|    Aug 18 Fri, 2017 10:36 am
FLASH NEWS

ചൂണ്ടല്‍ പഞ്ചായത്തില്‍ മുണ്ടകന്‍ കൃഷി ഉണക്കഭീഷണിയില്‍

Published : 19th November 2016 | Posted By: SMR

കേച്ചേരി: ജലസേചന സൗകര്യങ്ങള്‍ ഒരുക്കാത്തതിനാല്‍ ചൂണ്ടല്‍ പഞ്ചായത്തിലെ ആയിരത്തിലധികം ഏക്കര്‍ മുണ്ടകന്‍ നെല്‍കൃഷി ഉണക്കഭീഷണിയില്‍. പാറന്നൂര്‍ ചിറയോട് ചേര്‍ന്നുള്ള അഞ്ഞൂറ് ഏക്കറോളം വരുന്ന കൃഷിയിടങ്ങളും കൂമ്പുഴയോട് ചേര്‍ന്ന് ഇയ്യാല്‍ പാടത്തെ കൃഷിയും വരണ്ടുണങ്ങുകയാണ്. ഒരാഴ്ച്ചക്കുള്ളില്‍ വെള്ളം ലഭിച്ചില്ലെങ്കില്‍ ഞാറ് കരിഞ്ഞുണങ്ങും. മഴയെ പ്രതീക്ഷിച്ച് കൃഷി തുടങ്ങിയവരാണ് പലരും. തുലാമഴ ചതിച്ചതോടെ വായ്പയെടുത്ത് നെല്‍കൃഷി ഇറക്കിയ കര്‍ഷകരുടെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചിരിക്കുകയാണ്. കര്‍ഷകരുടെ പ്രശ്‌നം ദുരീകരിക്കാന്‍ അധികൃതരും ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ചൂണ്ടല്‍ പഞ്ചായത്തിലെ കൂമ്പുഴ, പാറന്നൂര്‍ ചിറ എന്നിവയോട് ചേര്‍ന്നുള്ള കൃഷിയിടങ്ങളിലേക്ക് പോലും ജലസേചനം നടത്താന്‍ കഴിയാത്തത് അധികൃതരുടെ പിടിപ്പുകേടാണെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി. പഞ്ചായത്തിന് കീഴില്‍ പമ്പ് സെറ്റുകളും മറ്റു ജലസേചന സൗകര്യങ്ങളും ഉണ്ടായിട്ടും മുന്‍കൂട്ടി പദ്ധതികള്‍ ഒരുക്കാതിരുന്നത് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. പഞ്ചായത്ത് പരിതിയിലുള്ള തോടുകളും കുളങ്ങളും കൃഷിക്കനുയോജ്യമായ രീതിയില്‍ ഒരുക്കാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല. പാറന്നൂര്‍ ചിറയില്‍ നിന്ന് പട്ടിക്കര, ചിറനെല്ലൂര്‍ പാടശേഖരങ്ങളിലേക്ക് നീളുന്ന തോടുകള്‍ വര്‍ഷങ്ങളായി നവീകരിച്ചിട്ടില്ല. തോടുകളോട് ചേര്‍ന്നുള്ള ചീപ്പുകളും അറ്റകുറ്റപ്പണി നടത്തിയിട്ട് വര്‍ഷങ്ങളായി. ചീപ്പുകളിലെ ഷട്ടറുകള്‍ കേടുപാട് സംഭവിച്ചത് മൂലം വേനല്‍കാലത്ത് വെള്ളം കെട്ടിനിര്‍ത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഇതുമൂലം തോട്ടില്‍ മണ്ണടിച്ച് ബണ്ട് കെട്ടേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. വാഴാനി ഡാമില്‍ നിന്ന് വെള്ളം കുറഞ്ഞതിനാല്‍ അവിടെ നിന്നും വെള്ളം എത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മഴ ലഭിച്ചില്ലെങ്കില്‍ ഇത്തവണത്തെ കൃഷി നഷ്ടത്തിലാകുമെന്ന് കര്‍ഷകര്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക