|    Dec 18 Tue, 2018 9:12 pm
FLASH NEWS
Home   >  Editpage  >  Readers edit  >  

ചെന്നൈയില്‍ നിന്നുള്ള പാഠം

Published : 20th December 2015 | Posted By: SMR

slug-enikku-thonnunnathuവി കെ എം കുട്ടി, ഈസ്റ്റ് മലയമ്മ

കടലും കരയും ആകാശവും ഇന്ന് അഭിമുഖീകരിക്കുന്ന വികസനമെന്ന വിഭ്രാന്തിയുടെ വിവിധ ദൃശ്യവശങ്ങളിലേക്കു വിരല്‍ ചൂണ്ടുന്ന ഒരു മഹാദുരന്തമായിരുന്നു ചെന്നൈയില്‍ സംഭവിച്ചത്. ഇന്നു ചെന്നൈ ആണെങ്കില്‍ നാളെ നമ്മളാവാം, അല്ലെങ്കില്‍ മറ്റേതെങ്കിലുമൊരു രാഷ്ട്രമാവാം. ദൈവത്തിന് ആരോടും പക്ഷപാതമോ പ്രത്യേക താല്‍പര്യേമാ ഇല്ല. മുഴുവന്‍ ജനതയോടും ജാതി-മത-ദേശ-ഭാഷകള്‍ക്കതീതമായി കരുണാകടാക്ഷത്തോടുകൂടിയാണ് ദൈവം പ്രവര്‍ത്തിക്കുന്നത്. ദൈവനീതിക്ക് അനേകം അര്‍ഥതലങ്ങളുണ്ട്. വിശദീകരണത്തിന് അപ്പുറമാണത്.
പ്രകൃതിദുരന്തത്തിനു മനുഷ്യനോളം പഴക്കമുണ്ട്. ഈയിടെയാണ് നേപ്പാളില്‍ വലിയ ഭൂകമ്പമുണ്ടായത്. ലോകത്ത് ദുരന്തങ്ങള്‍ സംഭവിക്കുന്നത് ഭൂമിയുടെ ഭൂപടം ദൈവം മാറ്റിവരയ്ക്കുമ്പോഴാണെന്ന് ചില ശ്രുതികളില്‍ കാണുന്നുണ്ട്. ഒപ്പം അനന്തസാധ്യതകളില്‍ കണ്ണുനട്ടുള്ള മനുഷ്യന്റെ അഹങ്കാരവും അതിരുകളില്ലാത്ത വികസനസിദ്ധാന്തവും ദുരന്തങ്ങള്‍ക്കു വഴിവയ്ക്കുന്നുണ്ടാവും.
നാഗരികതയുടെ വളര്‍ച്ചയില്‍ നമുക്ക് അഭിമാനിക്കാമെങ്കിലും നമ്മുടെ മാനസികാവസ്ഥയും അതിരുകടക്കുന്ന പരിഷ്‌കാരങ്ങളുമെല്ലാം ഒരു പുനരാലോചനയ്ക്കു വിധേയമാക്കണമെന്ന സന്ദേശം ചെന്നൈ നമുക്കു കൈമാറുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുമെല്ലാം മനുഷ്യര്‍ ഉണ്ടാക്കുന്നതാണ്. ഇതിന്റെ പരിണിതഫലങ്ങളാണ് സമുദ്രനിരപ്പ് ഉയരല്‍, മഞ്ഞുമലകള്‍ ഉരുകല്‍, പായല്‍ ജനുസ്സുകളുടെ നാശം തുടങ്ങിയവ.
ചെന്നൈയില്‍ മതവും ദേശവും ഭാഷയും ആരെയും സംരക്ഷിച്ചില്ല. സസ്യങ്ങളും പ്രാണികളും മൃഗങ്ങളുമെല്ലാം മനുഷ്യന്റെ ഇടപെടല്‍ കാരണം നശിക്കുന്നു. ഭൂമിയില്‍ ജീവനുള്ള സര്‍വ വസ്തുക്കളും പരസ്പരം കടപ്പെട്ടിരിക്കുന്നുവെന്ന സത്യം മനുഷ്യന്‍ മറക്കുന്നു. ഇതിന്റെയൊക്കെ അനന്തരഫലങ്ങളാവാം ചെന്നൈ അനുഭവിക്കുന്നത്. സര്‍ക്കാര്‍, ഉദ്യോഗസ്ഥര്‍, പ്രജകള്‍ എല്ലാം അതിരുവിട്ട വികസനങ്ങളില്‍ പങ്കാളികളാകുന്നു. ഓരോരുത്തരും പ്രകൃതിയുടെ അന്തകരാകുന്നു. പരസ്പരം കുറ്റപ്പെടുത്തുന്നു.
ശക്തിയുടെ പാരമ്യത്തിലെത്തിയ ജലം ഏത് ഉന്നതനെയും കീഴ്‌പ്പെടുത്തും. അതാണ് ചെന്നൈ നല്‍കിയ പാഠം. വളര്‍ച്ചയുടെ പൂര്‍ണത നാശത്തിന്റെ ആരംഭമാണെന്ന് താവോ എഴുതിയിട്ടുണ്ട്. ഈ സത്യമായിരിക്കുമോ പുലര്‍ന്നുകൊണ്ടിരിക്കുന്നത്! പ്രകൃതിദുരന്തങ്ങളും മാരകരോഗങ്ങളും നമ്മെ വല്ലാതെ പിന്തുടരുന്നുണ്ട്.
ഭൂമിക്ക് മനുഷ്യന്റെ മുന്നോട്ടുള്ള പ്രയാണം ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പ്രകൃതിക്ക് ആരോടും പരിഭവമില്ല. തന്റെ ദൗത്യം ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. പ്രപഞ്ചനിയമത്തിന്റെ മൂല്യഘടനാചലനങ്ങള്‍ക്ക് അനിവാര്യമാണത്. മറിച്ചുള്ള ചിന്തകളും തലതിരിഞ്ഞ വികസനപ്രക്രിയകളുമാണ് സര്‍വനാശത്തിലേക്ക് മനുഷ്യനെ ആനയിക്കുന്നത്. മനുഷ്യരും പ്രകൃതിയും പരസ്പരം യോജിക്കുന്ന സങ്കല്‍പത്തിന്റെ പുനരുജ്ജീവനമാണ് വേണ്ടത്. ഹരിതദര്‍ശനത്തിന്റെ സാധ്യതകള്‍ മുതലാളിത്ത വികസന സിദ്ധാന്തങ്ങളില്‍ കുടുങ്ങി അകാലചരമം പ്രാപിക്കുന്നത് തടയണം.
പ്രകൃതിയുടെ നേരെയുള്ള മനുഷ്യരാശിയുടെ കടന്നാക്രമണം സകല സീമകളും ലംഘിച്ചിരിക്കുകയാണെന്നു തീര്‍ച്ച. ജലവും വായുവും ഭൂമിയും മാത്രമല്ല, ബഹിരാകാശം പോലും ഇന്ന് മലിനീകൃതമായി മാറിയിരിക്കുന്നു. വികസനവും പുരോഗതിയുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത്തരം വികസന സമീപനം ലോകം ഉപേക്ഷിക്കുകയല്ലാതെ നിലനില്‍പ്പിന് വേറെ മാര്‍ഗമില്ല. സമീപ കാലത്ത് ഇത്തരം വിഷയങ്ങളെ സംബന്ധിച്ച് ആഗോളതലത്തില്‍ ചര്‍ച്ചകളും സംവാദങ്ങളും നടക്കുന്നത് സന്തോഷകരം തന്നെ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss