|    Dec 10 Mon, 2018 8:32 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ചെങ്ങന്നൂര്‍ വിപ്ലവാനന്തര നിനവുകള്‍

Published : 2nd June 2018 | Posted By: kasim kzm

നാട്ടുകാര്യം –  കുന്നത്തൂര്‍ രാധാകൃഷ്ണന്‍
ചെങ്ങന്നൂരില്‍ എന്താണു സംഭവിച്ചത്? അവിടെ സജി ചെറിയാന്‍ എന്ന തീവ്ര ഇടതുപക്ഷക്കാരന്‍ ഇത്രയും വലിയ ഭൂരിപക്ഷത്തിനു ജയിച്ചതിന്റെ ഗുട്ടന്‍സ് പലര്‍ക്കും പിടികിട്ടിയിട്ടില്ല. പകിടകളി കളിച്ചിട്ടും തോറ്റുപോയതിന്റെ ക്ഷീണം തീര്‍ക്കാന്‍ എന്തുവഴി എന്നാലോചിക്കുകയാണ് പുത്തന്‍ ഖാദി കീറി ധരിച്ച കോണ്‍ഗ്രസ്സും ദേശസ്‌നേഹത്തിന്റെ പര്യായമായ ആര്യബ്രാഹ്മണ കക്ഷിയും.
അധികാര ദുര്‍വിനിയോഗം, വര്‍ഗീയത എന്നീ ക്രമപ്രശ്‌നങ്ങളാണ് തോല്‍വിക്കു കാരണമെന്ന് രണ്ടു കക്ഷികളും പെരുമ്പറയടിക്കുന്നുവെങ്കിലും ചെങ്ങന്നൂരിലെ ഭൂരിപക്ഷം വോട്ടര്‍മാരും ചിരിക്കുകയാണെന്നാണ് കോരന്‍ എന്ന മഹാനുഭാവന്‍ പറയുന്നത്. ഇടയ്ക്കിടെ ചിലര്‍ ദീനരോദനവും മുഴക്കുന്നുണ്ട്. വോട്ടെടുപ്പിനു മുമ്പ് ഖദര്‍ധാരികള്‍ക്കും ആര്യബ്രാഹ്മണ ദേശസ്‌നേഹികള്‍ക്കും ചില കാര്യങ്ങളില്‍ ഉറപ്പുണ്ടായിരുന്നു. പിണറായിയുടെ പോലിസ് ചെറിയാന് ബഡാ പാരയാവും എന്നതായിരുന്നു പ്രധാന ഉറപ്പ്. കോഴിക്കോട്ടെ നിപാ വൈറസ് തെക്കോട്ടു നീങ്ങി, സജി ചെറിയാന്റെ വോട്ട് ബാങ്കിനെ കണക്കിനു പ്രഹരിക്കും എന്നും ഉറപ്പുണ്ടായിരുന്നു. പരപ്പനങ്ങാടി പണിക്കര്‍ കവടി നിരത്തി അവ ശരിവച്ചതുമാണ്.
ഫലപ്രഖ്യാപനം വന്നതില്‍ പിന്നെ പണിക്കരെ കാണാനില്ല. കേരള ഹൈക്കോടതിയില്‍ ഒരു ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കോരന്‍ മനസ്സിലാക്കിയിട്ടുണ്ട്. ചിലരുടെ വിചാരവികാരങ്ങളും അത്യാധുനിക സാങ്കേതികവിദ്യ വഴി ചങ്ങായ് ശേഖരിച്ചുവച്ചിട്ടുണ്ട്.
മാണിച്ചായന്‍: ചെങ്ങന്നൂരില്‍ മാണി ഇഫക്ട് ഇത്ര മോശമാവാന്‍ കാരണമെന്ത്? ഹസന്‍, ചെന്നിത്തലാദികളെ ആലിംഗനം ചെയ്തപ്പോള്‍ വിജയകുമാരന്‍ എംഎല്‍എ കസേര പിടിക്കുമെന്നാണു വിചാരിച്ചിരുന്നത്. ഓന്റെ വോട്ട് കൂടിയിട്ടുണ്ട്. അതുകൊണ്ട് എന്തു കാര്യം? സജി ചെറിയാനെ പിന്തുണച്ചാല്‍ മതിയായിരുന്നു. കാനം രാജേന്ദ്രന്റെ ഓരിയിടല്‍ കാര്യമാക്കേണ്ടായിരുന്നു. പലവട്ടം പാലായില്‍ കറങ്ങിത്തിരിഞ്ഞ സിപിഎം വല്യേട്ടനെ പിണക്കിയത് ഭാവിയില്‍ ദോഷംചെയ്യുമോ ആവോ? വിജയകുമാരന്‍ തോറ്റതുകൊണ്ട് ഒരു കാര്യമുണ്ടായി. പി ജെ ജോസഫ് എന്ന അധികപ്രസംഗിയുടെ നാവിന്റെ നീളം കുറയ്ക്കാനായി.
ഹസന്‍ജി: പ്രചാരണമൊക്കെ ഉഗ്രനായിരുന്നു. എന്നിട്ടും തോറ്റതിന്റെ പൊരുള്‍ പിടികിട്ടുന്നില്ല. ച്ചാല്‍ മണ്ടയില്‍ ഒന്നും വരുന്നില്ല. ഖദര്‍ധാരികളുടെ അധ്യക്ഷന്‍ എന്ന നിലയില്‍ ഒരു വിലയൊക്കെയുണ്ട്. ഇടതു ചെകുത്താനില്‍ നിന്നു കേരളത്തെ മോചിപ്പിക്കാനുള്ള യാത്രയില്‍ എത്രയെത്ര മാലകള്‍ ലഭിച്ചു. നോട്ടുമാലകള്‍ കുറവായിരുന്നു എന്നു സമ്മതിക്കുന്നു. ചെങ്ങന്നൂരില്‍ വാമപക്ഷം തവിടുപൊടിയാവുമെന്നു കരുതി. ഉമ്മനും ചെന്നിയും അതുതന്നെയാണല്ലോ പറഞ്ഞിരുന്നത്. വോട്ടെടുപ്പ് ദിവസം തീവ്രവാദികള്‍ ടെലിവിഷന്‍ കേബിളുകള്‍ മുറിച്ചതാവുമോ തോല്‍വിക്കു കാരണം. വര്‍ഗീയത വേണ്ടത്ര ഉണ്ടായിരുന്നു. കസ്റ്റഡിമരണവും ദുരഭിമാനക്കൊലയും വോട്ടര്‍മാരെ ബാധിച്ചില്ലെന്നതു കഷ്ടം തന്നെ. ന്റെ കസേര കാത്തോളണേ പടച്ചമ്പ്രാനെ. ജയ്ഹിന്ദ്!
വെള്ളാപ്പള്ളി: അസ്സല് ഭരണം നടക്കുമ്പോള്‍ ജനം അസ്സലായി വോട്ട് ചെയ്യും. ബിഡിജെഎസിനെ നോവിച്ചതിനുള്ള ഫലമാണ് കാണുന്നത്. പാര്‍ട്ടിയെ ആര്യബ്രാഹ്മണകക്ഷി അപമാനിച്ചു. അത് വോട്ടര്‍മാര്‍ക്ക് സഹിച്ചില്ല. ആര്യബ്രാഹ്മണര്‍ മൂന്നാംസ്ഥാനത്തായതു നന്നായി. ഇനിയെങ്കിലും തുഷാരന് കേന്ദ്രമന്ത്രിപദം കൊടുക്കാമെന്ന് അവര്‍ വിചാരിക്കട്ടെ. ജനാധിപത്യത്തിന്റെ സുഗമമായ നടത്തിപ്പിന് തുഷാരന്‍ കൂടിയേ തീരൂ എന്ന് അവര്‍ക്കിപ്പോള്‍ ബോധ്യമായിക്കാണും.
പിള്ളേച്ചന്‍: കദനഭാരംകൊണ്ട് പറയുകയാണ്. ഈ ഗതി ആര്‍ക്കും വരരുത്. കഴിഞ്ഞ തവണ 42,000 വോട്ട് പിടിച്ചു. ഇത്തവണ നന്നേ കുറഞ്ഞുപോയി. ഹിന്ദുത്വം കടുപ്പത്തില്‍ പറയേണ്ടായിരുന്നു. വെള്ളാപ്പള്ളിക്ക് പുല്ലും വെള്ളവും കൊടുത്താല്‍ പാര്‍ട്ടിക്ക് എന്തായിരുന്നു നഷ്ടം? കുമ്മനത്തെ മിസോറാമിലേക്കു വലിച്ച് പാര്‍ട്ടിയെ ഇവിടെ അനാഥമാക്കിയ ഹൈക്കമാന്‍ഡിനോട് ദൈവം പൊറുക്കട്ടെ. തല്‍ക്കാലം കേസുകള്‍ വാദിക്കാന്‍ കോഴിക്കോട്ടേക്കു പോവുകയാണ്.        ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss