|    Dec 13 Thu, 2018 9:19 am
FLASH NEWS

ചെങ്കല്ലിന് മുന്നറിയിപ്പില്ലാതെ വിലവര്‍ധന: ക്വാറികള്‍ സ്തംഭിക്കും

Published : 25th April 2018 | Posted By: kasim kzm

ഇരിക്കൂര്‍: ജില്ലയില്‍ ചെങ്കല്‍ കല്ലുകള്‍ക്കു യാതൊരു മുന്നറിയീപ്പുമില്ലാതെ കൊള്ള ലാഭം. പെട്രോള്‍, ഡീസല്‍ വില വര്‍ധനവിന്റെ മറവിലാണ് കല്ലിന്് വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഒന്നാംതരത്തിന് അഞ്ചു മുതല്‍ ഏഴു രൂപ വരെയും, ചട്ടക്കല്ലിന്റെ ലോഡിന് 800 രൂപയോളവുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. രണ്ടാംതരം കല്ലിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ ഒരു ലോഡ് കല്ലിന് ഇനിമുതല്‍ 1000 രൂപ മുതല്‍ 2500 രൂപയോളം അധിക വില നല്‍കേണ്ടിവരും.
പെട്രോള്‍ വില വര്‍ധനവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും മൂലം നട്ടംതിരിയുന്ന സാധാരണക്കാര്‍ക്ക് ചെങ്കല്‍ വിലവര്‍ധന ഇരുട്ടടിയായി. മഴക്കാലത്തിന് മുമ്പ് വീട് നിര്‍മാണം, അറ്റക്കുറ്റപണി ഉള്‍പ്പടെയുള്ള കെട്ടിട നിര്‍മാണപ്രവൃത്തിയിലേര്‍പ്പെട്ടവരെ പ്രതിസന്ധിയിലാക്കുകയാണ്. ഗള്‍ഫ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ വീടെന്ന സ്വപ്‌നവുമായി നിര്‍മാണ രംഗത്തേക്കിറങ്ങിയവരുടേയും വിവിധ സര്‍ക്കാര്‍ വായ്്പാ പദ്ധതികളുടെ ഭാഗമായി ഭവന നിര്‍മാണത്തിനിറങ്ങിയവരുടേയും കണക്കുകൂട്ടലുകള്‍ തകിടംമറിയും.
സാധാരണയായി ഇത്തരത്തില്‍ വില വര്‍ധനയുണ്ടാവുമ്പോള്‍ ലോറി ഡ്രൈവര്‍, യൂനിയന്‍ നേതാക്കള്‍, ഏജന്റുമാര്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കുകയും ഇതുസംബന്ധിച്ച് പൊതുജനത്തെ മൂന്‍കൂട്ടി അറിയിക്കുകയും ചെയ്യാറുണ്ട്്. എന്നാല്‍ ഇത്തവണ ഒരു നടപടി ക്രമങ്ങളും പാലിച്ചില്ല. ഏകപക്ഷീയമായി ഉയര്‍ത്തിയ വില വര്‍ധന ഒഴിവാക്കണമെന്നും ലോറി ഉടമകള്‍ ആവശ്യപ്പെട്ടു.
അതേസമയം നിയമാനുസൃതം ചെങ്കല്‍ ഖനനം ചെയ്യാനുള്ള രേഖകള്‍ ഉള്ളവര്‍ ചുരുക്കമാണെന്നും പരാതിയുണ്ട്. വില വര്‍ധനവ് സംബന്ധിച്ച വിഷയത്തില്‍ ഉടന്‍ അധികൃതര്‍ ഇടപെടണമെന്നാണ് സാധാരണക്കാരുടെയും വിവിധ തൊഴിലാളി യൂനിയനുകളുടേയും ആവശ്യം.
കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍, പടിയൂര്‍, കൂടാളി, മലപ്പട്ടം, മയ്യില്‍ കുറ്റിയാട്ടൂര്‍, പയ്യാവൂര്‍, എരുവേശി, ചെങ്ങളായി പഞ്ചായത്തുകളിലും മട്ടന്നൂര്‍, ഇരിട്ടി, ശ്രീകണ്ഠാപുരം നഗരസഭകളിലുമാണ് പ്രധാന ചെങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്്. ഇവിടങ്ങളില്‍തന്നെ ആയിരത്തോളം പണകളുമുണ്ട്.
ജില്ലയില്‍ നിന്നും സംസ്‌കരിച്ചെടുക്കുന്ന വിവിധ തലങ്ങളിലുള്ള കല്ലുകളില്‍ നല്ലൊരു ശതമാനവും വിറ്റഴിക്കുന്നത് അയല്‍ ജില്ലകളായ കാസര്‍കോട്്, വയനാട്, കോഴിക്കോട് മലപ്പുറം ജില്ലകളിലേക്കാണ്. വില വര്‍ധനവിന്റെ പേരില്‍ ക്വാറികള്‍ സ്തംഭിക്കുമ്പോള്‍ നൂറുകണക്കിന് ലോറികള്‍ക്കും ലക്ഷകണക്കിന് തൊഴിലാളികള്‍ക്കുമാണ് പണിയില്ലാതാവുക. മുന്നറിയിപ്പും മാനദണ്ഡവുമില്ലാതെ പണ മുതലാളിമാര്‍ തോന്നിയപോലെ വില വര്‍ധിപ്പിച്ചതിനെതിരേ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ചില രാഷ്ട്രീയ-യുവജന സംഘടനകള്‍. ചെങ്കല്‍ കയറ്റി പോകുന്ന ലോറികള്‍ തടയാനും തീരുമാനമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss