|    Oct 22 Mon, 2018 9:42 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ചെങ്ങറ സമരം 10ാം വയസ്സിലേക്ക്; അനുനയ ശ്രമവുമായി സര്‍ക്കാര്‍

Published : 2nd August 2016 | Posted By: SMR

എച്ച്  സുധീര്‍

പത്തനംതിട്ട: സംസ്ഥാനത്തെ ഭൂസമരങ്ങളുടെ ചരിത്രത്തില്‍ മാതൃകയായി മാറിയ ചെങ്ങറ ഭൂസമരം പത്താം വയസ്സിലേക്ക്. 2007 ആഗസ്ത് നാലിന് രാത്രി ചെങ്ങറയിലെ ഹാരിസണ്‍ എസ്‌റ്റേറ്റിലെ ഭൂമി കൈയേറി കുടില്‍ കെട്ടിയവര്‍ നടത്തിയ ഐതിഹാസിക സമരം വ്യാഴാഴ്ച ഒമ്പതുവര്‍ഷം പൂര്‍ത്തിയാക്കും.
സമരക്കാര്‍ തമ്മില്‍ ചേരിതിരിയുകയും നേതാവായിരുന്ന ളാഹ ഗോപാലനെ അടുത്തിടെ പുറത്താക്കുകയും ചെയ്തതോടെ ചെങ്ങറ സമരത്തിന്റെ പഴയകാല പ്രൗഢിയും പ്രതാപവുമൊക്കെ നഷ്ടപ്പെട്ടെങ്കിലും കുടിയേറ്റ ഗ്രാമത്തിന്റെ മാതൃകയിലാണ് ഇപ്പോഴും സമരഭൂമി. സമരത്തിനു നേതൃത്വം നല്‍കിയ ളാഹ ഗോപാലനെ സമരക്കാര്‍ തന്നെ സാധുജന വിമോചന സംയുക്തവേദിയുടെ നേതൃസ്ഥാനത്തുനിന്നു പുറത്താക്കി. രോഗബാധിതനായി അവശനിലയില്‍ സംഘടനയുടെ ഓഫിസില്‍ കഴിയുകയാണ് കെഎസ്ഇബിയിലെ മുന്‍ ജീവനക്കാരനായ ളാഹ ഗോപാലന്‍.
പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഹാരിസണ്‍ മലയാളം കൈവശം വച്ചിരുന്ന കോന്നിയിലെ ചെങ്ങറ എസ്‌റ്റേറ്റിന്റെ കുറുമ്പറ്റി ഡിവിഷനിലാണ് രണ്ടായിരത്തോളം പേര്‍ കൈയേറ്റം നടത്തിയത്. വെട്ടിമാറ്റാറായ റബര്‍ മരങ്ങളുടെ ചുവട്ടില്‍ കമ്പും പ്ലാസ്റ്റിക് ഷീറ്റുമുപയോഗിച്ച് ഇവര്‍ കുടില്‍ കെട്ടി. ഒഴിപ്പിക്കാന്‍ ഭരണകൂടം മാറിമാറി ശ്രമങ്ങള്‍ നടത്തിയെങ്കിലും ആത്മഹത്യാ ഭീഷണി ഉള്‍പ്പെടെ സമരക്കാരുടെ ചെറുത്തുനില്‍പില്‍ പരാജയപ്പെട്ടു. സാധാരണ സമരമെന്ന ലാഘവത്തോടെ പോലിസും റവന്യൂ അധികൃതരും സമീപിച്ചതോടെ ചെങ്ങറ സമരം പടര്‍ന്നുപന്തലിച്ചു. കാലക്രമേണ കൈയേറ്റഭൂമി സമരക്കാര്‍ വീതിച്ചെടുത്തു. ഓരോ കുടുംബത്തിനും 50 സെന്റ് കൃഷിഭൂമി പ്രത്യേകം തിരിച്ചുനല്‍കി. താല്‍ക്കാലിക കുടിലുകള്‍ക്ക് പകരം കെട്ടുറപ്പുള്ള ചെറുവീടുകള്‍ ഉയര്‍ന്നു. അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി. അന്തര്‍ദേശീയ തലത്തില്‍ സമരം ചര്‍ച്ച ചെയ്യപ്പെട്ടു. ഇതിനിടെ സമരത്തിനെതിരേ പല കുപ്രചാരണങ്ങളും ഉയര്‍ന്നുവന്നെങ്കിലും ളാഹ ഗോപാലന്റെ നേതൃത്വം അതിനേയെല്ലാം അതിജീവിച്ചു.
സമരത്തിന് പരിഹാരം കാണാന്‍ എല്‍ഡിഎഫും തുടര്‍ന്നെത്തിയ യുഡിഎഫ് സര്‍ക്കാരും നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. പ്രത്യേക പാക്കേജ് നടപ്പാക്കി സമരക്കാര്‍ക്ക് പട്ടയം നല്‍കിയെങ്കിലും ലഭിച്ച ഭൂമി വാസയോഗ്യമല്ലെന്ന കാരണത്താല്‍ പലരും ചെങ്ങറയിലേക്ക് മടങ്ങിയെത്തി. ഈ നിലയില്‍ സമരം പുരോഗമിക്കുന്നതിനിടെയാണ് സമരസമിതിയിലെ ഭിന്നത പുറത്തായത്. ളാഹ ഗോപാലന്റെ ആശയങ്ങളോട് സമരത്തിന്റെ തുടക്കം മുതല്‍ ഒരുവിഭാഗം യോജിച്ചിരുന്നില്ല. അദ്ദേഹം അവശനിലയിലായതോടെ എതിര്‍പക്ഷം കരുത്താര്‍ജിച്ചു. ഗോപാലനെ സമരഭൂമിയില്‍നിന്ന് പുറത്താക്കിയതിനൊപ്പം അദ്ദേഹത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന കുടുംബങ്ങളെയും ഇറക്കിവിട്ടു. തൊണ്ണൂറുകളില്‍ ളാഹയില്‍ താന്‍ നടത്തിയ ഭൂസമരം പൊളിച്ചവര്‍ തന്നെയാണ് ഇപ്പോഴും രംഗത്തു വന്നിരിക്കുന്നതെന്ന് ളാഹ ഗോപാലന്‍ പറയുന്നു.
ഹാരിസണിന്റെ പിന്തുണയോടെ സംഘടന പിടിച്ചെടുത്തു. സമരസമിതിയില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന കമ്പനിയുടെ ആവശ്യം അവര്‍ സാധിച്ചെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സമരക്കാര്‍ക്കിടയിലെ ഭിന്നിപ്പ് മുതലെടുത്ത് ചെങ്ങറയില്‍ കൈകടത്താനുള്ള നീക്കത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ജില്ലാ ഭരണകൂടത്തെയും പോലിസിനേയും ഉപയോഗപ്പെടുത്തി സമരക്കാരെ ശാന്തരാക്കി കൈയേറ്റഭൂമിയില്‍ നിന്നു പുറത്തിറക്കാനുള്ള തന്ത്രങ്ങളാണ് അണിയറയില്‍ നടക്കുന്നത്.
ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ കഴിഞ്ഞദിവസം സമരഭൂമിയിലുള്ളവര്‍ക്കായി മെഡിക്കല്‍ ക്യാംപ് നടത്തി. ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കല്‍ ഓഫിസും ജില്ലാ പഞ്ചായത്തും പോലിസും ചേര്‍ന്നാണ് ക്യാംപ് നടത്തിയത്. ഓരോമാസവും ഇത്തരത്തിലുള്ള ക്യാംപുകള്‍ നടത്തി സമരക്കാരെ അനുനയിപ്പിക്കാനാണ് നീക്കം. സമരഭൂമിയിലുള്ള ഭൂരഹിതര്‍ക്ക് വേറെ ഭൂമി കണ്ടെത്തി നല്‍കുമെന്ന ഉറപ്പാവും അധികൃതര്‍ മുന്നോട്ടുവയ്ക്കുക. സമരം തുടങ്ങിയതിന് ശേഷം ആദ്യമായാണ് പോലിസിന് കൈയേറ്റ ഭൂമിയില്‍ കയറാന്‍ കഴിഞ്ഞതെന്നതും ശ്രദ്ധേയമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss