|    Dec 19 Wed, 2018 2:32 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ചെങ്ങന്നൂരില്‍ നിരവധി പേര്‍ക്ക് ജീവിതം തിരികെ നല്‍കി എസ്ഡിപിഐ

Published : 20th August 2018 | Posted By: kasim kzm

ആബിദ്

കോഴിക്കോട്: ”ചെങ്ങന്നൂര്‍ വാഴാര്‍ മംഗലം കുറ്റിക്കാട്ടുപടിയില്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഇരുനില വീട്ടില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ അവിടെ എത്തിയത്. കുറേ വിളിച്ചപ്പോള്‍ തീരെ അവശരായ വൃദ്ധദമ്പതികള്‍ വീടിന്റെ മുകള്‍നിലയില്‍ നിന്നു കരഞ്ഞുകൊണ്ട് എത്തിനോക്കി ആംഗ്യത്തിലൂടെ ഭക്ഷണം ചോദിച്ചു.
ജനലിലൂടെ ബിസ്‌കറ്റും ബ്രഡും നല്‍കി അവരോട് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ, നാലു ദിവസമായി ശരിക്ക് ഭക്ഷണം പോലും കഴിക്കാതെ ശാരീരികമായും മാനസികമായും തളര്‍ന്ന അവര്‍ക്ക് വാതിലിന്റെ കൊളുത്തുനീക്കാനുള്ള ശക്തി പോലുമുണ്ടായിരുന്നില്ല. ഞങ്ങള്‍ താഴത്തെ നിലയിലെ വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചു. അതും വിഫലമായി. പിന്നീട് വാതില്‍ കുത്തിത്തുറന്ന് അകത്തു കയറി.
നാലു ദിവസമായി വീട്ടിനകത്ത് കഴിയുന്ന റിട്ട. എസ്പി പിഎന്‍എം നായരും ഭാര്യയും 78 കാരിയായ സഹോദരിയും ഞങ്ങളെ കണ്ടപാടെ പൊട്ടിക്കരഞ്ഞു. ഒരുവിധം അവരെ അവിടെ നിന്നിറക്കി. സ്വര്‍ണം ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കളുമെല്ലാം എടുത്ത് മൂന്നു പേരെയും സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചപ്പോള്‍ അവരുടെ മുഖത്ത് വിരിഞ്ഞ സന്തോഷം വിവരിക്കാവുന്നതില്‍ അപ്പുറമായിരുന്നു”.
എസ്ഡിപിഐ റസ്‌ക്യൂ ടീം അംഗവും മാവേലിക്കര മണ്ഡലം പ്രസിഡന്റുമായ താഹിര്‍ കാഞ്ഞിപ്പുഴയ്ക്ക് പറയാന്‍ ഇതുപോലുള്ള ഇനിയുമേറെ കഥകളുണ്ട്. ദിവസങ്ങളായി സ്വന്തം ജീവന്‍ പണയം വച്ച് സഹജീവികളെ രക്ഷിക്കാനുള്ള പ്രയത്‌നത്തിലാണ് അവര്‍. ചെങ്ങന്നൂരിലേക്ക് കടക്കാനാവാത്തവിധം വെള്ളം നിറഞ്ഞെന്നും ആളുകള്‍ മരണത്തിന്റെ വക്കിലാണെന്നുമുള്ള വാര്‍ത്ത കേട്ടയുടനെ അവിടെ രക്ഷാശ്രമങ്ങളില്‍ പങ്കാളികളാവാമെന്ന് തീരുമാനിച്ചിരുന്നു.
ശനിയാഴ്ച രാവിലെ എംഎല്‍എ സജി ചെറിയാനെ കണ്ടു. എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നും നന്നായി നീന്താനറിയാമെന്നും തയ്യാറായാണ് വന്നതെന്നും പറഞ്ഞു. 26 പേരടങ്ങുന്ന ഞങ്ങള്‍ മൂന്നു സംഘങ്ങളായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. കിലോമീറ്ററുകള്‍ വെള്ളത്തിലൂടെ നടന്ന് വാഴാര്‍മംഗലം പാലത്തിനടുത്തെത്തി. അതിനിടയില്‍ എന്‍ഡിആര്‍എഫ് സംഘം ലൈഫ് ജാക്കറ്റും മറ്റും നല്‍കി. ആരെല്ലാമോ ജാക്കറ്റ് വാങ്ങി മുങ്ങിയതിനാല്‍ ആദ്യം അവര്‍ സഹകരിച്ചിരുന്നില്ല. പിന്നീട് തങ്ങളെ ബോധ്യപ്പെട്ടതോടെയാണ് ഒരുമിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും താഹിര്‍ പറഞ്ഞു.
നൂറുകണക്കിനു പേരെയാണ് ഇവരുടെ നേതൃത്വത്തിലുള്ള സംഘം ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. അതിനിടയില്‍ ചെങ്ങന്നൂര്‍ വാഴാര്‍മംഗലം, കുറ്റിക്കടവ് ഭാഗങ്ങളില്‍ എസ്ഡിപിഐ റസ്‌ക്യൂ ടീം നിരവധി പേര്‍ക്കാണ് ജീവിതം തിരികെ നല്‍കിയത്. ഇന്നലെ 27 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇന്നും അത്രയും പേരുണ്ടാവും. എസ്ഡിപിഐ രക്ഷാശ്രമത്തില്‍ അപകടം സംഭവിച്ചാല്‍ അത്യാഹിതം കുറയ്ക്കാ ന്‍ നേവി ഹെലികോപ്റ്ററുകളും സജ്ജമായിരുന്നു. താഹിറിനൊപ്പം ചെങ്ങന്നൂര്‍ മണ്ഡലം പ്രസിഡന്റ് സിറാജ് കൊല്ലക്കടവും രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss