|    Apr 25 Tue, 2017 1:59 pm
FLASH NEWS

ചെന്നൈയ്ന്‍ എഫ്‌സി 1 മുംബൈസിറ്റി 1; വമ്പന്‍ പോരാട്ടത്തില്‍ സമാസമം

Published : 3rd November 2016 | Posted By: SMR

ചെന്നൈ: ഐഎസ്എല്ലില്‍ ഇന്നലെ നടന്ന ചെന്നൈയ്ന്‍ എഫ്‌സി- മുംബൈ സിറ്റി മല്‍സരം 1-1 സമനിലയില്‍ പിരിഞ്ഞു. മികച്ച പോരാട്ടം നിറഞ്ഞുനിന്ന മല്‍സരത്തില്‍ ചെന്നൈയ്ക്കായി ജെജെ ലാല്‍പെഖുലുവും മുംബൈയ്ക്കായി ലിയോ കോസ്റ്റയുമാണ് ഗോള്‍ നേടിയത്.
മികച്ച പ്രകടനമാണ് ഇരു ടീമുകളും കളിയുടെ തുടക്കംമുതലേ പുറത്തെടുത്തത്. കഴിഞ്ഞ രണ്ട് സീസണുകളിലും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ വിജയം ചെന്നൈയ്‌നൊപ്പമായിരുന്നു. മല്‍സരത്തിന്റെ 13ാം മിനിറ്റില്‍ ചെന്നൈയ്ന്‍ താരം ജെജെ  മികച്ച ഷോട്ടെടുത്തെങ്കിലും മുംബൈ ഗോള്‍ കീപ്പര്‍ മികച്ച സേവിലൂടെ ഗോളാകാതെ തടുത്തു. ജെജെയും അന്‍വര്‍ അലിയും മുംബൈ ഗോള്‍മുഖത്ത് അക്രമിച്ചു കളിച്ചെങ്കിലും ലക്ഷ്യം കണ്ടെത്താനായില്ല. 21ാം മിനിറ്റില്‍ ഫൗള്‍ ചെയ്തതിന് അന്‍വര്‍ അലിക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. ആദ്യ പകുതിക്ക് മിനിറ്റുകള്‍ക്ക് മുന്‍പ് ചെന്നൈയ്ക്ക് ഗോള്‍ നേടാനുള്ള സുവര്‍ണാവസരം തോയ് സിങ് നഷ്ടപ്പെടുത്തി. 44ാം മിനിറ്റില്‍ ഫോര്‍ലാന്‍ എടുത്ത ഫ്രീകിക്കും ലക്ഷ്യം കാണാതെ പോയപ്പോള്‍ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.
രണ്ടാം പകുതിയില്‍ ചെന്നൈയ്ന്‍ കൂടുതല്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 51ാം മിനിറ്റില്‍ ചെന്നൈയ്ന്‍ നിര അക്കൗണ്ട് തുറന്നു. ഇന്ത്യന്‍ താരം ജെജെയാണ് ചെന്നൈയ്ക്കായി വലകുലുക്കിയത്. പെലൂസോയെടുത്ത കോര്‍ണര്‍ കിക്കിനെ ഹെഡ് ചെയ്താണ് ജെജെ ടീമിനായ് ഗോള്‍ കണ്ടെത്തിയത്. ഗോള്‍ വഴക്കത്തോടെ മുംബൈ താരങ്ങള്‍ കൂടുതല്‍ ഉണര്‍ന്ന് കളിച്ചെങ്കിലും ചെന്നൈയ്ന്‍ പ്രതിരോധത്തെ ഭേദിക്കാനായില്ല.  കളിയുടെ 88ാം മിനിറ്റില്‍ ചെന്നൈയ്ന്‍ വിജയ മോഹങ്ങളെ തല്ലിതകര്‍ത്ത് മുംബൈ സമനില ഗോള്‍ സ്വന്തമാക്കി. ലിയോ കോസ്റ്റയാണ് മുംബൈയ്ക്കായി വലകുലുക്കിയത്. കളി മുഴുവന്‍ സമയം പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകളും 1-1 സമനിലയില്‍ പിരിയുകയായിരുന്നു.സമിലയോടെ എട്ട് മല്‍സരങ്ങളില്‍നിന്ന് 12 പോയിന്റുകളുമായി കൊല്‍ക്കത്തയെ പിന്തള്ളി മുംബൈ ഒന്നാമതെത്തി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day