|    Jan 19 Thu, 2017 4:31 pm
FLASH NEWS

ചെക് പോസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ല; കല്ലേലി-അച്ചന്‍കോവില്‍ കാനന പാതയില്‍ യാത്രക്കാരുടെ സുരക്ഷയില്‍ ആശങ്ക

Published : 18th October 2016 | Posted By: Abbasali tf

കോന്നി: ശബരിമല തീര്‍ഥാടനം പടിവാതിക്കലെത്തിയിട്ടും കാട്ടാന സൈ്വര വിഹാരം നടത്തുന്ന കല്ലേലി-അച്ചന്‍കോവില്‍ കാനന പാതയില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വനം വകുപ്പ് ആവിഷ്‌കരിച്ച പദ്ധതി പ്രാവര്‍ത്തികമായില്ല. അച്ചന്‍കോവില്‍ റോഡിന്റെ പ്രവേശന കവാടമായ കല്ലേലിക്കടവ് ഭാഗത്തും തുറയ്ക്കു സമീപം ചേമ്പാല ഭാഗത്തും ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്തതാണ് ഇതിന് കാരണം. അച്ചന്‍കോവില്‍ ധര്‍മശാസ്താ ക്ഷേത്രത്തിലെ ഉല്‍സവത്തിനും ശബരിമല തീര്‍ഥാടന സമയത്തും തിരക്കേറുന്ന വനപാത, അരുവാപ്പുലം പഞ്ചായത്തിലെ ആവണിപ്പാറ ഗിരിവര്‍ഗ കോളനി വാസികളും ഉപയോഗിക്കുന്നു. അച്ചന്‍കോവില്‍, തുറ, ചെമ്പനരുവി മേഖലകളില്‍ നിന്നൊക്കെയും യാത്രക്കാര്‍ ഈ കാനനപാത തിരഞ്ഞെടുക്കുമ്പോള്‍ ഇരുചക്രവാഹനയാത്രക്കാര്‍ അടക്കം വിനോദയാത്രയ്ക്കായും എത്താറുണ്ട്. വന്യജീവികളുടെ സ്ഥിരം സാന്നിധ്യമുള്ള വനമേഖലയില്‍ യാത്രക്കാര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് വനം വകുപ്പ് അച്ചന്‍കോവില്‍ റോഡിന്റെ വനമേഖലയിലെ ഭാഗത്ത് ഒന്നര വര്‍ഷം മുമ്പ് ചെക്‌പോസ്റ്റ് സ്ഥാപിച്ചത്. വൈകീട്ട് ആറു മുതല്‍ പുലര്‍ച്ചെ ആറുവരെയുള്ള സമയങ്ങളില്‍ ഇതുവഴിയുള്ള യാത്ര കര്‍ശനമായി നിയന്ത്രിക്കുകയായിരുന്നു ലക്ഷ്യം. യാത്രക്കാര്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കും കുപ്പികളും ഭക്ഷണസാധനങ്ങളും കഴിക്കാനിടവരുന്ന സാഹചര്യം വന്യജീവികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നതിനാല്‍ നിയന്ത്രണം അനിവാര്യമായിട്ടുണ്ടെന്നും വനം വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, അച്ചന്‍കോവില്‍, ശബരിമല ക്ഷേത്രങ്ങളിലെ ഉല്‍സവവുമായി ബന്ധപ്പെട്ടു നിയന്ത്രണം പാടില്ലെന്നും തീരുമാനിച്ചിരുന്നു. വന്യജീവികള്‍ കാട്ടില്‍ നിന്നിറങ്ങി ഇതുവഴിയുള്ള റോഡ് മുറിച്ചുകടന്നാണ് അച്ചന്‍കോവിലാറ്റിലേക്ക് ഇറങ്ങുന്നത്. പലപ്പോഴും ഇവിടെ കാട്ടാനക്കൂട്ടത്തെ തന്നെ കാണാം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക