|    Jun 23 Sat, 2018 9:44 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ചെങ്ങന്നൂര്‍: മാണിയുടെ പിന്തുണ; ഗ്രാഫ് ഉയര്‍ന്ന് യുഡിഎഫ്

Published : 23rd May 2018 | Posted By: kasim kzm

എ ജയകുമാര്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കാനുള്ള കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ തീരുമാനം മല്‍സരരംഗത്ത് പതുങ്ങിനിന്ന യുഡിഎഫിന് പുതുജീവനായി. മണ്ഡലത്തില്‍ ഉള്‍പ്പെട്ട തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ ഭരണം നടത്തുന്നത് മാണി കോണ്‍ഗ്രസ്സാണ്. കൂടാതെ കല്ലിശ്ശേരി, ഉമയാറ്റുകര, തിരുവന്‍വണ്ടൂര്‍, ഇരമല്ലിക്കര ഭാഗങ്ങളിലായി മാണി വിഭാഗത്തിന് അടിത്തറയുമുണ്ട്.
മാണി കോണ്‍ഗ്രസ് യുഡിഎഫിനു പിന്തുണ പ്രഖ്യാപിക്കാതെ മാറിനിന്നത്  പ്രദേശത്തെ സജീവരാഷ്ട്രീയമില്ലാത്തവരും എന്നാ ല്‍ മനസ്സുകൊണ്ട് മാണിയെയും യുഡിഎഫിനെയും ഇഷ്ടപ്പെട്ടിരുന്നവരുമായവരെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇപ്പോ ള്‍ മാണി മനസ്സുതുറന്നതോടെ ഇവര്‍ക്ക് ധൈര്യമായി യുഡിഎഫിനു പിന്തുണയുമായി രംഗത്തിറങ്ങാമെന്ന സ്ഥിതിയായിട്ടുണ്ട്. പൊതുവെ യുഡിഎഫ് അനുകൂല മണ്ഡലമായ ചെങ്ങന്നൂരില്‍ മാണി കോണ്‍ഗ്രസ്സിനും ക്രൈസ്തവ വിഭാഗത്തിനും ഗണ്യമായ സ്വാധീനമുണ്ട്. ഉമ്മന്‍ചാണ്ടി, കെ എം മാണി കൂട്ടുകെട്ട് വഴിപിരിയരുതെന്ന് മനസ്സുകൊണ്ട് ആഗ്രഹിക്കുന്നവരാണ് ഈ വിഭാഗങ്ങള്‍. അതുകൊണ്ടുതന്നെ മാണി പിന്തുണ പ്രഖ്യാപിച്ചതോടുകൂടി വോട്ട് കുറയുന്ന സാഹചര്യമുണ്ടായാല്‍ അത് നിലനില്‍പ്പിന്റെ പ്രശ്‌നമാവുമെന്ന് ഇക്കൂട്ടര്‍ തിരിച്ചറിയുന്നുണ്ട്.
ചെങ്ങന്നൂര്‍ നഗരസഭാ ഭരണത്തിലും മാണി കോണ്‍ഗ്രസ് അംഗങ്ങളുടെ സ്വാധീനം വലുതാണ്. വൈസ് ചെയര്‍മാന്‍ അടക്കം കേരള കോണ്‍ഗ്രസ്സുകാരിയാണ്. മാണി യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതോടെ ബദല്‍ നീക്കത്തിനോ മറ്റെന്തെങ്കിലും സമവായ ചര്‍ച്ചയ്‌ക്കോ ബിജെപിക്കോ ഇടതുപക്ഷത്തിനോ സാധ്യതയില്ലാത്ത സ്ഥിതിയാണിപ്പോഴുള്ളത്. മാണിയെ കൂടെ കൂട്ടാന്‍ ആദ്യഘട്ടത്തില്‍ ബിജെപി ശ്രമം നടത്തിയെങ്കിലും വഴങ്ങാതിരുന്നതോടെ ശ്രമം ഉപേക്ഷിക്കുകയും മാണിയെ നിശ്ശബ്ദനാക്കി തിരഞ്ഞെടുപ്പുരംഗം നേരിടാന്‍ ബിജെപി ആലോചിക്കുകയുമായിരുന്നു. ഈ ഘട്ടത്തിലാണ് അവസാന സമയം പരസ്യപിന്തുണയുമായി മാണി രംഗത്തെത്തിയത്. ചെങ്ങന്നൂരില്‍ മാണി ഇടതുപക്ഷത്തെ പിന്തുണയ്ക്കും എന്ന പ്രതീക്ഷയില്‍ മാണി കോണ്‍ഗ്രസ്സിന്റെ ജില്ലയിലെ ഒരു നേതാവ് ആദ്യഘട്ടത്തില്‍ ഇടതുപക്ഷത്തിന് പരസ്യപിന്തുണയുമായി രംഗത്തെത്തിയിരുന്നു.
അതേസമയം, മാണിയുടെ പിന്തുണയില്ലാത്തത് എല്‍ഡിഎഫ് ജയത്തെ ബാധിക്കില്ലെന്നാണ് ഇടതുമുന്നണിയുടെ നിലപാട്. സ്ഥാനാര്‍ഥി സജി ചെറിയാനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. മാണിയുടെ പാര്‍ട്ടി എന്തു തീരുമാനിച്ചാലും നേതാക്കളും പ്രവര്‍ത്തകരും തനിക്കൊപ്പമാണെന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss