|    Jun 20 Wed, 2018 8:45 pm
FLASH NEWS
Home   >  Kerala   >  

ചെങ്ങറയിലെ സമരഭൂമിയില്‍ സിപിഎം കയറും:കെപി ഉദയഭാനു

Published : 9th October 2017 | Posted By: mi.ptk

പത്തനംതിട്ട: ചെങ്ങറയിലെ മനുഷ്യാവകാശ ലംഘനം തടയാന്‍ സമരഭൂമിയില്‍ സി. പി.എം കയറുക തന്നെ ചെയ്യുമന്നെ് ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു പറഞ്ഞു. ചെങ്ങറ സമര ഭൂമിയില്‍ ഡി.എച്ച്. ആര്‍. എം പിന്തുണയോടെ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ. എസ്. കെ. ടി.യു നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിനുളളില്‍ വേറൊരു രാജ്യം പോലെയാണ് ചെങ്ങറ. അവിടെ ചെക്‌പോസ്റ്റ് സ്ഥാപിച്ചു ദേഹപരിശാേധന നടത്തുന്നത് മര്യാദ കേടാണ്. ചെക്‌പോസ്റ്റിലിരിക്കുന്ന കുരങ്ങന്‍മാരെ നേരിടാന്‍ പൊലീസിനാവുന്നില്ല. മലയാലപ്പുഴ എസ്. ഐ. മണ്ണുണ്ണിയെപ്പോലെ നോക്കി നിന്നിട്ടു തിരിച്ചു പോന്നു. ചെങ്ങറയില്‍ എന്താണ് നടക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയണം. കണ്ടും കേട്ടും പഠിക്കണം.
ചെങ്ങറയില്‍ താമസിക്കണമെങ്കില്‍ അന്‍പതിനായിരം രൂപവരെയാണ് പിരിവു കൊടുക്കേണ്ടത്. പാവങ്ങള്‍ അവിടെ ദുരിതപൂര്‍ണമായ ജീവിതം തുടരുകയാണ്. സാമൂഹിക വിരുദ്ധന്‍മാരുടെ ഗുണ്ടാവിളയാട്ടമാണ് അവിടെ നടക്കുന്നത്. എതിര്‍ക്കുന്നവരുടെ കയ്യുംകാലും വെട്ടുകയാണ്. സ്ത്രീകളടക്കമുളളവരെ നിലത്തിട്ടു ചവിട്ടി. എസ്. പിയെ വിളിച്ചു പറഞ്ഞുട്ടുപോലും നടപടിയുണ്ടായിട്ടില്ല. സര്‍ക്കാര്‍ തീരുമാനത്തിന് അഭിവാദ്യം അര്‍പ്പിച്ച് അവിടെ ബോര്‍ഡ് വയ്ക്കാന്‍ പറ്റില്ലെന്നാണ് ചിലര്‍ പറയുന്നത്. എതിര്‍ക്കുന്നവരെ അവരുടെ കോടതിയില്‍ ശിക്ഷിച്ച് ആട്ടിപ്പുറത്താക്കുകയാണ്. ചെങ്ങറയിലേക്ക് ആരും കയറാന്‍ പാടില്ലെന്നു പറഞ്ഞാല്‍ സി.പി.എം അംഗീകരിച്ചു കൊടുക്കില്ല. അങ്ങിനെ പറയുന്നിടത്തേക്ക് കയറിട്ടുളള പാരമ്പര്യമാണ് സി. പി. എമ്മിനുളളത്. മര്യാദകേട് അവസാനിപ്പിക്കാന്‍ പാര്‍ട്ടി പോരാടും. ഞങ്ങളുടെ പാര്‍ട്ടിയും ബഹുജന സംഘനടകളും കൂടി ചേര്‍ന്ന് ആഞ്ഞൊന്നു കയറിയാല്‍ സാമൂഹിക വിരുദ്ധന്‍മാര്‍ തവിടുപൊടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങറയില്‍ കയറിയാല്‍ ആളുകള്‍ ദേഹത്തു മണ്ണെണ്ണ ഒഴിപ്പിക്കുമെന്നാണ് പൊലീസ് പറയുന്നത് . ആ ഭീഷണി ഞങ്ങളോടു വേണ്ട. ചെങ്ങറയിലെ ചെക്‌പോസ്റ്റ് പൊളിച്ചു മാറ്റണം. ദേഹപരിശോധന അവസാനിപ്പിക്കണം. മാസംതോറുമുളള പിരിവ് നിര്‍ത്തണം.
2007ല്‍ ഭൂമി കയ്യേറിയപ്പോള്‍ അന്നത്തെ വി. എസ്. സര്‍ക്കാര്‍ സമരക്കാരോട് സൗഹാര്‍ദ്ദപരമായാണ് പെരുമാറിയത്. ഒഴിപ്പിക്കാന്‍ ബലപ്രയോഗം നടത്തിയില്ല. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി കൊടുക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിനുളള പദ്ധതി നടപ്പാക്കി വരികയാണ്.
ചെങ്ങറയില്‍ കയ്യേറ്റം നടത്തിയ ളാഹ ഗോപാലന്‍ ഗുണ്ടായിസം കാണിച്ച് പിരിവ് നടത്തിയ പണം കൊണ്ട് പത്തനംതിട്ടയില്‍ മൂന്നുനില മന്ദിരം പണിഞ്ഞ് സൗഭാഗ്യത്താേടെ ജീവിക്കുന്നു. ളാഹയെ പുറത്താക്കാന്‍ നേതൃത്വം നല്‍കിയ ശശിയും കൂട്ടരും  പാവങ്ങളെ ദ്രോഹിക്കുകയാണ്. ചെങ്ങറയിലെ മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കാന്‍ സി.പി.എം തീരുമാനിച്ചതായും ഉദയഭാനു പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss