|    Jul 21 Fri, 2017 6:15 am
FLASH NEWS
Home   >  Life  >  Travel and Food  >  

ചെണ്ടുമല്ലിപുരത്ത് പൂക്കാലമായി

Published : 11th August 2016 | Posted By: Navas Ali kn

ഓറഞ്ചുനിറത്തിലുള്ള ചേല ചുറ്റിയ തമിഴ് പെണ്‍കൊടിയെ പോലെയാണ് ചെന്‍മല്ലിപുരത്തെ ചെണ്ടുമല്ലി പാടങ്ങള്‍. പുലര്‍ക്കാലത്ത് മഞ്ഞുപെയ്യുമ്പോള്‍ നാണത്താല്‍ തലകുനിച്ചും, ഇളംകാറ്റില്‍ പാറിപ്പോകാതെ ഓറഞ്ചുചേലയൊതുക്കിയും, പൊന്‍വെയിലില്‍ വിടര്‍ന്ന് ചിരിച്ചും സന്ധ്യ മയങ്ങുമ്പോള്‍ അടുത്ത പുലരിയെ കിനാവു കണ്ടുമുറങ്ങുന്ന ചെണ്ടുമല്ലി പൂക്കള്‍. പൂത്തുവിടര്‍ന്ന ചെണ്ടുമല്ലി പാടങ്ങള്‍ ചെന്‍മല്ലിപുരത്തിന് മറ്റൊരു പേര് കൂടി സമ്മാനിച്ചു, ചെണ്ടുമല്ലിപുരം. ചോളവും അമരയും നിലക്കടലയും കൃഷി ചെയ്യുന്ന വയലുകള്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ചെണ്ടുമല്ലിയുടെ ഓറഞ്ച് ചേലയണിയുക. അപ്പോള്‍ കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിനടുത്തുള്ള ചെന്‍മല്ലിപുരത്തും സമീപ ഗ്രാമങ്ങളായ ബേരമ്പാടി, മദ്ദൂര്‍, ഹൊങ്കള്ളി, കക്കല എന്നിവിടങ്ങളിലും മല്ലികപ്പാടങ്ങള്‍ പൂത്തുലയും. ഓറഞ്ചു നിറം പരന്നൊഴുകുന്ന പുഴ പോലെയാകും അക്കാലത്ത് വയലുകള്‍.
കണ്ണുകളില്‍ വര്‍ണ്ണവും മനസ്സില്‍ സ്വപ്‌നങ്ങളും വിരിയിയ്ക്കുന്നവരാണ് ചെന്‍മല്ലിപുരത്തെ കര്‍ഷകര്‍. ഗൗണ്ടര്‍മാരും ദലിതുകളുമായ കൃഷിക്കാരാണ് ഏറെയും. മിക്കവരും മൂന്ന് ഏക്കറില്‍ താഴെ മാത്രം ഭൂമിയുള്ളവര്‍. കൃഷിഭൂമിയില്ലാത്തതിനാല്‍ വീടിനോടു ചേര്‍ന്ന അല്‍പ്പം സ്ഥലത്തുപോലും ചെണ്ടുമല്ലി കൃഷിചെയ്യുന്നവരുമുണ്ട്. മുതിരയും റാഗിയും കരിമ്പും വിളയിച്ചിരുന്ന ചെന്‍മല്ലിപുരത്തെ കര്‍ഷകര്‍ 12 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ചെണ്ടുമല്ലി കൃഷിയിലേക്കു തിരിഞ്ഞത്. ടോപ്പി രാജപ്പ ഗൗണ്ടറാണ് ചെന്‍മല്ലിപുരത്ത് ആദ്യമായി ചെണ്ടുമല്ലിയുടെ വിത്തെറിഞ്ഞത്. എ.വി.ടി പോലെയുള്ള വന്‍കിട കമ്പനികള്‍ ചെണ്ടുമല്ലിയുടെ വ്യാവസായിക സാധ്യത തിരിച്ചറിഞ്ഞതോടെ കര്‍ഷകരെ ചെണ്ടുമല്ലി കൃഷിക്ക് പ്രേരിപ്പിക്കുകയായിരുന്നു. ഇതിനായി ഗ്രാമങ്ങള്‍ തോറും ഏജന്റുമാരെയും നിയമിച്ചു. കിലോയ്ക്ക് 500 രൂപ നിരക്കില്‍ വിത്ത് കമ്പനി നല്‍കി. പ്രത്യുല്‍പ്പാദന ശേഷിയില്ലാത്ത ബി.ഒ.ടി വിത്തുകളായിരുന്നു ഇത്. മല്ലികപ്പൂക്കള്‍ കിലോയ്ക്ക് രണ്ടു രൂപ നിരക്കിലാണ് വാങ്ങിയിരുന്നത്. എന്നിട്ടു പോലും ചെണ്ടുമല്ലി കൃഷിയില്‍ കര്‍ഷകര്‍ സംതൃപ്തരായിരുന്നു. മാര്‍ച്ചില്‍ വിത്തിറക്കിയാല്‍ മൂന്നു മാസത്തിനു ശേഷം വിളവെടുക്കാമെന്നതും പൂക്കള്‍ വാങ്ങാന്‍ കമ്പനി പ്രനിധികള്‍ നിത്യവും എത്തുമെന്നതും കൂടുതല്‍ കര്‍ഷകരെ ചെണ്ടുമല്ലി കൃഷിയിലേക്ക്് ആകര്‍ഷിച്ചു. ക്രമേണ സമീപ ഗ്രാമങ്ങളിലേക്കും ചെണ്ടുമല്ലി കൃഷി വ്യാപിച്ചു. 250തോളം കര്‍ഷകരാണ് ഈ പ്രദേശങ്ങളില്‍ ചെണ്ടുമല്ലി കൃഷി ചെയ്യുന്നത്.എ.വി.ടിയ്ക്കു പുറമെ ടാങ്കര്‍.സിന്തറ്റിക് എന്നീ കമ്പനികളും ചെണ്ടുമല്ലി പൂക്കള്‍ വാങ്ങാനെത്തുന്നുണ്ട്.
ഇവിടെ വിരിയുന്ന ചെണ്ടുമല്ലിപൂക്കളില്‍ വളരെ കുറച്ചു മാത്രമാണ് വിവാഹ,ആഘോഷാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. കൂടുതലും എത്തുന്നത് വന്‍കിട വ്യവസായശാലകളിലേക്കാണ്. മരുന്ന്, സൗന്ദര്യ സംവര്‍ദ്ധക വസ്തുക്കള്‍,എസന്‍സ്,പെയിന്റ്,തുടങ്ങി കാലിതീറ്റയായിവരെ വളരുന്നു ചെണ്ടുമല്ലിയുടെ വ്യവസായ സാധ്യതകള്‍. ചെണ്ടുമല്ലിപ്പാടങ്ങളില്‍ വിരിയുന്ന പൂക്കളുടെ ചെറിയ ഒരംശം മാത്രമാണ് കേരളത്തിലെ പൂക്കടകളിലേക്കെത്തുന്നത്. പരുത്തിയെയും റബറിനെയും പോലെ തികച്ചും വ്യാവസായിക വിളയാണ് ഇവിടെ ചെണ്ടുമല്ലി.
മാര്‍ച്ചു മാസത്തിലാണ് ചെണ്ടുമല്ലിയുടെ കൃഷി തുടങ്ങുക. ട്രാക്ടറുപയോഗിച്ച് ഉഴുത് പാകപ്പെടുത്തുന്ന വയലില്‍ വിത്തിടുന്നതിനു വുന്‍പു തന്നെ കീടനാശിനി തളിക്കും.പിന്നീടാണ് വിത്തെറിയുക. പ്രത്യുല്‍പ്പാദന ശേഷിയില്ലാത്ത അന്തക (ബി.ടി) വിത്തുകളാണ് കൃഷിക്കുപയോഗിക്കുന്നത്.പൊട്ടാസാണ് പ്രധാന വളം.ഒരേക്കറില്‍ കൃഷിചെയ്യാന്‍ 20000ത്തോളം രൂപ ചിലവു വരുമെന്ന് കര്‍ഷകനായ ഗോപാല്‍പുരം മാധവ പറഞ്ഞു.ജൂലൈ മാസത്തില്‍ പൂക്കളുടെ വിളവെടുപ്പ് തുടങ്ങും.ആറു തവണയായുള്ള വിളവെടുപ്പ് അവസാനിക്കുക ആഗസറ്റ് പകുതിയോടെയാണ്. സ്ത്രീ തൊഴിലാളികളാണ് ചെണ്ടുമല്ലിയുടെ വിളവെടുപ്പിനുണ്ടാകുക. ഉള്‍ഗ്രാമമാണെങ്കിലും കൂലി വാങ്ങുന്ന കാര്യത്തില്‍ മറ്റാരെക്കാളും മുന്നിലാണ് ചെന്‍മല്ലിപുരത്തെ സ്ത്രീ തൊഴിലാളികള്‍. കരാറടിസ്ഥാനത്തിലാണ് പൂക്കളുടെ വിളവെടുപ്പ് ഇവര്‍ ഏല്‍ക്കുക.ഒരേക്കറിലെ പൂക്കള്‍ വിളവെടുക്കുന്നതിന് ആറായിരം രൂപയാണ് ഈ വര്‍ഷത്തെ കരാര്‍ തുക. ആറു പ്രാവശ്യമായാണ് വിളവെടുപ്പ്. ഒരേക്കറില്‍ നിന്നും പത്ത് ടണ്‍ വരെ പൂക്കള്‍ കിട്ടും. വിളെവെടുത്ത് കഴിയുന്നതോടെ പരുത്തി കൃഷിക്കു വേണ്ടി മല്ലിക ചെടികള്‍ വഴിമാറും.കൃഷിച്ചിലവും കൂലിയും കഴിഞ്ഞ് കര്‍ഷകന്റെ കൈയിലെത്തുന്നത് ഏക്കറിന് 15000 രുപ.
കര്‍ഷകരില്‍ നിന്നും കിലോയ്ക്ക് അഞ്ചു രൂപ നിരക്കില്‍ ഉടമ്പടിയിലൂടെ പൂക്കള്‍ വാങ്ങുന്ന കുത്തക കമ്പനികളാകട്ടെ കോടികളാണ് ഓരോ സാമ്പത്തിക വര്‍ഷവും ലാഭമുണ്ടാക്കുന്നത്.രാജ്യത്തെ മറ്റേതു പ്രദേശങ്ങളിലുമെന്ന പോലെ കടുത്ത ചൂഷണത്തിനു വിധേയരാകുകയാണ് ചെന്‍മല്ലിപുരത്തെ കര്‍ഷകരും.
എന്തൊക്കെയാണെങ്കിലും ചെന്‍മല്ലിപുരത്തെ ചെണ്ടുമല്ലി പാടങ്ങള്‍ അതിമനോഹരമാണ്. തരംഗസമാനം ഓറഞ്ചു പൂക്കള്‍ ഇളംകാറ്റില്‍ ആടിയുലയുന്ന മല്ലികപ്പാടങ്ങള്‍. അവയുടെ തീക്ഷ്ണ ഗന്ധം. സൗമ്യമായി തലോടുന്ന പൊന്‍വെയില്‍, പുരലരികളില്‍ കുശലം ചോദിച്ചെത്തുന്ന നേര്‍ത്ത കോടമഞ്ഞ്. ഇവയെല്ലാം ആസ്വദിക്കണമെന്നുണ്ടെങ്കില്‍ വരിക, ചെന്‍മല്ലിപുരത്തേക്ക്. കണ്ണിലും മനസ്സിലും നിറക്കാം മല്ലികപ്പാടങ്ങളുടെ മാദക ഭംഗി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക