|    Jan 17 Tue, 2017 8:30 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ചൂട് കനത്തു: പഴയ ടയറുകള്‍ മാറ്റണമെന്ന് നിര്‍ദേശം

Published : 10th July 2016 | Posted By: sdq

ദോഹ: അപകടങ്ങള്‍ സംഭവിക്കാതിരിക്കാനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി പഴയതും തഴഞ്ഞുതീര്‍ന്നതുമായ ടയറുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കരുതെന്ന് രാജ്യത്തെ ടയര്‍ വ്യാപാരികളും മെക്കാനിക്കുകളും മുന്നറിയിപ്പ് നല്‍കി. ചൂട് കനത്തതോടെ പഴകിയ ടയറുകള്‍ റോഡിലെ ചൂട് കാരണം പൊട്ടിത്തെറിക്കാന്‍ സാധ്യത കൂടുതലാണെന്നും ഇവര്‍ വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ സല്‍വ റോഡില്‍ ടയര്‍ പൊട്ടിത്തെറിച്ച് രണ്ട് അപകടം ഉണ്ടായതിനെ തുടര്‍ന്നാണ് മുന്നറിയിപ്പുമായി മെക്കാനിക്കുകളും വ്യാപാരികളും രംഗത്തെത്തിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല.
ഖത്തര്‍ നിയമപ്രകാരം നിര്‍മാണ തീയതി മുതല്‍ രണ്ട് വര്‍ഷം വരെയാണ് ടയറിന്റെ കാലാവധി. ഇതിന്റെ ശേഷം ഈ ടയര്‍ ഉപയോഗിക്കാന്‍ പാടില്ല. ടയറിന്റെ ഒരു വശത്ത് നിര്‍മാണ തീയതി രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്നും എന്നാല്‍ പലപ്പോഴും വാഹന ഉടമകള്‍ ടയറുകള്‍ കൂടുതല്‍ കാലം ഉപയോഗിക്കുന്നതായാണ് കണ്ടുവരുന്നതെന്നും വ്യവസായ മേഖലയിലെ ടയര്‍ കടയിലെ മെക്കാനിക്ക് പറഞ്ഞു. കാലാവധി കഴിഞ്ഞ ടയര്‍ പരമാവധി ഒരു വര്‍ഷം കൂടി ഉപയോഗിക്കാറുണ്ടെന്നും എന്നാല്‍ നിര്‍മാണ തീയതി 2012 രേഖപ്പെടുത്തിയ ടയറുകള്‍പോലും ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നും മെക്കാനിക്ക് ചൂണ്ടിക്കാട്ടി. ഉപഭോക്താവിന്റെ വാഹനത്തിന്റെ ടയര്‍ പരിശോധിക്കവേയാണ് മെക്കാനിക്ക് ഇക്കാര്യം വിശദീകരിച്ചത്.
കാലാവധി കഴിഞ്ഞ ടയറുകള്‍ക്ക് തേയ്മാനം സംഭവിച്ചില്ലെങ്കിലും കാഠിന്യവും ബലവും നഷ്ടമാകും. സുരക്ഷയുടെ കാര്യത്തില്‍ ഉപഭോക്താക്കള്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും അതാത് സമയങ്ങളില്‍ ടയര്‍ മാറ്റണമെന്നും അല്ലാത്തപക്ഷം അത് വന്‍ദുരന്തങ്ങള്‍ക്ക് ഇടവരുത്തുമെന്നും കാര്‍ വ്യാപാരികളിലൊരാള്‍ പറഞ്ഞു.
കുറഞ്ഞ ഗുണനിലവാരമുള്ള ടയറുകള്‍ക്ക് ഏകദേശം 200 റിയാലും കൂടുതല്‍ ഗുണനിലവാരമുള്ളവക്ക് 400 റിയാലിനുമാണ് ഖത്തറില്‍ വില്‍ക്കപ്പെടുന്നത്. കാലാവധി കഴിഞ്ഞതും വ്യാജവുമായ ടയറുകള്‍ വില്‍ക്കുന്നുണ്ടോയെന്ന് സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് പരിശോധന നടത്തുന്നുണ്ട്. പരിശോധനയില്‍ നിയമലംഘനം നടത്തിയ ടയര്‍ കടകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതും പതിവാണ്.
ഈദുല്‍ ഫിത്വറിന് ഒരു ദിവസം മുമ്പാണ് ഉച്ചയോടെ സല്‍വ റോഡില്‍ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചത്. ഓടിക്കൊണ്ടിരിക്കവേ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
നിയന്ത്രണം വിട്ട വാഹനം ഡിവൈഡറില്‍ ഇടിക്കാതെ രക്ഷപ്പെട്ടു. ഈദുല്‍ ഫിത്വര്‍ ദിനത്തിലാണ് സല്‍വ റോഡില്‍ രണ്ടാമതൊരു വാഹനത്തിന്റെ കൂടി ടയര്‍ പൊട്ടിത്തെറിച്ചത്. രണ്ട് അപകടങ്ങളിലും ആര്‍ക്കും പരിക്കില്ല. പഴയതും തേയ്മാനം സംഭവിച്ചതുമായ ടയര്‍ ഉപയോഗിച്ചതാണ് അപകട കാരണമെന്ന് വ്യക്തമായിട്ടുണ്ട്.
സല്‍വ റോഡിലെ അപകടങ്ങള്‍ക്ക് ശേഷമാണ് സുരക്ഷിതമായ സഞ്ചാരത്തിനായി തേയ്മാനം സംഭവിച്ച ടയറുകള്‍ ഉപയോഗിക്കരുതെന്ന് മെക്കാനിക്കുകളും വ്യാപാരികളും ഒരുപോലെ ഖത്തറിലെ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ചൂട് കനക്കുന്നതോടെ ചുട്ടുപൊള്ളുന്ന റോഡില്‍ പഴയതും തേയ്മാനം സംഭവിച്ചതുമായ ടയറുകള്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 336 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക