|    Jan 25 Wed, 2017 2:58 am
FLASH NEWS

ചുള്ളിക്കല്‍ കൊലപാതകം: സഹോദരന്‍ ബാബു പിടിയില്‍

Published : 1st October 2016 | Posted By: Abbasali tf

മട്ടാഞ്ചേരി: ചുള്ളിക്കല്‍ മദര്‍തെരേസ ജങ്ഷനില്‍ വാരിക്കാട്ട് വീട്ടില്‍ മില്‍ട്ടന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സഹോദരന്‍ ബാബുവെന്ന് വിളിക്കുന്ന വിന്‍സെന്റ്(55) പിടിയില്‍. കഴിഞ്ഞ 21നാണ് മില്‍ട്ടന്റെ മൃതദേഹം അഴുകിയ നിലയില്‍ ഇയാളുടെ കുടുംബ വീടിനോട് ചേര്‍ന്നുള്ള മുറിയില്‍ കാണപ്പെട്ടത്. എട്ട് ദിവസത്തെ പഴക്കമാണ് മൃതദേഹത്തിനുണ്ടായിരുന്നത്. ആദ്യം സ്വാഭാവികമെന്ന് കരുതിയ മരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് കൊലപാതകമെന്ന് മനസ്സിലായത്. പതിനെട്ടോളം ഗുരുതരമായ മുറിവുകള്‍ ശരീരത്തിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കൊലക്ക് ശേഷം ബാബു മറ്റൊരു സഹോദരനായ ക്ലീറ്റസിനോട് കൊലപാതകം സംബന്ധിച്ച് ഫോണില്‍ സംസാരിച്ചത് റെക്കോര്‍ഡ് ചെയ്തിരുന്നു. ഇതാണ് കൊലക്ക് പിന്നില്‍ ബാബുവാണെന്ന് കണ്ടെത്താന്‍ പോലിസിനെ സഹായിച്ചത്.കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ പ്രതി മൊബൈ ല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതും ഇയാള്‍ക്ക് സുഹൃത്തുക്കളായി അധികമാരുമില്ലാതിരുന്നതും പ്രതിയെ കണ്ടെത്തുന്നതില്‍ പോലിസിന് വിലങ്ങുതടിയായി. കണ്ണൂര്‍, പറശ്ശിനിക്കടവ്, ബംഗളൂരു, മംഗലാപുരം, വേളാങ്കണ്ണി എന്നിവടങ്ങളിലാണ് പ്രതി ഒളിവില്‍ കഴിഞ്ഞത്. ഇതിനിടെ കഴിഞ്ഞ 19ന് പ്രതി ഒരു തവണ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. ഇതോടെ പ്രതി ജില്ല വിട്ടതായി പോലിസിന് മനസ്സിലായി. ഇതേതുടര്‍ന്ന് പോലിസ് പത്രമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും പ്രതിയെക്കുറിച്ച് നല്‍കിയ വിവരങ്ങളാണ് ഇയാളെ പിടികൂടാന്‍ പോലിസിന് സഹായകമായത്. സംഭവത്തിന് ശേഷം മൂന്ന് തവണ പ്രതി കൊച്ചിയില്‍ വന്നിരുന്നു. വ്യാഴായ്ച ആലുവയില്‍ എത്തിയ പ്രതി അവിടെനിന്ന് ഫോര്‍ട്ട്‌കൊച്ചിയിലേക്ക് വരികയായിരുന്നു. പ്രതിയാണെന്ന് മനസ്സിലാക്കിയ ഒരാള്‍ പോലിസിന് വിവരം നല്‍കുകയായിരുന്നു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു. കുടുംബ വീട് വില്‍ക്കുന്നതിനെചൊല്ലി പ്രതിയും കൊല്ലപ്പെട്ട മില്‍ട്ടനും തമ്മില്‍ പലപ്പോഴും അടിപിടിയുണ്ടാവാറുണ്ടെന്നും നാലുമാസം മുമ്പ് ഇവരുടെ മറ്റൊരു സഹോദരനായ ദാസന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് വീട് വില്‍ക്കാന്‍ പ്രതി ആവശ്യപ്പെടുകയും മില്‍ട്ടന്‍ അതിനെ എതിര്‍ക്കുകയും ചെയ്തിരുന്നു. കടമുറികളുടെ വാടക മില്‍ട്ടന്‍ കൈകാര്യം ചെയ്യുന്നതും ബാബുവിനോട് വീട്ടില്‍നിന്ന് ഇറങ്ങിപോവാന്‍ ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയതും ബാബുവിന് മില്‍ട്ടനോട് കടുത്ത വിരോധത്തിനിടയാക്കിയതായും പോലിസ് പറഞ്ഞു. ഇതോടെ മില്‍ട്ടനെ കൊലപ്പെടുത്തണമെന്ന് ബാബു തീരുമാനിക്കുകയും ലക്ഷദ്വീപില്‍ ജോലിക്കായി പോയ സമയത്ത് അവിടെ നിന്ന് കത്തി വാങ്ങി കൈയില്‍ കരുതുകയുമായിരുന്നു. കഴിഞ്ഞ 12ാം തിയ്യതി വൈകീട്ട് വീട്ടിലെത്തിയ ബാബുവിനെ മില്‍ട്ടന്‍ വീട്ടില്‍നിന്ന് ഇറക്കിവിടുകയും പിന്നീട് രാത്രി പന്ത്രണ്ട് മണിയോടെ വീട്ടിലെത്തിയ ബാബു മില്‍ട്ടന്‍ വരുന്നതും കാത്ത് മുറിയില്‍ പതുങ്ങിയിരിക്കുകയും ഒരു മണിയോടെ വീട്ടിലെത്തിയ മില്‍ട്ടന്റെ നെഞ്ചിലും വയറിലും മുതുകിലുമായി ആന്തരീക അവയവങ്ങള്‍ പുറത്ത് വരത്തക്ക വിധം കുത്തുകയും കഴുത്തിലും മുഖത്തും ചവിട്ടുകയുമായിരുന്നു. മില്‍ട്ടന്‍ ഫോണില്‍ മറ്റാരെയും വിളിക്കാതിരിക്കാന്‍ ഫോ ണ്‍ മാറ്റിവച്ചു. പിന്നീട് കത്തി വീടിന് പുറത്തുള്ള പുല്ല് പിടിച്ച പറമ്പില്‍ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. മൃഗീയമായാണ് ബാബു മില്‍ട്ടനെ കൊലപ്പെടുത്തിയതെന്ന് പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ജി അനീഷ് പറഞ്ഞു. ശക്തമായ ചവിട്ടില്‍ പല്ലുകള്‍ അന്നനാളം വഴി ആമാശയത്തില്‍ എത്തിയ നിലയിലായിരുന്നു. മൂന്ന് വയസുള്ള ബാലികയെ ബലാല്‍സംഘം ചെയ്ത കേസില്‍ കണ്ണൂര്‍ വളപട്ടണം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്ന് വര്‍ഷം ജയിലില്‍ കഴിഞ്ഞ് ജാമ്യത്തിലിരിക്കേയാണ് പ്രതി കൊലപാതകം നടത്തിയത്. വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം ഗര്‍ഭിണിയായ ഭാര്യയെ ഉപേക്ഷിക്കുകയും പലയിടങ്ങളിലായി താമസിച്ച് ജോലിചെയ്ത് വരികയായിരുന്നു പ്രതി. പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ജി അനീഷ്, തോപ്പുംപടി സി ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എഎസ്‌ഐമാരായ പി സി തങ്കച്ചന്‍, ജി കലേശന്‍, ജി ഹരികുമാര്‍, പി സന്തോഷ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ പി ഇ സമദ്, ആര്‍ അനില്‍കുമാര്‍, കെ ടി അനില്‍, കെ ഡി ഫ്രാന്‍സിസ്, കെ രത്‌നകുമാര്‍, രതീഷ് ബാബു, സി ടി പ്രസാദ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക