|    Apr 25 Wed, 2018 12:02 am
FLASH NEWS
Home   >  Pravasi  >  Gulf  >  

‘ചെത്ത്’ തൊഴിലാളികളിലേക്ക് കാമറക്കണ്ണ് തുറന്ന് ഖാലിദ് അല്‍ബൈ

Published : 29th October 2016 | Posted By: SMR

ദോഹ: ഗള്‍ഫ് രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്കോടിയെത്തുക അവരുട നീല നിറത്തിലുള്ള ജംപ്‌സ്യൂട്ടും മഞ്ഞ ഹെല്‍മറ്റുമാണ്. എന്നാല്‍, ഇവരില്‍ പലരും വെള്ളിയാഴ്ച ദിനങ്ങളില്‍ ഫാഷന്‍ മോഡലുകളെ പോലും നിഷ്പ്രഭരാക്കുന്ന രീതിയില്‍ ‘ചെത്ത്’ വസ്ത്രങ്ങള്‍ ധരിച്ച് പുറംലോകത്തേക്കിറങ്ങുന്നവരാണ്. കോര്‍ണിഷിലും പൊതുപാര്‍ക്കുകളിലും കൂട്ടുകൂടുന്ന ഇവരിലേക്ക് കാമറക്കണ്ണു പായിക്കുകയാണ് ദോഹ ഫാഷന്‍ ഫ്രൈഡേയ്‌സ്. ഖത്തറിലെ പ്രമുഖ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റ് ഖാലിദ് ആല്‍ബൈയാണ് ഈ ആശയത്തിന് പിന്നില്‍. ഖത്തറിനെ നിര്‍മിക്കുന്ന സാധാരണക്കാരായ തൊഴിലാളികളുടെ സ്റ്റൈല്‍ ലോകത്തിന് മുന്നിലെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
നീല ജംപ്‌സ്യൂട്ടില്‍ ബസ്സുകളില്‍ ജോലി സ്ഥലത്തേക്കും തിരിച്ചും പോകുന്ന നിരവധി തൊഴിലാളികള്‍ ഖത്തറിലുണ്ട്. സാധാരണ മനുഷ്യരുടെ രൂപത്തില്‍ അവരെ ആരും കാണുകയോ അറിയുകയോ ചെയ്യുന്നില്ല. അവരുടെ കഥയാണ് താന്‍ പറയാന്‍ ശ്രമിക്കുന്നത്.
ഇന്‍സ്റ്റാഗ്രാമിലും ടംബ്ലറിലും ഈയാഴ്ച ആരംഭിച്ച ഫാഷന്‍ ഫ്രൈഡേയ്‌സില്‍ ഇതിനകം ഒരു ഡസനോളം തൊഴിലാളികള്‍ പങ്കാളികളായി. ദോഹ കോര്‍ണിഷില്‍ ഫോട്ടോഗ്രാഫറുടെയും പരിഭാഷകന്റെയും സഹായത്തോടെ നിരവധി വെള്ളിയാഴ്ചകള്‍ ചുറ്റിയടിച്ചാണ് അല്‍ബായി ഇവരെ പകര്‍ത്തിയത്.
മനോഹരമായി വസ്ത്രം ധരിച്ച തൊഴിലാളികളെ കണ്ടെത്തി താല്‍പര്യമുള്ളവരെ കാമറയില്‍ പകര്‍ത്തുകയാണ് ചെയ്യുന്നത്. വ്യക്തിയുടെ പൂര്‍ണ ചിത്രത്തോടൊപ്പം പേര്, വയസ്സ്, ജോലി, രാജ്യം, ഇഷ്ടപ്പെട്ട ഫാഷന്‍ താരം എന്നിവ ഉള്‍പ്പെടുത്തിയാണ് ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്.
തൊഴിലാളിയുടെ ജീവചരിത്രവും പ്രതികരണങ്ങളും കൂടി ഉള്‍പ്പെടുത്തി ഇത് വിപുലപ്പെടുത്താന്‍ പദ്ധതിയുണ്ടെന്ന് അല്‍ബായി പറഞ്ഞു.
മനോഹരമായി തുന്നിയ പിങ്ക് കുര്‍ത്ത, ലോഹം പതിച്ച ബെല്‍റ്റ്, ബോംബര്‍ ജാക്കറ്റ് ഇങ്ങിനെ ആധുനിക ഫാഷന്‍ തരംഗം അപ്പാടെ പകര്‍ത്തിയ നിരവധി സാധാരണ തൊഴിലാളികളെ അല്‍ബായി കോര്‍ണിഷില്‍ കണ്ടെത്തി. നേപ്പാള്‍, ഇന്ത്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പ്രധാനമായും ഇതിനകം കാമറയില്‍ കുടുങ്ങിയത്. നടന്‍മാര്‍, ഗായകര്‍, മറ്റു സെലിബ്രിറ്റികള്‍ എന്നിവരാണ് ഇവരില്‍ പലരുടെയും മാതൃകകള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss