|    Sep 21 Thu, 2017 1:46 am

ചെങ്ങന്നൂരില്‍ ഭക്ഷ്യസുരക്ഷാ നിയമം അട്ടിമറിക്കുന്നു

Published : 15th November 2016 | Posted By: SMR

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തുന്നില്ലെന്ന് പരാതി. ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലും ഇപ്പോള്‍ പരിശോധന നടത്തുന്നത് നഗരസഭയുടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ്. പക്ഷപാതപരമാണ് ഈ പരിശോധനയെന്ന് മുമ്പുതന്നെ ആക്ഷേപമുണ്ട്. പണത്തിന്റെയും സ്വാധീനത്തിനും ഭരണ പ്രതിപക്ഷ അംഗങ്ങളുടെ തീരുമാനത്തേയും ആശ്രയിച്ചാണ് ഈ പരിശോധനയെന്ന് ആക്ഷേപം ശക്തമാണ്. ഇതുമൂലം നഗരസഭയിലെ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കയ്യയച്ച് സംഭാവന കൊടുത്താല്‍ പരിശോധനയില്‍ നിന്ന് രക്ഷപ്പെടാമെന്ന തന്ത്രമാണ് ഇപ്പോള്‍ ഹോട്ടലുടമകള്‍ പ്രയോഗിക്കുന്നത്. ഹോട്ടലുകള്‍ നടത്താന്‍ ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ പോലും ഇതുമുതലാക്കി വ്യാപാരം നടത്തുന്നുണ്ട്. കടകള്‍ക്കു മുന്നിലെ ഓടകളില്‍ത്തന്നെ മാലിന്യം നിക്ഷേപിക്കുക. ഇതുമായി കിണറുകള്‍ക്ക് ദൂരപരിധി ഇല്ലാതിരിക്കുക എന്നിവയും കണ്ടുപിടിക്കപ്പെടുന്നില്ല. ഹോട്ടലുകളില്‍ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ പിടികൂടുന്ന ഭക്ഷണസാധനങ്ങള്‍ പരിശോധന നടത്താനുള്ള കേന്ദ്രത്തിന്റെ അഭാവവും ഇവിടുണ്ട്. യഥാസമയം പരിശോധനാ ഫലം ലഭ്യമാവാത്ത മൂലം കാലാവധി കഴിഞ്ഞതും ഗുണനിലവാരം ഇല്ലാത്തതുമായ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കെതിരേ നടപടി എടുക്കാനും ആവുന്നില്ല.ചില ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. ഇവയ്‌ക്കെതിരെ യാതൊരു നടപടിയും ഇനിയും ഉണ്ടായിട്ടില്ല. ഹോട്ടലുകളിലെ ജീവനക്കാരുടെ ആരോഗ്യ പരിശോധനയും ഫലപ്രദമായി നടക്കുന്നില്ല. പാചക തൊഴിലാളികള്‍ അടക്കം കൈയുറകള്‍ പോലുള്ള മുന്‍കരുതലുകള്‍ എടുക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും ഇവ പാലിക്കപ്പെടുന്നില്ല. തൊലിപ്പുറത്ത് അസുഖമുള്ള തൊഴിലാളികള്‍വരെ ചില ഹോട്ടലുകളില്‍ ജോലിയെടുക്കുന്നുണ്ട്. ഇവരെയൊന്നും കണ്ടെത്താന്‍ പരിശോധന ഫലപ്രദമായി നടക്കുന്നില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക