|    Jan 25 Wed, 2017 1:03 am
FLASH NEWS

ചെങ്കുളം പവര്‍ഹൗസിലെ പെന്‍സ്റ്റോക്ക് സര്‍ജ് ടാങ്കില്‍ ചോര്‍ച്ച

Published : 23rd September 2016 | Posted By: SMR

അടിമാലി:  ചെങ്കുളം പവര്‍ഹൗസില്‍ വൈദ്യുതി ഉല്‍പാദിക്കുന്നതിനായുള്ള പെന്‍സ്‌റ്റോക്ക് പൈപ്പിന്റെ സര്‍ജ് ടാങ്കില്‍ ചോര്‍ച്ച. വെള്ളത്തൂവലിന് സമീപം എല്‍ കുന്നില്‍ സ്ഥിതി ചെയ്യുന്ന 40 അടി ഉയരവും 30 മീറ്റര്‍ വ്യാസവും സര്‍ജ് ടാങ്കിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ടാങ്കിന്റെ പല സ്ഥലങ്ങളിലായാണ് ചോര്‍ച്ച രൂപപ്പെട്ടിരിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തി പരിശോധന നടത്തി. ചെങ്കുളം പവര്‍ഹൗസില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനായി തുരങ്കം വഴിയാണ് ചെങ്കുളം ഡാമില്‍ നിന്നും ഈ ടാങ്കിലേയ്ക്ക് വെള്ളമെത്തിക്കുന്നത്. മാട്ടുപ്പെട്ടി, മൂന്നാറിലെ രാമസ്വാമി ഹെഡ് വര്‍ക്‌സ് ഡാം എന്നിവിടങ്ങളില്‍ ശേഖരിക്കുന്ന വെള്ളം പെന്‍സ്‌റ്റോക്ക് വഴി പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയിലെത്തും. ഇവിടുത്തെ വൈദ്യുതി ഉത്പാദനത്തിന് ശേഷം പമ്പ് ചെയ്ത് ചെങ്കുളം ഡാമില്‍ എത്തിച്ചതിനു ശേഷമാണ് ചെങ്കുളം പവര്‍ഹൗസിലേക്ക് എത്തിക്കുന്നത്. ഉല്‍പ്പാദന സമയത്ത് വെള്ളത്തിന്റെ മര്‍ദം ക്രമീകരിക്കുന്നതിനായുള്ള സേഫ്റ്റി വാല്‍വ് ഉള്‍പ്പെട്ട ഭാഗമാണ് സര്‍ജ് ടാങ്ക്.
ഡാമിനു പവര്‍ഹൗസിനും മധ്യേ സ്ഥിതി ചെയ്യുന്ന ടാങ്കിന് 60 വര്‍ഷത്തിലേറെ പഴക്കമുണ്ട്. 1950 കാലഘട്ടത്തിലാണ് പൈപ്പുലൈനുകള്‍ സ്ഥാപിച്ചത്. ചെങ്കുളം ഡാമിനും പന്നിയാര്‍ പവര്‍ഹൗസിനും ഇടയില്‍ 364 ജോയിന്റുകളാണുള്ളത്. ഓരോ ജോയിന്റിലും 82 ബോള്‍ട്ടുകളും 82 ബീറ്റും ഉപയോഗിച്ചാണ് പൈപ്പ്‌ലൈന്‍ നിര്‍മിച്ചിരിക്കുന്നത്. അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ ബീറ്റുകള്‍ ദ്രവിച്ച് നശിക്കുകയാണ്. ഇതാണ് ചോര്‍ച്ച വര്‍ധിക്കാന്‍ കാരണമായത്. ബട്ടര്‍ഫ്‌ളൈ വാല്‍വ് തകരാറിലായതിനാല്‍ വാല്‍വ് അടച്ച് അറ്റകുറ്റപ്പണി നടത്തുന്നതിനും കഴിയാത്ത സാഹചര്യമാണ്. ഈ ടാങ്കിനും വൈദ്യുതി നിലയത്തിനുമിടയില്‍ വെള്ളത്തൂവല്‍, കുത്തുപ്പാറ തുടങ്ങിയ സ്ഥലങ്ങളിലെ നാലു വാര്‍ഡുകളിലായി അഞ്ഞൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ചോര്‍ച്ചയെ കുറിച്ചുള്ള വിവരം സമീപവാസികള്‍ നാലു ദിവസം മുമ്പ് കെഎസ്ഇബി അധികൃതരെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചിട്ടില്ല.
പന്നിയാര്‍ പവര്‍ഹൗസില്‍ പെന്‍സ്‌റ്റോക്ക് പൈപ്പ് പൊട്ടി എട്ടു പേര്‍ മരിച്ച ദുരന്തത്തിന്റെ ഒമ്പതാണ്ട് പിന്നിടുമ്പോഴും സമാനമായ രീതിയില്‍ മറ്റൊരു ദുരന്തത്തിന് കളമൊരുങ്ങിയിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. 48 മെഗാവാട്ട് വൈദ്യുതിയാണ് ചെങ്കുളത്ത് ഉല്‍പാദിപ്പിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക