|    Oct 18 Thu, 2018 1:42 am
FLASH NEWS

ചുഴലിക്കാറ്റില്‍ നാശനഷ്ടം : ഇരകള്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇനിയും നല്‍കിയില്ല

Published : 18th September 2017 | Posted By: fsq

 

കുന്നംകുളം: ചുഴലികാറ്റില്‍ നാശനഷ്ടത്തിന് ഇരയായവര്‍ക്ക് കുന്നംകുളം നഗരസഭ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക ഇനിയും നല്‍കിയില്ല. നിയമപരമായി ആശയകുഴപ്പമാണ് കാരണമെന്നാണ് നഗരസഭയുടെ വിശദീകരണം.കുന്നംകുളം, ചിറ്റഞ്ഞൂര്‍, ആര്‍ത്താറ്റ് മേഖലയില്‍ വീശിയ ചുഴലിക്കാറ്റില്‍ നാശമുണ്ടായ 120 കുടംബങ്ങള്‍ക്കായി 3,82,000 രൂപയായിരുന്നു അടിയന്തിര ധനസഹായം പ്രഖ്യാപിച്ചത്. നാശനഷ്ടമുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ കൗണ്‍സില്‍ കമ്മറ്റി രൂപീകരിക്കുകയും അവരുടെ തീരുമാനം കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചചെയ്തത് ഉദ്യോഗസ്ഥരുടെ കൂടി സാന്നിദ്ധ്യത്തിലായിരുന്നു പണം നല്‍കാന്‍ തീരുമാനിച്ചത്. നാശനഷ്ടങ്ങളുടെ തോതനുസരിച്ച് 2000 മുതല്‍ 10,000രൂപ വരെയായിരുന്നു നഷ്ടപരിഹാര തുക നിശ്ചയിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ആഡംബരമായി നടത്തുകയും ആദ്യ തുകയായി ചെയര്‍പഴ്‌സന്റെ തന്നെ വാര്‍ഡിലുള്ള ഒരു കൗണ്‍സിലറുടെ ബന്ധുകൂടിയായ സത്രീക്ക് 10,000 രൂപയുടെ ചെക്ക് നല്‍കുകയും ചെയ്തു. മറ്റുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്ക് പണം ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നല്‍കാമെന്നായിരുന്നു അന്ന് നല്‍കിയ ഉറപ്പ്. ഇഞ്ചിക്കുന്ന് സ്വദേശിനിക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച് നല്‍കിയ ചെക്ക് മാറി നല്‍കരുതെന്ന് കാട്ടി പിന്നീട് സെക്രട്ടറി ബാങ്കിന് കത്ത് നല്‍കിയെങ്കിലും അതിനു മുന്‍പേ അവര്‍ പണം മാറിയെന്നാണ് ഭരണസമിതി പറയുന്നത്. പ്രകൃതിക്ഷോഭത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതിയില്ലെന്നാണ് സെക്രട്ടറി ഇതിനായി കണ്ടത്തിയ കാരണം. എന്നാല്‍ ഇതേ സെക്രട്ടറി തന്നെയാണ് 10,000 രൂപയുടെ ചെക്ക് ഒപ്പിട്ടു നല്‍കിയതും. ഭരണസമിതിയംഗങ്ങളും കൗണ്‍സിലര്‍മാരും നേരിട്ട് വീടുകളിലെത്തി നാശം സംഭവിച്ച വീട്ടുകാരെ ആശ്വസിപ്പിക്കുകയും ധനസഹായം വാഗ്ദാനം നല്‍കുകയും ചെയ്യുകയും ഇവരെയെല്ലാം വിളിച്ചുകൂട്ടി ഉദഘാടനം നടത്തുകയും ചെയ്തതാണ്. എന്നാല്‍ പിന്നീട് നിയമം ചൂണ്ടികാട്ടി ഇത് നല്‍കാനാകില്ലെന്ന് അറിഞ്ഞതോടെ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നാണക്കേടിലായി. നഗരസഭ ഉദ്യോഗസ്ഥരുടെ കൂടി സാന്നിദ്ധ്യത്തിലാണ് കൗണ്‍സില്‍ തീരുമാനം എടുത്തതെന്ന് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഷാജി ആലിക്കല്‍ പറയുന്നു. സെക്രട്ടറിയുടെ കുറിപ്പിനെ മറികടക്കാന്‍ നിയമത്തിന്റെ പഴുതുകള്‍ തേടി ചെയര്‍പഴ്‌സണ്‍ ഉള്‍പടേയുള്ളവര്‍ തിരുവനന്തപുരത്ത് പോയെങ്കിലും കാര്യമുണ്ടായില്ല. എന്നാല്‍ വീടും കൃഷിയിടവും നഷ്ടപെട്ടവര്‍ക്ക് ഒരു തരത്തിലുള്ള ധനസഹായവും ഇതുവരേയും ലഭിച്ചിട്ടില്ല. നഗരസഭ കൂടി കയ്യൊഴിഞ്ഞതോടെ ഇനി എന്തു ചെയ്യുണമെന്നറിയാത്ത അവസ്ഥയിലാണ് നാശനഷ്ടങ്ങള്‍ക്ക് ഇരയായവരും ഇവിടത്തെ കൗണ്‍സിലര്‍മാരും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss