|    Sep 25 Tue, 2018 12:25 pm
FLASH NEWS

ചെക്കുന്ന് മലയില്‍ വന്‍ വിള്ളല്‍; ജനം ആശങ്കയില്‍

Published : 20th August 2018 | Posted By: kasim kzm

അരീക്കോട്: ഊര്‍ങ്ങാട്ടിരി ചെക്കുന്ന് മലയില്‍ വന്‍ വിള്ളല്‍. അപകട ഭീഷണി ഭയന്ന് ഏഴ് ആദിവാസി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ഉരുള്‍പൊട്ടല്‍ മൂലം ഏഴുപേരുടെ ജീവന്‍ നഷ്ടമായ ഓടക്കയം മലയോട് ചേര്‍ന്നു കിടക്കുന്ന പ്രധാന മലയാണ് ചെക്കുന്ന്മല. വര്‍ഷങ്ങളായി ഈ പ്രദേശങ്ങളില്‍ നിരന്തരമായ ഉരുള്‍പൊട്ടലും ഭൂമി വിള്ളലും തുടര്‍ സംഭവമായിട്ടുണ്ട്. ദിവസങ്ങള്‍ക്കുമുമ്പ് ഓടക്കയം ആദിവാസി മേഖലയില്‍ ഉരുള്‍പൊട്ടി ഏഴുപേര്‍ മരിക്കുകയും സമീപ പ്രദേശങ്ങളിലെ 1500പേരെ ആറ് ക്യാംപുകളിലായി മാറ്റി പാര്‍പ്പിക്കുകയും ചെയ്തതാണ്.
ഇതിനിടയില്‍ ചെക്കുന്ന് മലയില്‍ ആയിരം മീറ്റര്‍ ദൂരത്തില്‍ വന്‍ വിള്ളല്‍ രൂപപ്പെട്ടത് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. വിള്ളല്‍ സംഭവിച്ച മലയുടെ പരിസരങ്ങളില്‍ ആയിരത്തിലേറെ കുടുംബങ്ങളാണ് താമസിക്കുന്നത്. ഊര്‍ങ്ങാട്ടീരി പഞ്ചായത്തില്‍പ്പെട്ട ചെക്കുന്ന് മലയില്‍ വന്‍ വിള്ളല്‍ രൂപപ്പെട്ടിട്ടും വില്ലേജില്‍ നിന്നും സുരക്ഷാ മുന്നറിയിച്ച് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ലെന്നാണ് വിവരം.
ചെക്കുന്ന് കാളിയാര്‍ മലയിലാണ് വന്‍ വിള്ളല്‍ രൂപപ്പെട്ടിട്ടുള്ളത്. ഊര്‍ങ്ങാട്ടിരി പെരകമണ്ണ വില്ലേജ് അതിര്‍ത്തിയില്‍ ഊര്‍ങ്ങാട്ടിരി വില്ലേജ് പരിധിയിലാണ് വിള്ളല്‍ കണ്ടെത്തിയത്. പെരകമണ്ണ വില്ലേജ് ഓഫിസര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ജിയോളജി സംഘം സംഭവ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി പ്രാഥമിക വിവരം ജില്ലാ കലക്ടര്‍ക്ക് നല്‍കി. ജിയോളജി സംഘത്തിന്റെ പരിശോധനയില്‍ പ്രദേശം അപകടാവസ്ഥയിലാണെന്നാണ് ബന്ധപ്പെട്ടവരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.
വിള്ളലുണ്ടായ മലയ്്ക്കു ചുറ്റുമായി ഏഴ് വന്‍ ക്വാറികള്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഈ ക്വാറികള്‍ക്കെതിരേ നിരവധി ബഹുജന സമരങ്ങള്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് ഓഫിസിലേയ്ക്കു നടത്തിയതാണ്. എന്നാല്‍ ബന്ധപ്പെട്ടവര്‍ സമരക്കാരുടെ ആവശ്യങ്ങള്‍ അവഗണിക്കുകയായിരുന്നു. ശക്തമായ മഴ തുടരുകയും വിള്ളലിലൂടെ മഴവെള്ളം ഇറങ്ങുകയും ചെയ്താല്‍ മലയിടിച്ചിലിന് കാരണമാകുമെന്ന് ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പരിസരവാസികള്‍ പറഞ്ഞു.
ഉരുള്‍പ്പൊട്ടല്‍ പോലുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ പരിസരങ്ങളില്‍ ആള്‍നാശവും കനത്ത നാശനഷ്ടങ്ങളും ഉണ്ടാകാന്‍ സാധ്യതയേറെയാണ്. കഴിഞ്ഞ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ചെറുപുഴയുടെ സമീപ പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരുകയും നിരവധി കുടുംബങ്ങള്‍ മാറിതാമസിച്ചതുമാണ്. ചെക്കുന്ന് മലയലിലെ വിള്ളല്‍ ഉരുള്‍പ്പൊട്ടലിന് കാരണമായാല്‍ ചെറുപുഴയിലേയ്്ക്കു മലവെള്ളം ഒഴുകിയെത്തിയാല്‍ വീണ്ടും പരിസരവാസികള്‍ വീട് ഒഴിഞ്ഞുപോകേണ്ട അവസ്ഥയുണ്ടാവുക.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss