|    Jan 20 Fri, 2017 5:12 am
FLASH NEWS

ചെങ്ങന്നൂരിലും മുളക്കുഴയിലും താക്കോല്‍ സ്ഥാനത്തുനിന്നു പിന്നാക്കക്കാരെ ഒഴിവാക്കാന്‍ നീക്കം

Published : 12th November 2015 | Posted By: SMR

ചെങ്ങന്നൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ ഇടത് വലത് മുന്നണികള്‍ പറഞ്ഞുനടന്ന പിന്നാക്ക സമുദായ സ്‌നേഹവും പാര്‍ശ്വവത്കൃത സമൂഹത്തെ ഉദ്ദരിക്കലും പാടെ മറക്കുന്നു. ചെങ്ങന്നൂരിലും മുളക്കുഴയിലും ചെയര്‍മാന്‍, പ്രസിഡന്റ് തുടങ്ങിയ താക്കോല്‍ സ്ഥാനത്തുനിന്നും പിന്നാക്കക്കാരെ ഒഴിവാക്കാനാണ് മുന്നണിഭേദമില്ലാതെ നേതാക്കള്‍ ശ്രമിക്കുന്നത്.
ചെങ്ങന്നൂര്‍ നഗരസഭയില്‍ ആകെയുള്ള 27 വാര്‍ഡില്‍ 12 വാര്‍ഡുകളിലും ജയിച്ച് വലിയകക്ഷിയായി മാറിയ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് സീനിയോറിറ്റി ഉണ്ടായിട്ടും ഒരു പട്ടികജാതിക്കാരനെ പരിഗണിക്കാന്‍ വിമുഖത കാട്ടുന്നു. മുമ്പ് രണ്ടുതവണ കൗണ്‍സിലറായും വികസന കാര്യ ചെയര്‍മാന്‍, ക്ഷേമകാര്യചെയര്‍മാ ന്‍ എന്നീ പദവികളില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത കെ ഷിബുരാജനെയാണ് യുഡിഎഫിലെ ജാതിമേലാളന്മാര്‍ ഒതുക്കാന്‍ ശ്രമിക്കുന്നത്. സംവരണ വാര്‍ഡായ 15ാം വാര്‍ഡില്‍ നിന്നും വിജയിച്ച ഷിബുരാജന്‍ സംസ്ഥാനത്തെ ജനപ്രതിനിധികള്‍ക്കായി കില നടത്തിയ പരിശീലനത്തില്‍ വിജയിച്ച ആളും ജനപ്രതിനിധികളെ പരിശീലിപ്പിക്കുന്ന കിലയിലെ ഫാക്യുല്‍റ്റി അംഗവുമാണ്. മികച്ച ജനപ്രതിനിധി എന്നു പേരുള്ള ഷിബുരാജനെ ഒഴിവാക്കാന്‍ നടത്തുന്ന ശ്രമത്തിനെതിരെ യുഡി എഫിലും കോണ്‍ഗ്രസ്സിനുള്ളിലും പ്രതിഷേധം ശക്തമാണ്.
കോണ്‍ഗ്രസ്സിലെ എ, ഐ ഗ്രൂപ്പുകള്‍ ചെങ്ങന്നൂരില്‍ സജീവമാണ്. ഇരുസംഘങ്ങളോടും അടുപ്പമുള്ള മിതവാദി എന്ന ഇമേജും ഷിബുരാജനുണ്ട്. എന്നിട്ടും ഇദ്ദേഹത്തെ ഒഴിവാക്കുന്ന കാര്യത്തില്‍ ശത്രുക്കള്‍ കൈകോര്‍ത്തു നില്‍ക്കുകയാണ്. മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി വി ജോണിനെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും ഇദ്ദേഹം ദയനീയമായി പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് 27ാം വാര്‍ഡില്‍ നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ജോണ്‍ മുളങ്കാട്ടിലിനെ ചെയര്‍മാന്‍ ആക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. കഴിഞ്ഞ ടേമില്‍ നാല് ചെയര്‍പേഴ്‌സ ണ്‍മാര്‍ വീതം വെച്ച് കാലാവധി തികച്ച നഗരസഭയാണ് ചെങ്ങന്നൂരിലേത്. യുഡിഎഫ്-12, എല്‍ ഡിഎഫ്-8, ബിജെപി-6, സ്വതന്ത്രന്‍-1 എന്നതാണ് ഇപ്പോഴത്തെ കക്ഷിനില.
ഇടതപക്ഷത്തിന് ഭരിക്കാന്‍ ഭൂരിപക്ഷം ലഭിച്ച മുളക്കുഴ ഗ്രാമപ്പഞ്ചായത്തിലും സ്ഥിതി വ്യത്യസ്തമല്ല. പ്രസിഡന്റ് സ്ഥാനം വനിതാസംവരണമായ ഇവിടെ 16ാം വാര്‍ഡില്‍ നിന്നും വിജയിച്ച ഗിരിജാ വിജയകുമാറിനെ പ്രസിഡന്റാക്കാനാണ് നേതൃത്വത്തിലെ ഒരുവിഭാഗം ശ്രമിക്കുന്നത്. എന്നാല്‍ സിപിഎമ്മിലെ വനിതാഘടകത്തിന്റെ നേതാവും മുന്‍ വൈസ് പ്രസിഡന്റും പട്ടികജാതി സമുദായഅംഗവുമായ കെ ആര്‍ രാധാഭായിയെ പ്രസിഡന്റാക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം രംഗത്തെത്തിക്കഴിഞ്ഞു. ഇവര്‍ വൈസ് പ്രസിഡന്റായിരുന്ന കാലത്തെ ജനകീയ ഇടപെടല്‍ സുതാര്യവും അഴിമതിരഹിതവുമായിരുന്നെന്നും പരിചയക്കുറവുള്ള പുതുമുഖത്തെ പരീക്ഷിക്കുന്നതിനുപകരം രാധാഭായിയെ പ്രസിഡന്റാക്കണമെന്നുമാണ് ഒരുവിഭാഗത്തിന്റെ അഭിപ്രായം.
എന്നാല്‍ ഇടഞ്ഞുനില്‍ക്കുന്ന ഒരു സമുദായത്തെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സിപിഎം പ്രസിഡ ന്റ് സ്ഥാനം ഗിരിജാ വിജയകുമാറിന് തന്നെ നല്‍കാനാണ് ചരടുവലി നടത്തുനന്ത്. ഇവിടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും തര്‍ക്കം രൂക്ഷമാണ്. പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗവും പട്ടികജാതിക്കാരനുമായ എന്‍ എ രവീന്ദ്രനെ പ്രസിഡന്റാക്കണമെന്ന് ഒരുവിഭാഗം വാദിക്കുമ്പോള്‍ സ്ഥാനം നല്‍കാതിരിക്കാനുള്ള മറുതന്ത്രവുമായി നേതൃത്വത്തിലെ മ റ്റൊരു വിഭാഗം രംഗത്തുണ്ട്. ആകെയുള്ള 18 വാര്‍ഡില്‍ എല്‍ഡി എഫ്-12, യുഡിഎഫ്-3, ബിജെപി – 2, സ്വതന്ത്ര-1 എന്നതാണ് മുളക്കുഴയിലെ കക്ഷിനില.—

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക