. സുനാമി ദുരിതമുണ്ടായപ്പോള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചവരാണിവര്‍. ഇവര്‍ക്കായുള്ള ഫഌറ്റുകള്‍ പണി തീര്‍ന്നുവരുന്നതേയുള്ളു. ഈ ഫഌറ്റുകളിലാണ് ഇപ്പോള്‍ ഇവര്‍ കഴിയുന്നത്. പ്രളയം തൂടങ്ങി 21 ദിവസത്തിലധികമായിട്ടും ഇവിടേയ്ക്ക് സര്‍ക്കാറിന്റെ സഹായമൊന്നുമെത്തിയില്ല. നഗരത്തില്‍ പ്രളയം ഏറ്റവും ശക്തമായി ബാധിച്ച ഈ പ്രദേശത്തേക്ക് സൈന്യവും സഹായത്തിനെത്തിയില്ല. സൈനിക ഹെലികോപ്റ്ററില്‍ നിന്നും ഇടയ്ക്കിടെ വിതറിക്കൊടുക്കുന്ന ഭക്ഷണപ്പാക്കറ്റുകളായിരുന്നു ആകെയുള്ള സഹായം.

 

എന്നാല്‍ ദുരന്തത്തെ നേരിടാന്‍ കൈകോര്‍ത്ത ചെമഞ്ചേരിയില്‍ ഇരകള്‍ തന്നെ സന്നദ്ധപ്രവര്‍ത്തകരായി. പരസ്പരം സഹായിച്ചും ആശ്വസിപ്പിച്ചും അവരൊന്നായി നിന്നു. സ്വന്തം വീടുകള്‍ വെള്ളത്തില്‍ മുങ്ങുമ്പോഴും അയല്‍പ്രദേശങ്ങളിലേക്ക് അവര്‍ സഹായവുമായെത്തി. പിന്നാലെ സന്നദ്ധസംഘടനകള്‍ അവര്‍ക്ക് പിന്തുണയുമായെത്തി. നിങ്ങള്‍ വന്ന റോഡുകളിലൂടെ ഞങ്ങള്‍ തോണിയിലാണ് കഴിഞ്ഞ ദിവസം വരെ യാത്ര ചെയ്തതെന്ന തയ്യല്‍ക്കാരനായ നിസാം പറയുന്നു.

flood4ഒഴുകി നടക്കുന്ന കാറുകളും വീട്ടുപകരണങ്ങളുമായിരുന്നു ഡിസംബര്‍ ഒന്നു മുതലുള്ള ചെന്നൈ നഗരത്തിന്റെ കാഴ്ച. വീടുകളുടെ മേല്‍ക്കൂരയുടെ ഉയരത്തില്‍ വെള്ളമുയര്‍ന്നു. ആളുകള്‍ വീടുകളുടെ മേല്‍ക്കൂരയ്ക്ക് മുകളില്‍ അഭയം തേടി. പൂനയിലും ഡല്‍ഹിയിലും ഭൂവനേശ്വറിലുമുള്ള എന്‍ഡിആര്‍എഫ് സംഘത്തെ അടിയന്തിരമായി വിളിപ്പിച്ചു. അപ്പോഴെയ്ക്കും കോട്ടൂര്‍പുരവും പട്ടിനം പാക്കവും മുടിച്ചൂരും മണലി ന്യൂ ടൗണുമെല്ലാം ദുരിതത്തില്‍ മുങ്ങിയിരുന്നു. ഫോണുകള്‍ നിശ്ചലമായി. തങ്ങളുടെ സംഘങ്ങളുമായി ബന്ധപ്പെടാന്‍ അടിയന്തിരമായി സമാന്തര സംവിധാനമൊരുക്കി. കനത്ത മഴയില്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമായിരുന്നില്ലെന്ന് ശെല്‍വന്‍ പറയുന്നു. കുത്തിയൊഴുക്കില്‍ വീടുകളിലേക്ക് ബോട്ടുകള്‍ അടുപ്പിക്കുക സാഹസികമായിരുന്നു. റോഡുകളും പാലങ്ങളും തകര്‍ന്നു പോയിരുന്നു. ചില സ്ഥലങ്ങളില്‍ ജലനിരപ്പ് കെട്ടിടങ്ങളുടെ ആദ്യനിലയ്ക്കു മുകളിലേക്കുയര്‍ന്നു. അവിടെ വീടുകളില്‍ നിന്ന് ഓരോരുത്തരെയായി പുറത്തെത്തിച്ചു സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ സമയമെടുത്തു. അപ്പോഴും ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. നടുക്കടലില്‍ തകര്‍ന്ന കപ്പല്‍ പോലെ മുങ്ങിത്താഴുകയായിരുന്നു ചെന്നൈ.

എന്താണ് ചെന്നൈയെ ഇത്തരത്തിലൊരു മുങ്ങിത്താഴലിലേക്ക് നയിച്ചത്. ദുര്‍ബലമായ അഴുക്കുചാല്‍ സംവിധാനം. നിയമവിരുദ്ധമായി നിര്‍മ്മിക്കപ്പെട്ട കെട്ടിടങ്ങള്‍. നഗരാസൂത്രണത്തിന്റെ അഭാവം. നഗരസംവിധാനത്തില്‍ വന്ന വീഴ്ച. വിശകലനങ്ങള്‍ ഒരുപാടുണ്ട്. ഓരോ ഇന്ത്യന്‍ നഗരത്തിനും പാഠമാണ് ചെന്നൈ. ഉത്തരാഖണ്ഡും ശ്രീനഗറും ചെന്നൈയ്ക്കു കൂടിയുള്ള മുന്നറിയിപ്പുകളായിരുന്നു. അവ ആര്‍ക്കും പാഠമോ താക്കീതോ ആയില്ല. കനത്ത മഴയുണ്ടാക്കിയ കുത്തൊഴുക്കില്‍ കാറുകളും മറ്റു വാഹനങ്ങളും ഒഴുകിപ്പോകുന്നത് നോക്കി നില്‍ക്കാന്‍ മാത്രമേ എല്ലാവര്‍ക്കുമായുള്ളു. മഴ തുടങ്ങി രണ്ടാം ദിവസം തന്നെ തങ്ങള്‍ക്ക് എല്ലാ മേഖലകളിലും തങ്ങളുടെ സംഘത്തെ അയയ്ക്കാന്‍ കഴിഞ്ഞതായി ശെല്‍വന്‍ പറയുന്നു. 40 പേരുള്ള 51 സംഘങ്ങള്‍ വിവിധ ഭാഗങ്ങളിലെത്തി രാപ്പകല്‍ ഭേദമില്ലാതെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കെത്തിച്ചു. കഴിഞ്ഞ ദിവസം വരെ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും

 

അവശ്യവസ്തുക്കളുമെത്തിക്കുകയെന്നതാണ് ഇപ്പോള്‍ ചെയ്യുന്നത്. ശെല്‍വന്‍ പറയുന്നു.
ചെന്നൈ ഇത്ര വലിയൊരു ദുരന്തം തങ്ങള്‍ പ്രതീക്ഷിച്ചതായിരുന്നില്ലെന്ന് എന്‍ഡിആര്‍എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് ആര്‍ ജയറാം പറയുന്നു. എന്നാല്‍ നവംബര്‍ ആദ്യത്തില്‍ പെയ്ത മഴയെത്തുടര്‍ന്ന് 15 ന് തന്നെ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിരുന്നു. ദുരന്തമുണ്ടായാല്‍ അതിവേഗത്തില്‍ പ്രതികരിക്കുകയെന്നതാണ് പ്രധാനം. തങ്ങള്‍ക്കത് കഴിഞ്ഞു. ജയറാം പറയുന്നു. സൈന്യമെത്തി. സന്നദ്ധസംഘനകളും രക്ഷാപ്രവര്‍ത്തനിത്തിനെത്തി. ദിവസങ്ങള്‍ക്കകം വെള്ളക്കെട്ടൊഴിഞ്ഞ നഗരം ദുരന്തത്തിന്റെ തുടര്‍ക്കാഴ്ചകളിലേക്കാണ് ഉയര്‍ത്തെഴുന്നേറ്റത്. വെള്ളമൊഴിഞ്ഞ നഗരത്തില്‍ മാലിന്യങ്ങളും പകര്‍ച്ചവ്യാധികളും പൊങ്ങി വന്നിരുന്നു. പകര്‍ച്ചവ്യാധികളുമായി ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടി. വൈദ്യുതി പുനഃസ്ഥാപിക്കാന്‍ പിന്നെയും ദിവസങ്ങളെടുത്തു. സെല്‍ഫോണ്‍ നെറ്റ് വര്‍ക്കുകളും ഇല്ലാതായിരുന്നു.

 

shelter

 

ബസ് ഗതാഗതം എല്ലാഭാഗങ്ങളിലും പുനഃസ്ഥാപിച്ചെങ്കിലും ഏതാനും ബസ്സുകള്‍ മാത്രമാണ് ഓടിയിരുന്നത്. വെള്ളം മൂടിക്കിടന്നതിനാല്‍ ബസ്സുകളില്‍ കുറെയെണ്ണം റോഡിലിറക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. 769 റൂട്ടുകളിലായി 3,113 ബസ്സുകളാണ് നഗരത്തില്‍ ഓടിയിരുന്നത്.
ദുരന്തത്തിനിരയായവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനാവാതെ കിടയ്ക്കുകയായിരുന്നു ഇതുവരെ. വെള്ളം നിറഞ്ഞതിനാല്‍ കുഴിയെടുത്തു സംസ്‌കരിക്കാനാവില്ല. നഗരത്തില്‍ വൈദ്യുതി ശ്മശാനങ്ങളുണ്ടെങ്കിലും പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതിയില്ല. മോര്‍ച്ചറിയും പ്രവര്‍ത്തിക്കുന്നില്ല. കഴിഞ്ഞ ദിവസം വെള്ളക്കെട്ടിന് കുറവുണ്ടാകുകയും വൈദ്യുതി ഭാഗികമായി പുനഃസ്ഥാപിക്കുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ധൃതിപിടിച്ച് സംസ്‌കരിച്ചു. തമിഴ്‌നാട്ടിലെ 5,554 റിലീഫ് ക്യാംപുകളിലായി 14,32,924 പേരാണ് അഭയം തേടിയത്.
ഇല്ലായ്മയുടെ ദുരിതത്തിലേക്കായിരുന്നു പിന്നീട് ചെന്നൈ നഗരത്തിന്റെ മടക്കം. പൊഴിച്ചല്ലൂരില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് കഴിയാന്‍ റിലീഫ് ക്യാംപുകള്‍ പോലുമില്ല. പമ്മലിലും സമാനമായ സ്ഥിതിയാണുള്ളത്. ദുരിതത്തിനിരയായവര്‍ക്ക് ഭക്ഷണവും വെള്ളവും പോലും ലഭിക്കുന്നുണ്ടായിരുന്നില്ല. ഇവിടെ ദുരിതമുണ്ടായി ഒരാഴ്ച കഴിഞ്ഞാണ് കുടിവെള്ളമെത്തിക്കുന്നത്. ഭൂരിഭാഗം ക്യാംപുകളും ദുരിതത്തിന്റെ കേന്ദ്രങ്ങളാണ്.

 

flood5
114 ദുരിതാശ്വാസ ക്യാംപുകളിലായി ഒന്നേക്കാല്‍ ലക്ഷം പേരാണ് കഴിയുന്നത്. മാറിയുടുക്കാന്‍ തുണിപോലുമില്ലാത്തവരാണ് ഇവരില്‍ ഭൂരിഭാഗവും. സൈദാപേട്ടില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട 2,000 കുടുംബങ്ങള്‍ക്ക് ചേരിപ്രദേശത്തെ അവരുടെ കുടിലുകള്‍ മാത്രമല്ല, എല്ലാം നഷ്ടമായി. മൂന്നു നേരം ഭക്ഷണമല്ലാതെ തങ്ങള്‍ക്ക് മറ്റൊന്നും ലഭിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. മാറാന്‍ വസ്ത്രങ്ങളില്ല. മരുന്നില്ല. പുതപ്പുകളില്ല. കിടന്നുറങ്ങാന്‍ പായപോലുമില്ല. സൈദാപേട്ട് മോഡല്‍ സ്‌കൂളില്‍ തുറന്ന ക്യാംപില്‍ വെറും നിലത്താണ് ഉറക്കം.

മണ്ണും വിയര്‍പ്പും പുരണ്ട വസ്ത്രങ്ങളുമായി തങ്ങള്‍ എത്രനാള്‍ കാത്തുനില്‍ക്കണമെന്ന് ഇവര്‍ക്കറിയില്ല. വീട്ടുപകരണങ്ങള്‍ മാത്രമല്ല നിര്‍ണായക രേഖകളും നഷ്ടപ്പെട്ടവരാണ് പ്രളയത്തിന്റെ ഇരകളില്‍ ഭൂരിഭാഗവും.
രാജ്യത്തെ നാലാമത്തെ ഏറ്റവും വലിയ നഗരത്തിന് അതിന്റെ പഴയ പ്രതാപത്തിലേക്ക തിരിച്ചുവരിക എളുപ്പമല്ല. വെള്ളമൊഴിഞ്ഞ പ്രദേശങ്ങള്‍ മാലിന്യം നീക്കി വാസയോഗ്യമാക്കിയെടുക്കാന്‍ മാസങ്ങളെടുക്കും. ഒരു പകര്‍ച്ച വ്യാധിയെ നേരിടാനുള്ള ശേഷിയും നഗരത്തിനില്ല. മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ 50 ശതമാനം ബസ്സുകളും തകരാറിലായിട്ടുണ്ട്. നന്നാക്കി നിരത്തിലിറക്കാന്‍ സമയമെടുക്കും. 2.5 കോടിയുടെ നഷ്ടമാണ് ഇതിന് കണക്കാക്കുന്നത്. ദുരന്തത്തിന്റെ മറവില്‍ മോഷണവും പിടിച്ചുപറിയും കൊള്ളയും വ്യാപകമായി. ചെന്നൈയിലും പരിസരപ്രദേശത്തുമായി 199 ദുരിതാശ്വാസ ക്യാംപുകളില്‍ 1.25 ലക്ഷം പേരുണ്ടായിരുന്നു. അഡയാര്‍ കോവം നദികളുടെ പരിസരത്തായി അരലക്ഷം കുടുംബങ്ങളുണ്ട്. 2011 ലെ സെന്‍സസ് പ്രകാരം ചെന്നൈയിലെ ജനസംഖ്യയുടെ 28.5 ശതമാനം പേരും ചേരികളിലാണ് കഴിയുന്നത്. ഇവരാണ് പ്രളയത്തിന്റെ ഏറ്റവും വലിയ ഇരകള്‍. വെള്ളക്കെട്ടുകള്‍ ഇല്ലാതായെങ്കിലും ചേരികളിലെ വീടുകളെല്ലാം തകര്‍ന്നടിഞ്ഞ് ചവറുകൂനകളായി മാറി. ഇവിടെ താമസിച്ചുപോന്നവരെ പുനരധിവസിപ്പിക്കുകയെന്നത് സര്‍ക്കാറിന് എളുപ്പമാകില്ല. ക്യാംപുകളില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും തങ്ങളുടെ പഴയ പാര്‍പ്പിട കേന്ദ്രങ്ങളിലേക്ക് താമസം മാറാന്‍ അക്ഷമരായി കാത്തിരിക്കുന്നവരാണ്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതോടെ സര്‍ക്കാര്‍ സര്‍ക്കാറിതര സംഘടനകള്‍ ഭക്ഷണവിതരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ ഇവര്‍ക്കിപ്പോള്‍ വേണ്ടത് പുനരധിവാസമാണ്. തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ പുനരധിവാസ പദ്ധതികള്‍ നടപ്പാക്കുമെന്നാണ് പ്രതീക്ഷ.
പല്ലവി നഗറില്‍ മാത്രം ചേരികളില്‍ കഴിയുന്നവര്‍ക്ക് താമസിക്കാനായി 1000 വീടുകള്‍ 20 വര്‍ഷം മുമ്പ് പണി പൂര്‍ത്തിയാക്കിയതാണ്. എന്നാല്‍ ഇതുവരെ ഇവ കൈമാറിയിട്ടില്ല. വീടു നഷ്ടപ്പെട്ടരില്‍ പലരും റയില്‍വേ സ്റ്റേഷനുകളിലും പരിസരത്തുമാണ് കഴിയുന്നത്. തെരുവുകളിലും ഫുട്പാത്തിലും ഇത്തരത്തില്‍ തമ്പടിച്ചിരിക്കുന്ന കുടുംബങ്ങളെ കാണാം. അവര്‍ ഒരു ദുരിതാശ്വാസ ക്യാംപിന്റെയും ഭാഗമല്ലാത്തതിനാല്‍ ഭക്ഷണമോ മറ്റു സഹായമോ ലഭിക്കുന്നില്ല. സര്‍ക്കാര്‍ പുതിയ താമസസ്ഥലങ്ങള്‍ തയ്യാറാക്കിയാല്‍ തന്നെ ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കാലങ്ങളെടുക്കും. തമിഴ്‌നാട് സ്ലം ക്ലിയറന്‍സ് ബോഡ് തയ്യാറാക്കിയ 11,000 വീടുകള്‍ പണിപൂര്‍ത്തിയായെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തവയാണ്. നിലവാരം കുറഞ്ഞ സാമഗ്രികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതിനാല്‍ മേല്‍ക്കൂര ചോര്‍ന്ന് വീടിനുള്ളില്‍ വെള്ളം കെട്ടിനില്‍ക്കുന്നു. ചുമരുകള്‍ പൊട്ടിയടര്‍ന്ന് വീണ് കൂനകളായി കിടക്കുന്നു. ഒരു വര്‍ഷം മുമ്പ് ഒക്കിയം ഭാഗത്ത് ഏതാനും കുടുംബങ്ങള്‍ ഇത്തരം വീടുകളിലേക്ക മാറിയെങ്കിലും ജീവനോപാധികള്‍ ഇല്ലാത്തതിനാല്‍ മാസങ്ങള്‍ക്കകം വീടുകള്‍ ഉപേക്ഷിച്ചു പോകേണ്ടിവന്നു.
നഗരത്തിലെ ഇടത്തരക്കാരുടെ ദുരിതവും ഏറെക്കാലം നീണ്ടുനില്‍ക്കും. വീടുകളുണ്ടെങ്കിലും വീട്ടുപകരണങ്ങളെല്ലാം നശിച്ചുപോയി. റഫ്രിജറേറ്ററുകള്‍, വാഷിങ് മെഷീനുകള്‍, ടെലിവിഷനുകള്‍ തുടങ്ങിയവയെല്ലാം നശിച്ചു. ഇവയില്‍ ഭൂരിഭാഗവും വായ്പയായി വാങ്ങിയവയാണ്. ഇവയ്ക്കാകട്ടെ സര്‍ക്കാറില്‍ നിന്ന് സഹായം കിട്ടാനിടയില്ല. ഇന്‍ഷുറന്‍സുമുണ്ടാകില്ല.
വെള്ളക്കെട്ടൊഴിഞ്ഞ റോഡിലെ കുഴികളാണ് മറ്റൊരു ഭീഷണി. തിരുമണ്‍മയൂരില്‍ കാര്‍ റോഡിലെ കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ അമ്മയും കുഞ്ഞും മരിച്ചു. സമാനമായ സംഭവങ്ങള്‍ നഗരത്തിന്റെ പലഭാഗത്തു നിന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടു. കുടലൂരില്‍ വെള്ളക്കെട്ടില്‍ കുതിര്‍ന്ന വീടിന്റെ ചുമരിടിഞ്ഞു വീണ് അകത്ത് ഉറങ്ങുകയായിരുന്ന യുവതി മരിച്ചു. നഗരത്തിലുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ വലിയൊരു വിഭാഗം രണ്ടാഴ്ചയായി ജോലിയൊന്നുമില്ലാത്തതിനാല്‍ നഗരം വിട്ടു. ലൈബ്രറികളില്‍ പുസ്തകങ്ങള്‍ ഒഴുകിപ്പോയി. ഓഫീസുകളിലെ സുപ്രധാന രേഖകള്‍ നഷ്ടമായി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരു ലക്ഷം ടണ്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. ഈ നഷ്ടങ്ങളുടെയും ദുരിതങ്ങളുടെയും ഇടയിലും തിരിച്ചുവരവിനെക്കുറിച്ചുള്ള പ്രതീക്ഷയിലാണ് നഗരം.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 82 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക