|    Mar 26 Sun, 2017 5:03 am
FLASH NEWS

ചുവന്ന ഇഞ്ചി ആദ്യമായി കേരളത്തില്‍

Published : 18th April 2016 | Posted By: SMR

slug-vettum-thiruthumചുവന്ന ഇഞ്ചി. ഈയാഴ്ച കൃഷിവിജ്ഞാനമാണ് ‘വെട്ടും തിരുത്തും’ കണ്ടത്. മലബാറില്‍ ഈമട്ടിലൊരു ഇഞ്ചി പുതുമയുള്ളതാണ്- ഇടതിഞ്ചി. ഇന്തോനീസ്യയിലാണ് ചുവന്ന ഇഞ്ചിയുടെ തറവാട്. ഒരു ചികില്‍സയുമായി ബന്ധപ്പെട്ടാണ് ഞാന്‍ ചുവന്ന ഇഞ്ചിയെ അന്വേഷിച്ചത്. നമുക്കു സുപരിചിതമായ നാടന്‍ ഇഞ്ചിയെ അപേക്ഷിച്ച് വിളവേറിയ ഇനമാണ് ചുവന്ന ഇഞ്ചി. എരിവും ഉഗ്രന്‍. ഒരു ചുവടില്‍നിന്നു ശരാശരി രണ്ടുകിലോ ഇഞ്ചി ലഭിക്കും.
കോട്ടയം ജില്ലയിലെ പാമ്പാടിയില്‍ കണ്ടപ്പള്ളില്‍ ചെറിയാന്‍ എന്ന കര്‍ഷകനാണ് കേരളത്തില്‍ ഇതാദ്യമായി ചുവന്ന ഇഞ്ചി കൃഷിയിറക്കി പ്രശസ്തനായിരിക്കുന്നത്.
കൃഷിവകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ വരെ ചെറിയാന്റെ പാമ്പാടിയിലെ കൃഷിത്തോട്ടത്തിലെത്തി കാര്യങ്ങള്‍ പഠിച്ചുവരുകയാണ്.
ഇന്തോനീസ്യയിലുള്ള സുഹൃത്ത് ജോബ് 2010ല്‍ നാട്ടിലെത്തിയപ്പോള്‍ ചുവന്ന ഇഞ്ചിവിത്ത് ചെറിയാന് സമ്മാനിച്ചത്, ചുവന്ന ഇഞ്ചി കേരളത്തില്‍ പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നില്ല. പച്ചക്കറികൃഷിയില്‍ മുമ്പ് പല പുതുമയാര്‍ന്ന കൃഷിരീതികള്‍ പരീക്ഷിച്ച് വന്‍ വിളവെടുപ്പു നടത്തിയ ചെറിയാന് ഒരു പരീക്ഷണമെന്ന നിലയ്ക്കാണ് ചുവന്ന ഇഞ്ചി നല്‍കിയത്. കോഴിക്കോട് ചെലവൂരിലും പെരുവണ്ണാമൂഴിയിലും സുഗന്ധവിള ഗവേഷണ സ്ഥാപനങ്ങള്‍ ചുവന്ന ഇഞ്ചി സംബന്ധിച്ച നിരീക്ഷണ ഗവേഷണങ്ങളിലാണിപ്പോള്‍.
മലബാറിലെ കിഴക്കന്‍ മേഖലകളിലെ മണ്ണ് ചുവന്ന ഇഞ്ചിക്ക് പര്യാപ്തമാണെന്ന് കാര്‍ഷിക ഗവേഷകര്‍ പറയുന്നു. നല്ല രോഗപ്രതിരോധ ശേഷിയുള്ള ചുവന്ന ഇഞ്ചി പ്രചാരത്തിലായാല്‍ ആയുര്‍വേദ ഔഷധക്കൂട്ടുകളില്‍ പുതിയ പരീക്ഷണങ്ങള്‍ സാധ്യമാവുമെന്ന് ആയുര്‍വേദരംഗത്തെ വിദഗ്ധരും അഭിപ്രായപ്പെടുന്നു. കോട്ടയം ജില്ലയിലെ ധാരാളം യുവകര്‍ഷകര്‍ പാമ്പാടിയില്‍ ചെറിയാന്റെ ചുവന്ന ഇഞ്ചിത്തോട്ടത്തില്‍ കൃഷിരീതികള്‍ നിരീക്ഷിക്കാന്‍ വന്നുതുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ വ്യാപകമായി ചുവന്ന ഇഞ്ചി കൃഷിചെയ്യാനുള്ള പദ്ധതികള്‍ക്ക് സംസ്ഥാന കൃഷിവകുപ്പിന്റെ പിന്തുണകൂടിയായാല്‍ പുതിയൊരു കാര്‍ഷികവിപ്ലവത്തിന് സുഗന്ധവ്യഞ്ജന ഉല്‍പാദന മേഖലയില്‍ കുതിച്ചുചാട്ടമാവുമെന്ന് കാര്‍ഷിക നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഏലത്തിനും കുരുമുളകിനുമൊപ്പം കേരളം വക ചുവന്ന ചുക്ക് കൂടി.
കര്‍ണാടകയിലെ വിട്ടല്‍ കാര്‍ഷികകേന്ദ്രത്തില്‍ ടിഷ്യൂകള്‍ച്ചര്‍ ചെയ്ത ചുവന്ന ഇഞ്ചിവിത്തുകള്‍ അടുത്തുതന്നെ കര്‍ഷകര്‍ക്കായി വിതരണം ചെയ്യും. തെങ്ങിനും വാഴക്കും ഇടവിളയായി കൃഷിചെയ്യാവുന്ന ചുവന്ന ഇഞ്ചിക്ക് ‘കേരിഞ്ചി’ എന്നൊരു പുത്തന്‍പേരും കാര്‍ഷികമേഖലയില്‍ ചര്‍ച്ചചെയ്യപ്പെട്ടുവരുന്നു. ഇപ്പോള്‍ നാട്ടില്‍ സുലഭമായ ഇഞ്ചിക്ക് അനുയോജ്യമായ കര്‍ണാടകയിലെ നഞ്ചന്‍കോട്, ഗുണ്ടല്‍പേട്ട്, തമിഴ്‌നാട്ടിലെ ഊട്ടി മേഖലകളിലെ കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതകളും പുതിയ കേരിഞ്ചിക്കും അനുയോജ്യമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട്, നിലമ്പൂര്‍ മേഖലയിലെ പോത്തുകല്‍ അടക്കം ചില അതിര്‍ത്തിഗ്രാമങ്ങളും ചുവന്ന ഇഞ്ചിക്ക് തികച്ചും അനുയോജ്യമാണെന്ന് കുടിയേറ്റ കര്‍ഷകര്‍ കണ്ടെത്തിയിട്ടുണ്ട്. വയനാടും ചുവന്ന ഇഞ്ചിക്ക് അനുയോജ്യമാണ്. നടീല്‍കാലത്തെ ശീതകാലാവസ്ഥ പ്രതികൂലമായിവന്നാല്‍ വിള മോശമാവാന്‍ സാധ്യതയുള്ളതായി കര്‍ഷകര്‍ അഭിപ്രായപ്പെടുന്നു. ജൈവവളങ്ങളാണ് ചുവന്ന ഇഞ്ചിക്കു പഥ്യം. ഗവേഷണം മുറുകുകയും പണ്ട് കൊക്കോ നട്ട് നാണ്യവിള നേടാന്‍ കര്‍ഷകര്‍ റബറും കപ്പയും മറ്റും വെട്ടിനശിപ്പിച്ച് ഗതികേടിലായ അനുഭവമുള്ളതിനാല്‍ ചുവന്ന ഇഞ്ചിയുടെ കയറ്റുമതിസാധ്യത തെളിഞ്ഞാലേ വന്‍തോതിലുള്ള വിളവെടുപ്പിന് കര്‍ഷകര്‍ തയ്യാറാവൂ. ഏതായാലും പുതിയൊരറിവുകൂടി കാര്‍ഷികമേഖലയില്‍ കേരളത്തെ മാടിവിളിക്കുന്നു; ‘ഇടതിഞ്ചി’ എന്നു വിളിക്കാവുന്ന സാക്ഷാല്‍ ചുവപ്പന്‍ കടുകട്ടി എരിവന്‍.

(Visited 114 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക