|    Aug 22 Wed, 2018 4:39 am
FLASH NEWS

ചെങ്ങോടു മല ഖനനംപാരിസ്ഥിതികാനുമതി നല്‍കിയത് മാനദണ്ഡം മറികടന്ന്‌

Published : 12th August 2018 | Posted By: kasim kzm

പേരാമ്പ്ര: കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനം നടത്താന്‍ ഡെല്‍റ്റ ഗ്രൂപ്പിന് പാരിസ്ഥിതികാനുമതി നല്‍കിയത് മാനദണ്ഡങ്ങള്‍ മറികടന്നെന്ന് ആരോപണം. ജില്ലാ പരിസ്ഥിതി ആഘാത നിര്‍ണ്ണയ വിലയിരുത്തല്‍ സമിതി (ഡിഇഐഎഎ)യിലെ വിദഗ്ധനില്ലാതെയാണ് ഇസി നല്‍കിയത്.
ജില്ലാ കലക്ടര്‍ ചെയര്‍മാനായ ഡിഇഐഎഎയില്‍ കലക്ടെറെ കൂടാതെ ഡിഎഫ്ഒ, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മെമ്പര്‍ സെക്രട്ടറി, ഫോറസ്റ്റ് ഡിവിഷണല്‍ കമ്മീഷണറോ ചീഫ് കണ്‍സര്‍വേറ്ററോ നാമനിര്‍ദേശം ചെയ്യുന്ന പരിസ്ഥിതി വിദഗ്ധന്‍ എന്നിവരാണ് സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം വേണ്ടത്. നിലവില്‍ കോഴിക്കോട് ഡിഇഐഎ എയില്‍ വിദഗ്ധനില്ലാതായിട്ട് ഒരു വര്‍ഷത്തോളമാവുകയാണ്. ഇദ്ദേഹമില്ലാതെ നല്‍കിയ ചെങ്ങോടുമല ഖനനത്തിനുള്ള പാരിസ്ഥിതികാനുമതി നിയമപമായി നില നില്‍ക്കില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. റിട്ട. ഡിഎഫ്ഒ ആയിരുന്ന കോട്ടൂളി സ്വദേശി സത്യനാഥനായിരുന്നു ഈ സമിതിയില്‍ ഫോറസ്റ്റ് ഡിവിഷണല്‍ കമ്മീഷണര്‍ നാമനിര്‍ദേശം ചെയ്ത വിദഗ്ധന്‍. എന്നാല്‍ ഇദ്ദേഹത്തിന് മതിയായ യോഗ്യതയില്ലെന്നാരോപിച്ച് എം കെ. ബാബു എന്ന വ്യക്തി ഹൈക്കോടതിയില്‍ നല്‍കിയ കേസിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കിയെന്നാണ് ഡെപ്യൂട്ടി കലക്ടര്‍ കെ ഹിമ വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നത്.
പകരം ആളെ നിയമിക്കാന്‍ സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണ്ണയ വിലയിരുത്തല്‍ സമിതിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും പറയുന്നു. എന്നാല്‍ ക്വാറിക്ക് അനുമതി നല്‍കുന്നതുപോലുള്ള വളരെ പ്രാധാനപ്പെട്ട തീരുമാനമെടുക്കുമ്പോള്‍ വിദഗ്ധനെ നിയമിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
വിദഗ്ധനില്ലാതെ നല്‍കിയ പാരിസ്ഥിതികാനുമതി ഉടന്‍ റദ്ദാക്കണമെന്ന് ചെങ്ങോടുമല ഖനന വിരുദ്ധ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കലക്ടര്‍, ഡിഎഫ്ഒ, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മെമ്പര്‍ സെക്രട്ടറി എന്നിവര്‍ അടങ്ങിയ സമിതി നല്‍കിയ പാരിസ്ഥിതികാനുമതി പുന: പരിശോധിക്കണമെന്ന് ഡിഎഫ്ഒ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സിഡബ്ല്യുആര്‍ഡിഎം, സുവോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ എന്നിവയിലെ വിദഗ്ധര്‍ പഠനം നടത്തണമെന്നാണ് ഡിഎഫ്ഒ ആവശ്യപ്പെടുന്നത്. പരിസ്ഥിതിലോല പ്രദേശമായ ചെങ്ങോടുമലയില്‍ ഖനനം അനുവദിക്കരുതെന്ന് പറഞ്ഞ് നാട്ടുകാര്‍ മാസങ്ങളായി സമരം നടത്തിവരുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss