|    Dec 19 Wed, 2018 5:35 pm
FLASH NEWS

ചെങ്ങമനാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളം കെട്ടിയതോടെ കെട്ടിടം അപകട ഭീഷണിയില്‍

Published : 19th July 2018 | Posted By: kasim kzm

നെടുമ്പാശ്ശേരി: ചെങ്ങമനാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ താഴെ ഭാഗത്ത് വെള്ളം കെട്ടിയതോടെ കെട്ടിടം അപകട ഭീഷണിയില്‍. ശക്തമായ മഴയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയിലേറെയായി സ്റ്റാഫ്, ക്ലാസ് മുറികളില്‍ രൂക്ഷമായ വെള്ളക്കെട്ടാണ്്.
അടിത്തറയില്‍ ഉറവയായി പ്രവഹിക്കുന്ന വെള്ളം താഴെ മുറികളില്‍ ഒരാഴ്ചയോളമായി മുട്ടോളം കെട്ടിക്കിടക്കുന്നതിനാല്‍ മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ ഭിത്തികളും കുതിര്‍ന്നിരിക്കുകയാണ്.  താഴത്തെ രണ്ട് നിലകളാണ് കൂടുതല്‍ ഭീഷണിയിലായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചതിനാല്‍ അധ്യയനമുണ്ടായില്ല. അതേസമയം വെള്ളക്കെട്ട് ഒഴിവാക്കാനായില്ലെങ്കില്‍ വ്യാഴാഴ്ച താഴെ ക്ലാസുകളില്‍ അധ്യയനവും മുടങ്ങും. ഒരു പതിറ്റാണ്ട് മുമ്പാണ് ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ആദ്യ നില നിര്‍മിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ജില്ല പഞ്ചായത്ത് ഫണ്ടുപയോഗിച്ച് രണ്ടാം നിലയും നിര്‍മിച്ചു.
നാല് വര്‍ഷം മുമ്പാണ് എംഎല്‍എ ഫണ്ടുപയോഗിച്ച് മൂന്നാം നിലയും നിര്‍മിച്ചത്. വെള്ളംകെട്ടുന്ന ചതുപ്പായ നിരപ്പില്‍ നിന്ന് അല്‍പ്പംപോലും ഉയര്‍ത്താതെ തികച്ചും അശാസ്ത്രീയമായാണ് കെട്ടിടം നിര്‍മിച്ചത്. ഇതിനെതിരേ പരാതി ഉയര്‍ന്നെങ്കിലും അധികൃതര്‍ മുഖവിലക്കെടുത്തില്ല. അന്ന് മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സന്ദര്‍ഭങ്ങളില്‍ ചെറിയതോതിലായിരുന്നു വെള്ളക്കെട്ട്. ഏകദേശം 25 അടിയോളം ഉയരമുള്ള ചെങ്ങമനാട് ജങ്ഷനിലെയും മുനിക്കല്‍ ഗുഹാലയക്ഷേത്രത്തിനടുത്തെ ഉയര്‍ന്ന റോഡിലേയും തിരമാലപോലെ ഒഴുകിവരുന്ന മഴവെള്ളം സ്‌കൂള്‍ പറമ്പിലൂടെ പ്രവേശിച്ച് ഹയര്‍സെക്കന്‍ഡറി കെട്ടിടത്തിനരികിലൂടെയാണ് താഴത്തെ പറമ്പുകളിലേക്ക് ഒഴുകുന്നത്.
സ്‌കുള്‍ കവാടത്തിനടുത്തെ കലുങ്ക് നവീകരണത്തിന്റെ മറവില്‍ സ്വകാര്യവ്യക്തികളെ സഹായിക്കാന്‍ ചില പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നീക്ക് പോക്കാണ് സ്‌കൂള്‍ വളപ്പിലൂടെ മലിനജലമൊഴുകാന്‍ ഇടയായതെന്നാണ് ആക്ഷേപം. സ്‌കൂള്‍ കെട്ടിടത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തും വിധം അനുഭവപ്പെടുന്ന വെള്ളക്കെട്ട് ബന്ധപ്പെട്ട അധികാരികളെ പല തവണ സ്‌കൂള്‍ അധികൃതര്‍ ബോധ്യപ്പെടുത്തിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. സ്‌കൂള്‍ മുറികളില്‍ രൂക്ഷമായ വെള്ളക്കെട്ടുണ്ടാവുമ്പോള്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് തേവി മാറ്റുന്നത്.
എന്നാല്‍ ഇപ്പോഴത്തെ വെള്ളക്കെട്ട് അതിരൂക്ഷമായിരിക്കുകയാണ്. അതിനിടെ സ്‌കൂള്‍ കെട്ടിടത്തിന് ഭീഷണിയുയര്‍ത്തുന്ന വെള്ളക്കെട്ട് ഇല്ലാതാക്കി, കെട്ടിടം സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പിടിഎ പ്രസിഡന്റ്് കെ ജെ എല്‍ദോസ്, എസ്എംസി ചെയര്‍മാന്‍ പി എം താജുദ്ദീന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. നടപടിയുണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളെക്കുറിച്ചാലോചിക്കേണ്ടി വരുമെന്നും ഇരുവരും മുന്നറിയിപ്പ് നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss