|    Jul 20 Fri, 2018 10:18 pm
FLASH NEWS

ചുരത്തില്‍ മാലിന്യം തള്ളുന്നതു തടയാന്‍ കാമറ സ്ഥാപിക്കണം : നിയമസഭാ സമിതി

Published : 27th September 2017 | Posted By: fsq

 

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വാഹനങ്ങളിലും മറ്റും കൊണ്ടുവന്ന് മാലിന്യം തള്ളുന്നത് തടയാന്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്നും പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതി. താമരശ്ശേരി ചുരത്തിലെ പരിസ്ഥിതി പ്രശ്‌നം സംബന്ധിച്ച സമിതി റിപോര്‍ട്ട് അടുത്ത നിയമസഭാ സമ്മേളനത്തില്‍ സമര്‍പ്പിക്കുമെന്ന് സമിതി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങില്‍ അറിയിച്ചു. താമരശ്ശേരി ചുരത്തില്‍ മാലിന്യ സംസ്‌കരണത്തിന് പദ്ധതി വേണമെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യം കാട്ടിലേക്ക് വലിച്ചെറിയുന്ന നിലവിലെ രീതി തുടര്‍ന്നാല്‍ ഭാവിയില്‍ വനം ഉണ്ടാവില്ല. മാലിന്യ നിര്‍മാര്‍ജനത്തിന് പദ്ധതി നടപ്പാക്കാന്‍ ടൂറിസം വകുപ്പ് മുന്‍കൈയെടുക്കണം. കാട് മാലിന്യം വലിച്ചെറിയാനുള്ളതെന്നാണ് നമ്മുടെ ധാരണ. നിലവിലെ നിയമപ്രകാരം ഏതാനും പേര്‍ക്കെതിരെ കേസെടുത്താല്‍ തന്നെ പിന്നെ ആരും മാലിന്യം വലിച്ചെറിയില്ല. മുഖം നോക്കാതെ നടപടി എടുക്കാന്‍ തയാറാവണം. അതിന് പുതിയ നിയമമൊന്നും വേണ്ട. നിലവിലെ നിയമമനുസരിച്ച് തന്നെ ചെയ്യാന്‍ പറ്റും. രാത്രി കാലങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന് മാലിന്യം തള്ളുന്നത് തടയാന്‍ കാമറ സ്ഥാപിക്കാന്‍ നിയമസഭാ സമിതി ശുപാര്‍ശ ശചയ്യും. ചുരം ഉള്‍പ്പെടുന്ന മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനം പരിസ്ഥിതി സൗഹൃദമാവണം. മാലിന്യ നിക്ഷേപം ചുരത്തില്‍നിന്നുള്ള ജലസ്രോതസ്സുകളെ മലിനമാക്കുന്നതായും അദ്ദേഹം പറഞ്ഞു. സമിതി അംഗം അനില്‍ അക്കര എംഎല്‍എ, പി ടി എ റഹിം എംഎല്‍എ, ജില്ലാ കളക്ടര്‍ യു വി ജോസ്, എഡിഎം ടി ജനില്‍കുമാര്‍, ഡിഎഫ്ഒ കെ കെ സുനില്‍ കുമാര്‍, ടൂറിസം ജോയിന്റ് ഡയറക്ടര്‍ അനിത കുമാരി, ചുരം സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി വി കെ സുകുമാരന്‍ സംസാരിച്ചു. പൊതുജനങ്ങളില്‍നിന്ന് പരിസ്ഥിതി പ്രശ്‌നങ്ങള്‍ സംബന്ധിച്ച പരാതികള്‍ സമിതി സ്വീകരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss