|    Apr 26 Wed, 2017 1:25 pm
FLASH NEWS

ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയ നിര്‍മാണം അന്തിമ ഘട്ടത്തില്‍

Published : 26th June 2016 | Posted By: SMR

പത്തനംതിട്ട: ചെന്നീര്‍ക്കരയിലെ കേന്ദ്രീയവിദ്യാലയത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. വരുന്ന നവംബറില്‍ കെട്ടിടനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും ഈ അധ്യയന വര്‍ഷത്തില്‍ തന്നെ പുതിയ കെട്ടിടത്തില്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുമെന്നും ആന്റോ ആന്റണി എംപി പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞദിവസം എംപിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.
കെട്ടടത്തിന്റെ 55 ശതമാനം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായി കേന്ദ്ര പൊതുമരാമത്ത് എന്‍ജിനിയര്‍മാര്‍ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിടം ചെന്നീര്‍ക്കര, മുറിപ്പാറയിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. ആധുനിക സാങ്കേതികവിദ്യകളോടുകൂടിയ ക്ലാസ് മുറികളാണ് കെട്ടിടത്തില്‍ തയ്യാറാക്കുന്നത്. 6.5 ഏക്കര്‍ സ്ഥലത്ത് 28000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്നുനിലകളിലായാണ് കെട്ടിടം പൂര്‍ത്തിയാക്കുന്നത്. 29 കോടി രൂപയാണ് നിര്‍മാണച്ചെലവ്. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒരു ബാച്ചിന് മൂന്നു ഡിവിഷന്‍ എന്ന നിലയില്‍ 36 ക്ലാസ് മുറികളാണ് ക്രമീകരിച്ചിരിക്കുന്നത്. ലാബ്, ഓഫിസ് തുടങ്ങിയ മറ്റാവശ്യങ്ങള്‍ക്കായി 12 മുറികളും ഉണ്ട്. 4500 വിദ്യാര്‍ഥികളെ വരെ ഇവിടെ ഉള്‍ക്കൊള്ളാനാവും.
വയലാര്‍ രവി കേന്ദ്രമന്ത്രിയായിരിക്കേ തറക്കല്ലിട്ട കെട്ടിടത്തിന്റെ പൈലിങ് ജോലികള്‍ അടക്കമുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ 2014 സപ്തംബറിലാണ് ആരംഭിച്ചത്. സമീപത്തുകൂടി ഒഴുകുന്ന അച്ചന്‍കോവിലാര്‍ കര കവിയുമ്പോള്‍ വെള്ളം കയറുന്ന ഭൂമി രണ്ടു മീറ്റര്‍ വരെ മണ്ണിട്ടുയര്‍ത്തിയ ശേഷമാണ് കെട്ടിടം നിര്‍മാണം തുടങ്ങിയത്.
മൈതാനത്തും പാര്‍ക്കിങ് ഏരിയയിലും വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ കെട്ടിടത്തിന്റെ ചുറ്റുമുള്ള സ്ഥലവും മണ്ണിട്ടുയര്‍ത്തേണ്ടി വരും. കെട്ടിടത്തിന്റെ രണ്ടുഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗം ഇന്‍ഡോര്‍ സ്റ്റേഡിയവും ആഡിറ്റോറിയവുമായി ഉപയോഗിക്കാന്‍ കഴിയത്തക്ക രീതിയിലാണ് നിര്‍മാണം. സ്‌കൂള്‍ കാംപസിനോട് ചേര്‍ന്ന് അധ്യാപകര്‍ക്കുള്ള താമസസ്ഥലവും നിര്‍മിക്കുന്നുണ്ട്. 2010 ല്‍ പ്രവര്‍ത്തനമാരംഭിച്ച കേന്ദ്രീയ വിദ്യാലയം പന്ന്യാലി ഗവണ്‍മെന്റ് സ്‌കൂളിലാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 561 കുട്ടികളാണ് ഇപ്പോഴുള്ളത്.
സ്ഥലപരിമിതി മൂലം നിലവില്‍ എല്ലാ ക്ലാസുകളിലും ഒരു ഡിവിഷന്‍ വീതമാണ് പ്രവര്‍ത്തിക്കുന്നത്. ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയോടെയാണ് ആദ്യ ബാച്ച് പുറത്തിറങ്ങിയത്. പത്താംക്ലാസില്‍ നൂറുശതമാനം വിജയം നേടി. പത്ത് വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.ആന്റോ ആന്റണിക്കൊപ്പം ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ബി സത്യന്‍, ജില്ലാ പഞ്ചായത്തംഗം ലീലാ മോഹന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്, ബ്ലോക്ക്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആലീസ് രവി, കെ എസ് പാപ്പച്ചന്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ജെസി ബേബി, രാധാമണി സുധാകരന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീഗോവിന്ദ് ദുബൈ, മുതിര്‍ന്ന അധ്യാപകന്‍ റോയി ഉമ്മന്‍ തുടങ്ങിയവരുമുണ്ടായിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day