|    Mar 23 Thu, 2017 5:58 am
FLASH NEWS

ചെന്നിത്തലയുമായി അകന്ന് നേതാക്കള്‍; ഐ ഗ്രൂപ്പ് പിളര്‍പ്പിലേക്ക്

Published : 23rd July 2016 | Posted By: SMR

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഐ ഗ്രൂപ്പിലുണ്ടായ അസ്വാരസ്യങ്ങ ള്‍ പിളര്‍പ്പിലേക്കു വഴിവയ്ക്കുന്നു. ഗ്രൂപ്പിലെ പ്രമുഖ നേതാക്കളെല്ലാം രമേശ് ചെന്നിത്തലയുമായി അകന്നുനില്‍ക്കുകയാണ്. വിശാല ഐ ഗ്രൂപ്പ് തന്നെ ഇല്ലാതാക്കുംവിധമാണ് പുതിയ സംഭവവികാസങ്ങള്‍. ഗ്രൂപ്പിനെ നയിക്കുന്ന രമേശ് ചെന്നിത്തല മറ്റു നേതാക്കളെ വിശ്വാസത്തിലെടുക്കുന്നില്ലെന്നാണ് പ്രധാന പരാതി. നിര്‍ണായക സാഹചര്യങ്ങളില്‍ ആരോടും ആലോചിക്കാതെ ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നുവെന്നും ഗ്രൂപ്പ് നേതാക്കള്‍ക്കു പരാതിയുണ്ട്. കൂടാതെ, രമേശ് ചെന്നിത്തല വിളിച്ച ഗ്രൂപ്പ് യോഗത്തില്‍ നിന്ന് പ്രമുഖ നേതാക്കള്‍ വിട്ടുനില്‍ക്കുകയും ചെയ്തു. യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ മാത്രമാണ് യോഗത്തിനെത്തിയ പ്രമുഖന്‍. ഇതോടെ വിശാല ഐ ഗ്രൂപ്പ് തകര്‍ന്നുവെന്നാണ് ഒരു വിഭാഗം നേതാക്കള്‍ അവകാശപ്പെടുന്നത്.
ഗ്രൂപ്പില്‍ നിന്ന് അകന്ന നേതാക്കളില്‍ ഒരു വിഭാഗം ഗ്രൂപ്പ് രഹിതരായും മറ്റൊരു വിഭാഗം സുധീരന്‍ പക്ഷത്തും നിലയുറപ്പിച്ചതായാണു സൂചന. ഗ്രൂപ്പിലെ പ്രമുഖരായ കെ മുരളീധരന്‍, വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, കെ സുധാകരന്‍, അടൂര്‍ പ്രകാശ്, പന്തളം സുധാകരന്‍, പത്മജ വേണുഗോപാല്‍ എന്നിവരാണ് ഐ ഗ്രൂപ്പിനെ കൈയൊഴിഞ്ഞത്. മുന്‍ കേന്ദ്രമന്ത്രി കൂടിയായ കെ സി വേണുഗോപാലാണ് അവസാനമായി ഗ്രൂപ്പില്‍ നിന്ന് അകന്നത്. പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച തര്‍ക്കത്തില്‍ വി ഡി സതീശന്‍ ഗ്രൂപ്പുമായി തെറ്റിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് സീറ്റ് സംബന്ധിച്ച തര്‍ക്കത്തിലാണ് കെ മുരളീധരന്‍ ചെന്നിത്തലയുമായി അകന്നത്. ഐ ഗ്രൂപ്പിലെ പ്രമുഖനായിരുന്ന മുന്‍മന്ത്രി അടൂര്‍ പ്രകാശ് നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പേ എ ഗ്രൂപ്പിലേക്കു ചേക്കേറിയിരുന്നു. ഗ്രൂപ്പില്‍ നിന്ന് അകന്നവരില്‍ വി ഡി സതീശന്‍, പന്തളം സുധാകരന്‍ എന്നിവര്‍ സുധീരന്‍ അനുകൂല നിലപാടാണു സ്വീകരിക്കുന്നത്. കെ മുരളീധരന്‍, കെ സുധാകരന്‍, പത്മജ വേണുഗോപാ ല്‍ എന്നിവര്‍ ഗ്രൂപ്പ്‌രഹിതരായി നിലകൊള്ളും. കെപിസിസി പ്രസിഡന്റിനെ മാറ്റുന്നുവെങ്കില്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുന്ന ആരെയും ഗ്രൂപ്പ് നോക്കാതെ പിന്തുണയ്ക്കണമെന്നാണ് ഇവരുടെ നിലപാട്.
ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിക്കാന്‍ ചെന്നിത്തല ശ്രമിക്കുന്നുണ്ടെങ്കിലും ഇവരുടെ പ്രതികരണം അനുകൂലമല്ലെന്നാണു സൂചന. ജോസഫ് വാഴയ്ക്കനാണ് ഇപ്പോള്‍ ഐ ഗ്രൂപ്പിലെ രണ്ടാമന്‍. എന്നാല്‍, കെ മുരളീധരനെ ഉയര്‍ത്തിക്കാട്ടി ചെന്നിത്തലയെ ഒതുക്കാനുള്ള നീക്കമാണു നടക്കുന്നതെന്നാണ് ഒരു വിഭാഗം ഐ ഗ്രൂപ്പുകാര്‍ പറയുന്നത്. ഇതിന് എ ഗ്രൂപ്പിന്റെ പിന്തുണയുള്ളതായും ഇവര്‍ ആരോപിക്കുന്നു.

(Visited 27 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക