|    Jan 22 Sun, 2017 1:41 pm
FLASH NEWS

ചെങ്ങന്നൂരില്‍ ടിപ്പര്‍-എക്‌സ്‌കവേറ്റര്‍ ഉടമകളും തൊഴിലാളികളും റോഡ് ഉപരോധിച്ചു

Published : 8th October 2016 | Posted By: Abbasali tf

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ഒരുവിഭാഗം ടിപ്പര്‍, എക്‌സ്‌കവേറ്റര്‍ ഉടമകളും തൊഴിലാളികളും പ്രഖ്യാപിച്ച റോഡ് ഉപരോധം പ്രകടനത്തില്‍ ഒതുങ്ങി. നിയമങ്ങള്‍ അവഗണിച്ച് പാണ്ടനാട്ടില്‍ പറമ്പത്തൂര്‍പ്പടിക്കു സമീപം വീട്ടുപരിസരത്തു കഴിഞ്ഞ ദിവസം വൈകീട്ട് പണി നടത്തിക്കൊണ്ടിരുന്ന എക്‌സ്‌കവേറ്റര്‍ പോലിസ് പിടിച്ചെടുത്തതോടെയാണ് പ്രതിഷേധങ്ങളുമായി ടിപ്പര്‍, എക്‌സ്‌കവേറ്റര്‍ ഉടമകള്‍ രംഗത്തെത്തിയത്. പോലിസ് നടപടി നിയമ വിരുദ്ധമാണെന്നാണ് സമരക്കാരുടെ ആക്ഷേപം. ഓള്‍ കേരള ഗുഡ്സ് കാര്യേജ് ഓണേഴ്സ് ആന്‍ഡ് സ്റ്റാഫ് അസ്സോസിയേഷന്റെ നേതൃത്വത്തിലാണ് ടിപ്പറുകളും, എക്‌സ്‌കവേറ്ററും റോഡിലിട്ട് ഉപരോധിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇന്നലെ രാവിലെ തന്നെ പോലിസ് ചെങ്ങന്നൂരില്‍ കല്ലിശ്ശേരി, കുറ്റിക്കാട്ടുപടി, പുത്തന്‍വീട്ടില്‍പടി, ഐടിഐ ജങ്ഷന്‍ എന്നിവിടങ്ങളില്‍ ടിപ്പര്‍ ലോറികള്‍ തടഞ്ഞു. തുടര്‍ന്ന് എംസി റോഡില്‍ റെയില്‍വേ മേല്‍പ്പാലത്തിനു സമീപം ടിപ്പര്‍, എക്‌സ്‌കവേറ്റര്‍ ഉടമകളും തൊഴിലാളികയും ഒത്തുകൂടി. വാഹനങ്ങള്‍ വഴിയിലിട്ട് ഉപരോധിക്കാന്‍ എംസി റോഡില്‍ പുത്തന്‍വീട്ടില്‍ പടിയിലും ചെങ്ങന്നൂര്‍ പരുമല റോഡിയുമായി 20ഓളം ടിപ്പറുകള്‍ പാര്‍ക്ക് ചെയ്തിരുന്നു. എന്നാല്‍ ടിപ്പര്‍ ലോറികളും എക്‌സ്‌കവേറ്ററുമായി നഗരത്തില്‍ പ്രവേശിക്കുന്നതു പോലിസ് തടഞ്ഞു. നഗരത്തില്‍ ഗതാഗത തടസ്സം ഉണ്ടായാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സിഐ സമരക്കാരെ അറിയിച്ചതോടെയാണ് സമരക്കാര്‍ പ്രകടനമായി നഗരം ചുറ്റിയത്. പ്രകടനം ഹോസ്പിറ്റല്‍ ജങ്ഷനില്‍ എത്തിയപ്പോള്‍ പത്തോളം ടിപ്പര്‍ ലോറികള്‍ ഇവിടെ എത്തിച്ചതോടെ ഗതാഗതം തടസ്സപ്പെട്ടു. ആശുപത്രിയിലേക്കു വന്ന ആംബുലന്‍സിനും ഗതാഗതക്കുരുക്കില്‍പ്പെട്ടു. പോലിസ് ഇടപെട്ടാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. തുടര്‍ന്ന് ടിപ്പറുകളും എക്‌സ്‌കവേറ്ററും പോലിസ് സ്‌റ്റേഷനു മുമ്പിലിട്ട് സമരക്കാര്‍ പ്രതിഷേധിച്ചു. പോലിസും സമരക്കാരും തമ്മില്‍ വാക്കേറ്റവും ഉണ്ടായി. അസോസിയേഷന്‍ പ്രസിഡന്റ് അജി അമ്പാടി, സെക്രട്ടറി എം ജി സതീഷ്, ഖജാന്‍ജി ഗിരീഷ് കൃഷ്ണ നേതൃത്വം നല്‍കി. സംഭവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 50ഓളം പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. നിയമങ്ങള്‍ അവഗണിച്ച് ടിപ്പറുകളും എക്‌സ്‌കവേറ്ററും പ്രവര്‍ത്തിപ്പിച്ചാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് സിഐ ടി മനോജ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക