|    Dec 19 Wed, 2018 3:36 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ചെന്നൈയിലെ ദുരന്തംപാഠമാവണം

Published : 4th December 2015 | Posted By: swapna en

ഒരാഴ്ചയിലേറെയായി തുടരുന്ന കനത്ത മഴ ചെന്നൈയിലും പരിസരങ്ങളിലും നാശം വിതയ്ക്കുകയാണ്. നഗരം നിശ്ചലമായിരിക്കുന്നു. 250ലേറെ പേര്‍ക്കു ജീവഹാനി നേരിട്ടതായാണ് ഇതുവരെയുള്ള വിവരം. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയ്ക്കുണ്ടായ ഏറ്റവും കനത്ത വര്‍ഷപാതമാണ് ഇത്തവണത്തേത് എന്നാണ് കണക്ക്. നദികള്‍ കരകവിഞ്ഞൊഴുകുന്നു. താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിലാണ്. വീടുകള്‍ തകര്‍ന്നു. ആയിരക്കണക്കിന് ആളുകള്‍ ഒറ്റപ്പെട്ട മേഖലകളില്‍ കുടുങ്ങിയിരിക്കുന്നു. മുന്‍കരുതലെന്ന നിലയില്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാല്‍ വീടുകള്‍ ഇരുട്ടിലാണ്. ഫോണുകള്‍ മൊബൈല്‍ ഉള്‍പ്പെടെ നിശ്ചലമായതിനാല്‍ പരസ്പരം വിവരങ്ങള്‍ അറിയാന്‍ പോലും സാധിക്കുന്നില്ല. റോഡ്-തീവണ്ടി ഗതാഗതം നിലച്ചിരിക്കുന്നു. റണ്‍വേയില്‍ വെള്ളം കയറിയതിനാല്‍ പറന്നുയരാനാവാതെ വിമാനങ്ങള്‍ റദ്ദാക്കേണ്ടിവന്നു. നിരവധി യാത്രക്കാര്‍ ചെന്നൈ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു. ഞായറാഴ്ച വരെ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. കര-വ്യോമ-നാവികസേനകളും ദേശീയ ദുരന്തനിവാരണ സേനയും നിരവധി സാമൂഹിക സംഘടനകളും കര്‍മനിരതരായി രംഗത്തുണ്ട്. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും ഹെലികോപ്റ്ററുകളിലും വഞ്ചികളിലും എത്തിക്കാനും അവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുന്നതിനും ഈ വിഭാഗങ്ങള്‍ നിര്‍വഹിക്കുന്ന സേവനം തുല്യതയില്ലാത്തതാണ്. ഇത്തരം പ്രകൃതിദുരന്തവേളകള്‍ ജാതി-മതഭേദങ്ങള്‍ക്കപ്പുറത്തു മനുഷ്യത്വം നിലനില്‍ക്കുന്നുവെന്ന തിരിച്ചറിവു പകരുന്ന സന്ദര്‍ഭങ്ങളാണ്. ആദ്യം അനുവദിച്ച 940 കോടി രൂപയ്ക്കു പുറമേ 1,000 കോടി രൂപ കൂടി കേന്ദ്രം പ്രളയക്കെടുതി നേരിടുന്നതിനു സഹായം നല്‍കുമെന്ന് ഇന്നലെ ചെന്നൈയില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയിലെ പ്രളയദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നു. ദുരന്തത്തിന്റെ വ്യാപ്തിയും പ്രത്യാഘാതങ്ങളും പരിഗണിക്കുമ്പോള്‍ ഈ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അതീവപ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണ്. ദുരന്തവേളകള്‍ പരസ്പരം കലഹിക്കാനും ആരെയും കുറ്റപ്പെടുത്താനുമുള്ള അവസരമല്ല. കഷ്ടപ്പെടുന്നവര്‍ക്ക് അടിയന്തരമായി സഹായം എത്തിക്കുകയെന്നതാണ് പ്രധാനം. എന്നാല്‍, അതിനൊപ്പം തന്നെ എന്തുകൊണ്ട് ചെന്നൈയില്‍ ഈ ദുരന്തം എന്ന ചോദ്യവും ഉയരേണ്ടതുണ്ട്. കഴിഞ്ഞ ഒന്നര ദശകത്തിനകം ശരിയായ ആസൂത്രണം കൂടാതെ താഴ്ന്ന പ്രദേശങ്ങള്‍ നികത്തുന്നതും നദിയുടെ കരകളില്‍ കൈയേറ്റം നടത്തുന്നതും നഗരത്തില്‍ കണക്കില്ലാതെ വര്‍ധിച്ചു. ബഹുനില മന്ദിരങ്ങളുടെയും വന്‍ വ്യവസായശാലകളുടെയും നിര്‍മാണവും നഗരത്തിന്റെ മുഖമുദ്ര മാറ്റി. നാടെങ്ങും കോണ്‍ക്രീറ്റ് കാടുകള്‍ ഉയര്‍ത്തുമ്പോള്‍ മനുഷ്യന്‍ വിസ്മരിക്കുന്ന ചില യാഥാര്‍ഥ്യങ്ങളെക്കുറിച്ച് പ്രകൃതി ഓര്‍മിപ്പിക്കുന്നത് കൊടുങ്കാറ്റിലൂടെയും അതിവര്‍ഷത്തിലൂടെയുമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss