|    Jul 24 Mon, 2017 10:22 pm
FLASH NEWS

ചെന്നൈക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് രണ്ടരപ്പതിറ്റാണ്ടായി മുടങ്ങിക്കിടക്കുന്നു

Published : 14th July 2017 | Posted By: fsq

 

പാലക്കാട്: ദിനംപ്രതി നിരവധി യാത്രക്കാരുണ്ടായിട്ടും സര്‍വീസുകള്‍ ലാഭമുണ്ടാക്കുന്നുണ്ടെന്നറിഞ്ഞിട്ടും പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ചെന്നൈലേക്ക്  സര്‍വീസുകള്‍ നടത്തുന്നില്ല.  ഇതുസംബന്ധിച്ച് കെഎസ്ആര്‍ടിസി ഡിപ്പോയുടെ  ശിലാസ്ഥാപനം നടത്തിയ സമയത്ത് ഷാഫി പറമ്പില്‍ എംഎല്‍എ മുഖേന ഗതാഗതമന്ത്രിക്ക്  നിവേദനം നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. 1993വരെ  ചെന്നൈലേക്ക് പാലക്കാട്ടു നിന്ന് ഒരു സര്‍വീസ്  നടത്തിയിരുന്നു. എന്നാല്‍, സംസ്ഥാന അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലെത്തുമ്പോള്‍ ഈടാക്കുന്ന ടിക്കറ്റ് തുക നേര്‍പകുതിയാവുമെന്നതിനാലാണ് മുമ്പ് ഈ സര്‍വീസ് അവസാനിപ്പിച്ചത്. തമിഴ്‌നാട് സര്‍ക്കാരിന്റെ അന്തര്‍സംസ്ഥാന സര്‍വീസും സംസ്ഥാന സര്‍ക്കാരിന്റെ സര്‍വീസും തമ്മില്‍ ഇപ്പോള്‍ എട്ട് പൈസയുടെ വ്യത്യാസം മാത്രമാണുള്ളത്. ഈ സാഹചര്യത്തില്‍ ചെന്നൈയിലേക്കുള്ള സര്‍വീസ് തുടങ്ങുന്നത് ലാഭകരമായിരിക്കുമെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നു. വെള്ളപ്പൊക്കമുണ്ടായപ്പോള്‍ പാലക്കാട്ടു നിന്ന് ചെന്നൈലേക്ക് അടിയന്തര സര്‍വീസുകള്‍ നടത്തിയിരുന്നു.  പിന്നീട്  നിര്‍ത്തലാക്കി. നിലവില്‍ പാലക്കാട്ടുനിന്ന് ചെന്നൈലേക്ക്  തമിഴ്‌നാട് സര്‍ക്കാരിന്റെ മൂന്ന് സര്‍വീസുകള്‍ മാത്രമാണുള്ളത്. എറണാകുളത്തു നിന്നും ഗുരുവായൂരില്‍ നിന്നും തൃശ്ശൂരില്‍ നിന്നും തുടങ്ങുന്നവയാണ് ഇവ. ഇതില്‍ മിക്കതും  സീറ്റൊഴിവില്ലാതെയാണ് പാലക്കാട്ടെത്തുക. പാലക്കാട്ടുനിന്ന് ചെന്നൈ വരെ പോകേണ്ടവര്‍ക്ക് ഈ സര്‍വീസുകള്‍ ലഭിക്കാതെ വരുമ്പോള്‍ അധിക ചാര്‍ജ് നല്‍കി സ്വകാര്യ ബസ്സുകളില്‍ പോവുകയാണ് ചെയ്യുന്നത്. വൈകീട്ട് ആറിനും പത്തിനും  ഇടയില്‍ ഏകദേശം 15 സര്‍വീസുകളാണ് തമിഴ്‌നാട് സര്‍ക്കാര്‍ കോയമ്പത്തൂരില്‍ നിന്ന് നടത്തുന്നത്. നിരവധി സ്വകാര്യ സര്‍വീസുകളും പാലക്കാട്ടുനിന്നുമുണ്ട്. ലാഭകരമായ സര്‍വീസാണെങ്കിലും നടത്താന്‍ അന്തര്‍സംസ്ഥാന അനുമതി ലഭിക്കേണ്ടതടക്കമുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് കെഎസ്ആര്‍ടിസി അധികൃതരുടെ വിശദീകരണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക