|    Jan 18 Wed, 2017 3:58 pm
FLASH NEWS

ചുവപ്പുകോട്ടയിലെ തൃശൂര്‍പൂരം

Published : 21st August 2015 | Posted By: admin

Red-fort-1

slug A minus B

സ്വാതന്ത്ര്യദിനമായതുകൊണ്ട് ചില്ലറ നേരമ്പോക്കാവാമെന്നു കരുതി. അങ്ങനെയാണ് കുറേക്കാലത്തിനു ശേഷം ടി.വി. പെട്ടി തുറന്നുനോക്കിയത്. ഒട്ടും നിരാശപ്പെടേണ്ടിവന്നില്ല, മനസ്സിന്റെ വിനോദസഞ്ചാരത്തിനു ബഹുകേമം സദ്യ തന്നെ തരപ്പെട്ടു. ചാനലായ ചാനലാകെ നരേന്ദ്ര മോദിയുടെ കതിനാവട്ടം. സ്തുതിപാഠക സംഘവും ഫാന്‍സ് സംഘങ്ങളും രാജ്യവ്യാപകമായുണെ്ടങ്കിലും തന്റെ ഭരണമാഹാത്മ്യം എട്ടുനിലയില്‍ വാഴ്ത്താന്‍ അവറ്റകളൊന്നും തന്നോളം പോരാ എന്നൊരു വിലയിരുത്തല്‍ മോദിക്കുണെ്ടന്നു തോന്നുന്നു. അതുകൊണ്ട് ആത്മപ്രശംസ ആത്മഹത്യക്കു തുല്യമെന്ന പഴഞ്ചൊല്ലിനെ ചുവപ്പുകോട്ടയില്‍ പരസ്യമായി തൂക്കിലേറ്റി. പ്രഥമ ഗുണ്ട് തന്നെ ദിഗന്തങ്ങള്‍ നടുക്കുന്നതായിരുന്നു: ”ഞാന്‍ ഭരണം തുടങ്ങിയതോടെ രാജ്യത്തെ മൊത്തവിലനിലവാരം കുത്തനെ ഇടിഞ്ഞു.”
കാലണയുടെ പലവ്യഞ്ജനം വാങ്ങാന്‍ പീടികയില്‍ പോയി ശീലമുള്ള ഒരു നാട്ടുകാരനും സംഗതിയുടെ പൊരുള്‍ പിടികിട്ടിയ ലക്ഷണമില്ല. സംശയമുള്ളവര്‍ സ്വാതന്ത്ര്യദിന വെടിവട്ടത്തിലെ തുടര്‍ന്നുള്ള കതിനാപ്രയോഗങ്ങള്‍ ഓരോന്നായെടുക്കുക. അധികാരമേറ്റപാടെ ചൂലും ബക്കറ്റുമായിറങ്ങി ഘോഷിച്ച സ്വച്ഛ്ഭാരത് അഭിയാനാണ് ശബ്ദപ്രപഞ്ചം സൃഷ്ടിച്ച പ്രമുഖ ഉരുപ്പടി. സ്വച്ഛ്ഭാരത് മിഷന്റെ വകുപ്പു സെക്രട്ടറി സ്വാതന്ത്ര്യദിന പരസ്യങ്ങളില്‍ തട്ടിവിട്ടത് കഴിഞ്ഞ ഒരു കൊല്ലത്തില്‍ 80 ലക്ഷം കക്കൂസുകള്‍ പണിതുയര്‍ത്തിയെന്നാണ്. പത്രം വായിക്കുന്ന ദുശ്ശീലമില്ലാത്തതുകൊണ്ടാവണം ചുവപ്പുകോട്ടയില്‍ പ്രധാനമന്ത്രി അട്ടഹസിച്ചപ്പോള്‍ സംഗതി 4.25 ലക്ഷമായി ചുരുങ്ങി. ഇതില്‍ത്തന്നെ 2.62 ലക്ഷം പള്ളിക്കൂടങ്ങളിലാണ്. പോട്ടെ, പിള്ളേരുടെ മൂത്രശങ്കക്ക് അത്രയും ഇടക്കാലാശ്വാസമിരിക്കട്ടെ.

അമിട്ടിലെ ഫലിതക്കെട്ടിരിക്കുന്നത് അവിടെയല്ല. 2011-12ല്‍ യു.പി.എ. സര്‍ക്കാര്‍ ഈ കൊട്ടിഘോഷമില്ലാതെ കെട്ടിയത് 88 ലക്ഷം കക്കൂസുകള്‍. പിറ്റേക്കൊല്ലം ഈ പദ്ധതി നടത്തിപ്പിന് ചെലവിട്ടത് 2438 കോടി രൂപ. മോദിയുടെ സ്വച്ഛ്കാലത്ത് ഇതേ വകുപ്പില്‍ നീക്കിവച്ചത് 2123 കോടി. നേരത്തെത്തന്നെയുള്ളൊരു പദ്ധതിയുടെ പേരു മാറ്റി സ്വന്തമാക്കി അടിച്ചുമാറ്റുന്ന കലാപരിപാടി പോട്ടെ, മുന്‍ഗാമികള്‍ ചെലവിട്ട തുകയിലും കുറഞ്ഞ വകയിരുത്തലിന്‍മേലാണ് ആത്മപ്രശംസയെന്നോര്‍ക്കണം.

തന്റെ ഉദ്‌ബോധനം കേട്ട് നാട്ടുകാര്‍ പാചകവാതക സബ്‌സിഡി ഉപേക്ഷിക്കുന്നു, അതുവഴി രാജ്യം ഗംഭീര നേട്ടം കൊയ്യുന്നു എന്നതാണ് അടുത്ത ‘നമോ’വെടി. 20 ലക്ഷം പേര്‍ ഗ്യാസ് സബ്‌സിഡി കഴിഞ്ഞ കൊല്ലം ഉപേക്ഷിച്ചെന്നാണ് പ്രധാനമന്ത്രിയുടെ കണക്ക്. എണ്ണക്കമ്പനിയുടെ കണക്കുപുസ്തകം നോക്കുക: 2015 ഏപ്രില്‍ 8 വരെ ഇന്‍ഡേന്‍ കമ്പനി ഉപഭോക്താക്കളില്‍ സബ്‌സിഡി ഉപേക്ഷിച്ചവരാണ് ഭൂരിപക്ഷം- 1,91,632 പേര്‍. ഭാരത് പെട്രോളിയത്തില്‍ 89,491 പേരും ഭാരത് ഗ്യാസില്‍ 40,212 പേരും ഉപേക്ഷിച്ചവരായുണ്ട്. മൊത്തം മൂന്നേകാല്‍ ലക്ഷം പേര്‍ കഷ്ടി.
ഇക്കാര്യത്തില്‍ മോദി 20 ലക്ഷം തികയ്ക്കുന്നത് ഒരുപക്ഷേ, വിദേശ ഇന്ത്യക്കാരുടെ അക്കൗണ്ടിലാണോ എന്നറിയില്ല. അതെന്തായാലും രാജ്യത്തെ മൊത്തം പാചകവാതക ഉപഭോക്താക്കള്‍ 16 കോടിയാണെന്നിരിക്കെ മേല്‍പ്പറഞ്ഞ മൂന്നേകാല്‍ ലക്ഷം പേര്‍ 0.2 ശതമാനം മാത്രമാണ്. 2013-14 കാലയളവിലെ മൊത്തം ഗ്യാസ് സബ്‌സിഡി തുക 46,458 കോടി രൂപ. സബ്‌സിഡി ഉപേക്ഷിച്ചവരുടെ വകയില്‍ ലാഭിച്ചത് 193 കോടി രൂപ മാത്രം. അതാണ് ചുവപ്പുകോട്ടയെ നടുക്കിയ ഗര്‍ജനത്തിന്റെ ശരിയായ ചില്ലറവില.

15th-August-69th-Independence-Day-Delhi-Parade-Ticket-Booking-Price-Details

അടുത്ത ബഡായി കേള്‍ക്കുക: ”കള്ളപ്പണം വിദേശത്തേക്കു കടത്താന്‍ ഒരുവനും ധൈര്യമില്ലാതായിരിക്കുന്നു; അത്ര ശക്തമായാണ് സര്‍ക്കാര്‍ നിയമം നടപ്പാക്കുന്നത്.” അധികാരമേറ്റ് 100 ദിവസത്തിനകം വിദേശത്തുള്ള മുഴുവന്‍ കള്ളപ്പണവും തൂക്കിയെടുത്ത് ഇന്ത്യന്‍ പൗരന്മാരുടെ കീശയിലിടുമെന്നും ആളോഹരി 15 ലക്ഷം വച്ചു കിട്ടുമെന്നും മറ്റുമുള്ള ഇലക്ഷന്‍കാല ബഡായികള്‍ മറന്നുവിടാം. ഭരിച്ച ഒന്നേകാല്‍ കൊല്ലത്തെ കണക്കു കേള്‍ക്കുക: ‘കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്നു വിദേശത്തേക്ക് അടിച്ചുമാറ്റിയ കള്ളപ്പണം 439 ബില്യണ്‍ ഡോളര്‍.’ കണക്കു നിരത്തുന്നത് ഈ മേഖലയിലെ ഒന്നാം നമ്പര്‍ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടായ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി. സ്ഥാപനത്തിന്റെ പ്രസിഡന്റ് റെയ്മണ്ട് ബാകര്‍ ഒന്നുകൂടി പറയുന്നുണ്ട്: ഇത് പ്രതിവര്‍ഷം 9.4 ശതമാനം വച്ചു കൂടുകയാണെന്നും ലോകത്തിന്റെ മൊത്തം ആഭ്യന്തര മൊത്ത ഉല്‍പ്പാദനത്തിന്റെ ഇരട്ടി വേഗത്തിലാണ് ഈ കള്ളപ്പണ പുരോഗതിയെന്നും. തനിക്കു കീഴില്‍ കള്ളപ്പണക്കാര്‍ മുട്ടിടിച്ചുകഴിയുകയാണെന്നു വീമ്പിളക്കുന്ന പ്രധാനമന്ത്രിയെ ഓര്‍ത്തു ചിരിക്കുന്നവരുടെ പട്ടികയില്‍ സാക്ഷാല്‍ കള്ളപ്പണക്കാര്‍.

”ഒരൊറ്റ അഴിമതിയാരോപണം ഉണ്ടായോ” എന്നാണ് നമോവെടിയിലെ അടുത്ത ഐറ്റം നമ്പര്‍. 48 മണിക്കൂര്‍ മുമ്പുവരെ പാര്‍ലമെന്റില്‍ കിടന്നു നക്ഷത്രമെണ്ണിയത് എണ്ണം പറഞ്ഞ ഒരഴിമതിയുടെ പേരിലാണെന്നത് മൈക്ക് കിട്ടിയതും മോദി വിഴുങ്ങുന്നു. അല്ല മഹാശയാ, അപ്പോള്‍ ലളിത് മോദി, സുഷമാ സ്വരാജ്, വസുന്ധര മാതാ മുതല്‍ പേര്‍ക്ക് സുഖം തന്നെയല്ലേ? വ്യാപം അങ്ങു മധ്യപ്രദേശിലും ഗോപിനാഥ് മുണെ്ടയുടെ സന്താനം അങ്ങ് മഹാരാഷ്ട്രയിലുമൊക്കെയാണ്.

കതിനാപ്രയോഗങ്ങളില്‍ ബോധപൂര്‍വം ഒഴിവാക്കിയ പ്രവൃത്തികളാണ് അസാന്നിധ്യം കൊണ്ട് പ്രസക്തമായത്: ഒന്ന്, ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനവും പിന്നെ അതിന്‍മേലുള്ള നിയമഭേദഗതി ശ്രമത്തിന്റെ പരാജയവും. വിജ്ഞാപന റൂട്ട് അവലംബിച്ചതുതന്നെ നാട്ടിലെ ഭൂമിയെടുത്ത് കോര്‍പറേറ്റുകള്‍ക്കു കൊടുക്കാനുള്ള തിടുക്കം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ്സും സമാന നയക്കാരായതുകൊണ്ട് നിയമ ഭേദഗതി എളുപ്പമാവുമെന്നായിരുന്നു മനോരാജ്യം. പക്ഷേ, പാര്‍ലമെന്റില്‍ ദല്ലാള്‍ക്കളി പാളി. തല്‍ക്കാലം ഭേദഗതി ബില്ല് പരണത്തു വച്ചു. അപ്പോഴും വാചകമേളയ്ക്ക് യാതൊരു കുറവുമില്ല: ”നാട്ടുകാരുടെ വികസനം ഈ ഭൂമി മറിച്ചുവില്‍പ്പനയിലാണ് കുടിയിരിക്കുന്നത്” എന്ന്!
മോദി ഭരണകൂടം ചെയ്തുകൂട്ടിയതത്രയും ക്ഷേമരാഷ്ട്ര പരികല്‍പ്പനകളുടെ ക്രമാനുഗതമായ പൊളിച്ചടുക്കലാണെന്നതാണ് വസ്തുത. ഉദാഹരണമായി 2013ല്‍ പാസാക്കിയ ഭക്ഷ്യസുരക്ഷാ ബില്ല്. നിയമപ്രകാരം 2014ല്‍ അത് പ്രവര്‍ത്തനക്ഷമമാവേണ്ടതായിരുന്നു. എന്നാല്‍, മൂന്നു വട്ടമാണ് നടപ്പാക്കല്‍ തിയ്യതി നീട്ടിയത്. അങ്ങനെ മാറ്റിവയ്ക്കാന്‍ തന്നെ നിയമ ഭേദഗതി വേണ്ടതുണ്ട്. അങ്ങനെയൊരു ഭേദഗതിയും കൂടാതെ തോന്ന്യാസമായങ്ങു മാറ്റി. ഈ നിയമവിരുദ്ധ-ഭരണഘടനാവിരുദ്ധ പ്രവൃത്തിയുടെ പേരില്‍ മോദി സര്‍ക്കാരിനെ ആരും കോടതി കയറ്റിയില്ല. ഇക്കഴിഞ്ഞ ബജറ്റില്‍ പോലും ഭക്ഷ്യസുരക്ഷാ ബില്ല് പൂര്‍ണമായി നടപ്പാക്കാന്‍ വേണ്ട തുക നീക്കിവച്ചിട്ടുകൂടിയില്ല.

The Children in tricolor formation at the full dress rehearsal of the 64th Independence Day, at Red Fort, in Delhi on August 13, 2010.

ഐ.സി.ഡി.എസ്. വകയിരുപ്പിന്മേല്‍ വരുത്തിയ വെട്ടിക്കുറയ്ക്കല്‍ നോക്കുക- 54 ശതമാനം. ശിശുക്കള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരുടെ ഭക്ഷണവകയിലാണ് ഈ കടുംവെട്ടെന്നോര്‍ക്കണം. പള്ളിക്കൂടങ്ങളിലെ ഉച്ചയൂണിനുള്ള പദ്ധതി വകയില്‍ 30 ശതമാനമാണ് വെട്ടിക്കുറച്ചത്. സാര്‍വത്രിക ഗര്‍ഭകാല ആനുകൂല്യ പദ്ധതി പ്രകാരം ദരിദ്ര ഗര്‍ഭിണികള്‍ക്കുള്ള 6000 രൂപ അപ്പാടെ ഇല്ലാതായി. കാരണം, ആ വകുപ്പില്‍ ബജറ്റ് വിഹിതങ്ങളില്ല.
2009ല്‍ പാസാക്കിയതാണ് സാര്‍വത്രിക വിദ്യാഭ്യാസ അവകാശനിയമം. അതു നടപ്പാക്കാനുള്ള കേന്ദ്രവിഹിതം അഞ്ചിലൊന്നായി വെട്ടിക്കുറച്ചുകൊണ്ട് മോദി തന്റെ വിദ്യാഭ്യാസ താല്‍പ്പര്യം വെളിവാക്കി. പൊതുജനാരോഗ്യത്തിന്‍മേലുള്ള കട്ടാണ് കൂടുതല്‍ നിഷ്ഠുരം. മുമ്പുതന്നെ ജി.ഡി.പിയുടെ വെറും 1.2 ശതമാനം മാത്രമായിരുന്ന പൊതുജനാരോഗ്യവിഹിതം വീണ്ടും വെട്ടിക്കുറച്ചുകൊണ്ട് 56 ഇഞ്ചിന്റെ നെഞ്ചളവ് കൂടുതല്‍ വിസ്തൃതമാക്കി.

ക്ഷേമ പെന്‍ഷന്‍, കുടിവെള്ളം, ഗ്രാമീണ ചുറ്റുവട്ടം തുടങ്ങി സാമൂഹികക്ഷേമപരമായ ചെലവിനങ്ങള്‍ക്കു മേലെല്ലാം നിഷ്‌കരുണമായ വെട്ടാണ് കഴിഞ്ഞ കൊല്ലം അരങ്ങേറിയത്. സ്ഥിരം മറുപടി, കേന്ദ്ര നികുതി പൂളില്‍ നിന്ന് ഇതിനെല്ലാമുള്ള കാശ് സംസ്ഥാനങ്ങള്‍ക്കു കിട്ടുമെന്നാണ്. അവിടെയാണ് ഭംഗ്യന്തരേണയുള്ള ചതി. കാരണം, നികുതി കൈമാറ്റത്തിന്റെ തോതുകൂട്ടലിനു സമാന്തരമായി സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രപദ്ധതിവിഹിതം ഏതാണ്ട് അതേ തോതില്‍ (തുകയുടെ കാര്യത്തില്‍) വെട്ടിക്കുറച്ചിട്ടുണ്ട്. അതായത്, സംസ്ഥാനങ്ങള്‍ക്കു കിട്ടാന്‍ പോവുന്ന പടി പഴയതുതന്നെ. തൊഴിലുറപ്പുപദ്ധതി മാത്രമെടുത്താല്‍ ഈ സര്‍ക്കാരിന്റെ സാമൂഹികക്ഷേമ ലൈന്‍ വ്യക്തമാവും: 2014ല്‍ കൊടുത്ത പണിദിവസങ്ങളുടെ പകുതിയില്‍ താഴെയേ വരൂ 2015ല്‍ ഈ പദ്ധതി പ്രകാരം നാട്ടുകാര്‍ക്കു കൊടുത്ത പണിദിവസങ്ങള്‍.

സദ്ഭരണം എന്നതിന്മേല്‍ ലോകത്ത് ഇന്നു ദൃശ്യമാവുന്നത് രണ്ടു മാതൃകകള്‍ തമ്മിലുള്ള പയറ്റാണ്. ഒന്ന്: വിഭവങ്ങളും സ്വത്തും അവസരങ്ങളും പുനര്‍വിതരണം ചെയ്യുന്ന സ്റ്റേറ്റ്. ഈ നയമുള്ളതുകൊണ്ടുതന്നെ അത് പൗരാവലിയിലെ ദുര്‍ബല വിഭാഗങ്ങളുടെ അവകാശസംരക്ഷണത്തിന് ഊന്നല്‍ കൊടുക്കുന്നു.
രണ്ട്: ആഗോളീകൃത വിപണിക്കും സ്വകാര്യ നിക്ഷേപത്തിനും ഒത്താശ ചെയ്യുന്ന സ്‌റ്റേറ്റ്. രാജ്യത്തെ സമ്പന്നമാക്കാന്‍ വിപണിശക്തികള്‍ വേണ്ടതു ചെയ്തുകൊള്ളുമെന്നാണ് ടി നയത്തിന്റെ വാചിക ന്യായം. അതുകൊണ്ടുതന്നെ സ്റ്റേറ്റ് ഇവിടെ പൗരാവലിയേക്കാള്‍ വിശ്വാസത്തിലെടുക്കുന്നത് വിപണിയെയും അതിന്റെ ശക്തികേന്ദ്രങ്ങളെയുമാണ്. ആരോഗ്യരക്ഷ, വിദ്യാഭ്യാസം, ആഹാരം, പോഷണം, സാമൂഹിക സുരക്ഷ ഇത്യാദിയെല്ലാം പൗരന്‍ വിപണിയില്‍ നിന്നു വിലയ്‌ക്കെടുത്തുകൊള്ളും എന്നതാണ് ഇത്തരം സദ്ഭരണമാതൃക പോറ്റുന്ന ഭരണകൂടങ്ങളുടെ നിലപാട്. ഈ നിലപാടിന്റെ യുക്തിസഹമായ ഭരണനടപടിയാണ് സാമൂഹിക ക്ഷേമത്തിന്‍മേലുള്ള സര്‍ക്കാരിന്റെ ചെലവു ചുരുക്കല്‍. പാവങ്ങളെയും ദുര്‍ബലരെയും സര്‍ക്കാര്‍ കൈയൊഴിയും എന്നു പരിഭാഷ.

Fri, 21 Aug 2015

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 94 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക