|    Oct 22 Mon, 2018 8:06 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ചെങ്കൊടിപിടിച്ച് നില്‍ക്കാന്‍ ഒരിടം

Published : 19th August 2016 | Posted By: SMR

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

ചെങ്കൊടിയുമായി നില്‍ക്കാനൊരിടം; അവിടേക്ക് കൈപിടിച്ചു കയറ്റിയിരുത്താന്‍ ഒരു രാഷ്ട്രീയനീക്കം. കേരളത്തിലെ ഇടതു രാഷ്ട്രീയത്തില്‍ അത്തരമൊരു പ്രക്രിയ ആരംഭിച്ചിരിക്കുന്നു. സിപിഎമ്മില്‍നിന്ന് കൂട്ടമായും വ്യക്തികള്‍ എന്ന നിലയിലും സിപിഐയിലേക്ക് നേതാക്കളെയും പ്രവര്‍ത്തകരെയും ഉള്‍ക്കൊള്ളുന്നത് പുതിയ രാഷ്ട്രീയനീക്കം തന്നെയാണ്.
എറണാകുളം ജില്ലയില്‍ സിപിഎമ്മില്‍നിന്നു പുറത്തായ നൂറുകണക്കിന് പ്രവര്‍ത്തകരെ  ഉള്‍ക്കൊള്ളുന്ന രണ്ട് സ്വീകരണ പരിപാടികള്‍ നടന്നു. അതിന്റെ തുടര്‍ച്ച ആഗസ്ത് 17ന് കാസര്‍കോട് ജില്ലയില്‍ ബേഡകത്തു നടന്നു. 11ാം വയസ്സില്‍ ചെങ്കൊടിയേന്തുകയും 59 വര്‍ഷം മുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാവുകയും ചെയ്ത പി ഗോപാലന്‍ സിപിഎമ്മിന്റെ തലമുതിര്‍ന്ന നേതാക്കളിലൊരാളാണ്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മില്‍ തുടര്‍ന്ന ഗോപാലന്‍ അരനൂറ്റാണ്ടിനുശേഷം സിപിഐയില്‍ തിരിച്ചെത്തുന്നു. ബേഡകത്ത് മറ്റൊരു പ്രമുഖ നേതാവ് പയന്തങ്കാനം കൃഷ്ണന്‍നായര്‍ സിപിഐയില്‍ ചേര്‍ന്നതിനു പിറകെ.
കൂറുമാറ്റവും കാലുമാറ്റവും ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ സാധാരണമാണ്. അതില്‍നിന്നു വ്യത്യസ്തമായ രാഷ്ട്രീയപ്രക്രിയയാണിത്. വിമതരായി അകറ്റിനിര്‍ത്തുകയോ പാര്‍ട്ടിവിരുദ്ധരായി പുറന്തള്ളുകയോ ചെയ്തവരുടെ കാര്യത്തില്‍ സിപിഐ പ്രഖ്യാപിച്ച രാഷ്ട്രീയ നിലപാട്. സിപിഎമ്മിന് കണ്ണൂര്‍ ജില്ലയ്ക്ക് സമാനമായ സ്വാധീനമുള്ള ജില്ലയാണ് എറണാകുളം. പാര്‍ട്ടി കോട്ടയായി വിശേഷിപ്പിക്കുന്ന തൃപ്പൂണിത്തുറയുടെ ശക്തമായ അടിത്തറ ഉദയംപേരൂരിലെ  പാര്‍ട്ടിയാണ്. അവിടെയാണ് അഞ്ഞൂറോളം പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം പൊതുചടങ്ങില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്വീകരിച്ചത്; ‘ജനഹൃദയങ്ങളില്‍ ജീവിക്കുന്നവര്‍’ എന്ന് വിശേഷിപ്പിച്ച്.
സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ട്ടിക്കും അതിന്റെ രാഷ്ട്രീയത്തിനും ജനഹൃദയങ്ങളില്‍ ഇടംസൃഷ്ടിച്ചവരെയാണ് വിഭാഗീയതയുടെ പേരില്‍ സിപിഎം സംസ്ഥാനത്താകെ പുറന്തള്ളിയത്. പാര്‍ട്ടി അടിച്ചേല്‍പ്പിച്ച സമൂഹഭ്രഷ്ട്. ഇതില്‍നിന്ന് രക്ഷനേടാന്‍ ഒന്നുകില്‍ ബിജെപി പോലുള്ള ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ അഭയംതേടണം. ഇക്കാലമത്രയും ഉയര്‍ത്തിപ്പിടിച്ച ചെങ്കൊടിയും ഇടതുപക്ഷ രാഷ്ട്രീയവും ബലികഴിക്കണം. അതിനു തയ്യാറാവാത്തവര്‍ രാഷ്ട്രീയവും സാമൂഹികവുമായ ഒറ്റപ്പെടുത്തലും പീഡനങ്ങളും നേരിട്ട് ചരിത്രവിസ്മൃതിയില്‍ വിലയം പ്രാപിക്കും. രണ്ടു പതിറ്റാണ്ടെങ്കിലുമായി സിപിഎം പുറമ്പോക്കില്‍ തള്ളിയവര്‍ക്ക് ഇതേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. ഇവരെ സഹകരിപ്പിക്കാന്‍ ചിലയിടങ്ങളില്‍ സിപിഐ ശ്രമിച്ചു. അതിനെതിരേ കലഹിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്.
തൊണ്ണൂറുകളുടെ അവസാനത്തില്‍ സിപിഎം പുറത്താക്കിയ യുവനേതാവ് ടി ജെ  ആഞ്ചലോസിനെ സിപിഐ സ്വീകരിച്ചതിനോട് ആലപ്പുഴയില്‍ സിപിഎം കാണിച്ചത് ഉദാഹരണം. ആഞ്ചലോസിനെ പരാജയപ്പെടുത്താന്‍ ലോക്‌സഭാ-നിയമസഭാ സീറ്റുകളില്‍ യുഡിഎഫിനെ വിജയിപ്പിക്കുന്ന സ്ഥിതിപോലുമുണ്ടായി. സ്വാധീനവും സമ്പത്തും ഏറെയുള്ള സിപിഎമ്മിന്റെ നേതൃത്വത്തെ പ്രകോപിപ്പിക്കാന്‍ സിപിഐ നേതൃത്വവും ഭയപ്പെട്ടു. സിപിഎം പടിയടച്ച് പിണ്ഡംവച്ചവരെ കണ്ടിട്ടും കണ്ടില്ലെന്ന് സിപിഐയും നടിച്ചുപോന്നു.
അതില്‍നിന്ന് ഭിന്നമായ നിലപാട് ഭൂതോദയംപോലെ കാനത്തിനും പാര്‍ട്ടിക്കും ഉണ്ടായതല്ല. സിപിഎമ്മും സിപിഐയും നേരിടുന്ന ദേശീയതലത്തിലെയും സംസ്ഥാനത്തെയും തകര്‍ച്ചയും തളര്‍ച്ചയും മാത്രമല്ല കാരണം. കേരള രാഷ്ട്രീയത്തില്‍ ബിജെപിയുമായും മറ്റു പാര്‍ട്ടികളുമായും ബന്ധപ്പെട്ടു സംഭവിച്ചിട്ടുള്ള മാറ്റങ്ങള്‍, സിപിഎം പുറന്തള്ളിയവരോട് സ്വന്തം അനുഭവങ്ങളിലൂടെ ജനങ്ങള്‍ സ്വീകരിച്ചിട്ടുള്ള വ്യത്യസ്തമായ നിലപാട്- ഇതെല്ലാം കേരള രാഷ്ട്രീയത്തില്‍ രൂപപ്പെടുത്തിയിട്ടുള്ള മാറ്റങ്ങളെ തിരിച്ചറിഞ്ഞുള്ളതാണ് സിപിഐ നിലപാട്.
അതുകൊണ്ടാണ് ഇടതുപക്ഷ ഐക്യത്തെ സിപിഐ തകര്‍ക്കുകയാണെന്ന സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ പ്രമേയത്തോട് സിപിഐ നേതൃത്വം രൂക്ഷമായി പ്രതികരിച്ചത്: ”സിപിഎം പുറത്താക്കിയെങ്കിലും ജനഹൃദയങ്ങളില്‍ സ്ഥാനമുള്ളവരാണ് അവര്‍.  ബിജെപിയിലേക്കോ മറ്റു പാര്‍ട്ടികളിലേക്കോ പോവാതെ അവരെ സ്വീകരിക്കുന്നത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണ്.”
കഴിഞ്ഞ രണ്ടുപതിറ്റാണ്ടോളമായി സിപിഎമ്മിന് പുറത്തുനിന്ന് പാര്‍ട്ടിയുടെ അപചയങ്ങളെപ്പറ്റി നിരന്തരം സംസാരിക്കുകയും പാര്‍ട്ടി അണികളെയും ജനങ്ങളെയും ബോധവല്‍ക്കരിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയും സംസ്ഥാനത്ത് ശക്തമായിരുന്നു. ഈ രാഷ്ട്രീയ ശരികളെ സിപിഎം അണികള്‍ ഉള്‍ക്കൊള്ളുന്നുണ്ടായിരുന്നു. അപ്പോഴും  പാര്‍ട്ടി അച്ചടക്കത്തിന്റെ പേരില്‍ ആ തെറ്റുകളെ വിമര്‍ശിക്കാനും തിരുത്താനും ആവാതെ ഈ ഉള്‍പ്പാര്‍ട്ടി അവസ്ഥ ശക്തിപ്പെട്ടതിന്റെ ഫലമായാണ് ഉദയംപേരൂരും ബേഡകവുമൊക്കെ ഇപ്പോള്‍ കേരളത്തില്‍ വാര്‍ത്തയാവുന്നത്. നേതാക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കെതിരേ ആശയപരമായി ഉറച്ചുനിന്നതിന്റെ ഫലം.
രണ്ടുതരം പ്രവണതകളാണ് സിപിഎമ്മിലെ ഈ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് രൂപംകൊണ്ടത്. അടിസ്ഥാന രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കൊച്ചു പാര്‍ട്ടികളും ഗ്രൂപ്പുകളും വ്യാപകമായി.  അവയ്ക്കു പരിമിതികള്‍ മുറിച്ചുകടക്കാന്‍ കഴിഞ്ഞില്ലെങ്കിലും ത്യാഗപൂര്‍ണമായ പ്രവര്‍ത്തനത്തിലൂടെ ജനഹൃദയങ്ങളില്‍ ഇടംനേടാനായി. പലേടങ്ങളിലും പ്രാദേശിക നേതൃത്വങ്ങള്‍ക്കെതിരേ പുറത്തുവന്നവര്‍ സ്വയം സംഘടിച്ചു. ജനജീവിതത്തില്‍ ഇടപെട്ട് പ്രവര്‍ത്തനം തുടര്‍ന്നു. നേതൃത്വത്തിന്റെ തെറ്റുകള്‍ തിരുത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടു. അവ ബധിരകര്‍ണങ്ങളില്‍ പതിച്ചിട്ടും ചെങ്കൊടിയും ഇടതുപക്ഷ രാഷ്ട്രീയവും ഉപേക്ഷിക്കാന്‍ തയ്യാറായില്ല.
ഇവരില്‍ ചിലരെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാനാണ് സിപിഐ ഇപ്പോള്‍ ശ്രമിക്കുന്നത്. സിപിഎമ്മിനും ഒപ്പം തങ്ങള്‍ക്കും ജനഹൃദയങ്ങളില്‍ ഒരുപോലെ സ്ഥാനം നഷ്ടപ്പെടുന്നു എന്ന തിരിച്ചറിവിനെ തുടര്‍ന്ന്. പരസ്യമായി ഇതു പറയാന്‍ സിപിഐ നേതൃത്വം തയ്യാറായിട്ടില്ലെങ്കിലും. ആര്‍എസ്പിയും സിപിഎമ്മില്‍നിന്ന് പുറത്തുപോയവരെ ആകര്‍ഷിക്കാന്‍ നീക്കം നടത്തി. ബിജെപിയും സിപിഎം പാര്‍ട്ടിവിരുദ്ധരായി പ്രഖ്യാപിച്ചവരെ ആകര്‍ഷിച്ച് സംഘടന ശക്തിപ്പെടുത്താന്‍ വ്യഗ്രത കാട്ടുന്നു. ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണ് തങ്ങളുടെ നടപടിയെന്ന് സിപിഐ പറയുന്നതില്‍ ഇതു വ്യക്തമാണ്. സിപിഎമ്മില്‍നിന്ന് ബിജെപിയിലേക്ക് ആരംഭിച്ചിട്ടുള്ള ഒഴുക്ക് സിപിഐയ്ക്കും ബാധകമാണെന്ന് അവര്‍ ഉല്‍ക്കണ്ഠപ്പെടുന്നു.
ബിജെപിയുടെ മൂന്നാംമുന്നണിയുടെ വരവും യുഡിഎഫിന്റെ കെട്ടുനാറിയ ഭരണത്തോടുള്ള ജനങ്ങളുടെ വെറുപ്പും ത്രികോണമല്‍സരം സൃഷ്ടിച്ച അനുകൂല സാധ്യതയുമാണ് എല്‍ഡിഎഫിനെ അധികാരത്തിലെത്തിച്ചതെന്ന് സിപിഐ വിലയിരുത്തുന്നു. എല്‍ഡിഎഫിന്റെ ശക്തികൊണ്ടു മാത്രമല്ല. എന്നാല്‍, സിപിഎം നിലപാട് മറ്റൊന്നാണ്. 91 എംഎല്‍എമാരുടെ പിന്‍ബലത്തില്‍ ഒരു ഗവണ്‍മെന്റ് രൂപപ്പെട്ട  വസ്തുനിഷ്ഠ സാഹചര്യം അവര്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. യാഥാര്‍ഥ്യത്തെക്കാള്‍ അഹങ്കാരത്തിനു പിറകെ പോവുകയാണ് സിപിഎം. പുറത്തായവര്‍ പുറത്തുതന്നെയെന്ന പഴയ നിലപാട് പാര്‍ട്ടിയെ വിശുദ്ധവല്‍ക്കരിച്ചിരിക്കുന്നു എന്ന തെറ്റിദ്ധാരണയാണ് ഇപ്പോഴും നേതാക്കളെ നയിക്കുന്നത്.
18 വര്‍ഷം മുമ്പുള്ള ഒരനുഭവം: സിപിഎമ്മില്‍നിന്ന് പുറത്താക്കിയതിന്റെ അടുത്ത ദിവസം. നടന്നുപോകവെ പാര്‍ട്ടിയുടെ എറണാകുളം ജില്ലാ കമ്മിറ്റി ഓഫിസായ ലെനിന്‍ സെന്ററിനു മുന്നിലെത്തി. രണ്ട് ജില്ലാ സെക്രട്ടേറിയറ്റ് നേതാക്കള്‍ നടന്നുവരുന്നു. മുതിര്‍ന്ന നേതാവ് മുഖാമുഖം കണ്ടുമുട്ടുന്നതൊഴിവാക്കാന്‍ അടുത്തുള്ള ഹോട്ടലിലേക്ക് കുതിച്ചൊരോട്ടം. മധ്യവയസ്‌കനായ മറ്റേ നേതാവ് അടുത്തുവന്ന് കുശലം പറഞ്ഞു.
18 വര്‍ഷത്തിനുശേഷം ഇതേ റോഡിലെ മാര്‍ക്കറ്റിന്റെ മുഖത്ത് ഓട്ടോ കാത്തുനില്‍ക്കവെ മറ്റൊരനുഭവം. ഒരു ഓട്ടോ അടുത്തേക്കുവന്നു. ”സഖാവിനെ തിരിച്ചറിഞ്ഞതുകൊണ്ടാണ് തിരക്കില്‍ ബുദ്ധിമുട്ടി നിര്‍ത്തിയത്”- അയാള്‍ പറഞ്ഞു.
കൊച്ചി നഗരത്തില്‍നിന്ന് ദൂരെയുള്ള പട്ടണത്തിലെ താമസക്കാരന്‍. പാര്‍ട്ടിയംഗമാണ് അദ്ദേഹം. വീട്ടുപടിക്കല്‍ ഇറങ്ങി കാശെടുത്ത് നീട്ടുമ്പോഴേക്കും ഓട്ടോ പിറകോട്ടെടുത്ത് അയാള്‍ പറഞ്ഞു: ”കണ്ടതും എന്റെ ഓട്ടോയില്‍ കയറിയതും വലിയ കാര്യമായി കരുതുന്നു. ഈ യാത്രാക്കൂലി വേണ്ട സഖാവേ.” എത്ര നിയന്ത്രിച്ചിട്ടും കണ്ണുകള്‍ നിറഞ്ഞുപോയി.
ഈ ജനമനസ്സ് കാനം തിരിച്ചറിയുന്നു. സിപിഎം നേതൃത്വത്തിന് അതു കാണാനാവുന്നില്ല. അതാണ് വ്യത്യാസം. പക്ഷേ, സിപിഐ സ്വീകരിച്ചിട്ടുള്ള പുതിയ നിലപാട് സിപിഎം മനസ്സിലാക്കുന്നില്ല.   സിപിഎം അണികള്‍ സിപിഐയില്‍ ചേര്‍ന്നാല്‍ എല്ലാം ശുദ്ധമാവുമെന്നല്ല. ഇടതുപാര്‍ട്ടികളെല്ലാം ആശയക്കുഴപ്പത്തിലാണ്. എന്തുചെയ്യണം എന്ന ചോദ്യത്തിനു മുമ്പില്‍ പരുങ്ങിനില്‍ക്കുന്നു. അതിനിടയിലും മനുഷ്യത്വത്തിന്റെ ഒരു മുഖം സിപിഐയില്‍ കാണുന്നു. അതാണ് ആ പാര്‍ട്ടിയെ സിപിഎമ്മില്‍നിന്നു വ്യത്യസ്തമാക്കുന്നത്.

(കടപ്പാട്: വള്ളിക്കുന്ന് ഓണ്‍ലൈന്‍)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss