|    Nov 25 Sat, 2017 11:13 am
FLASH NEWS

ചുണ്ടേല്‍ -ഒലിവുമല റോഡ് തകര്‍ന്നു ; ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ജനം പ്രക്ഷോഭത്തിലേക്ക്

Published : 5th August 2017 | Posted By: fsq

 

ചുണ്ടേല്‍: ചുണ്ടേല്‍-ഒലിവുമല റോഡ് നവീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. പ്രധാന്‍മന്ത്രി ഗ്രാമസഡക് യോജന പദ്ധതി പ്രകാരം 5430 മീറ്റര്‍ ദൂരം നിരപ്പാക്കി വീതികൂട്ടി ടാറിങ് നടത്തുന്നതിനായി  4,27,07594 രൂപയാണ് കേന്ദ്രം അനുവദിച്ചത്. അഞ്ച് വര്‍ഷത്തെ നടത്തിപ്പ് കാലാവധിയില്‍ മലപ്പുറം ജില്ലയിലെ ഏറണാട് കണ്‍സ്ട്രക്ഷന്‍ കമ്പനിയായിരുന്നു ടെണ്ടര്‍ എടുത്തത്. പദ്ധതിയ്ക്ക് തുക അനുവദിച്ചത് കേന്ദ്രഗ്രാമ വികസന മന്ത്രാലയവും, പ്രവൃത്തിയുടെ നടത്തിപ്പ് സംസ്ഥാന ഗ്രാമീണ റോഡ് വികസന സമിതിയ്ക്കുമാണ്. പദ്ധതി എസ്റ്റിമേറ്റ് പ്രകാരം റോഡ് മണ്ണിട്ട് ഉയര്‍ത്താനും, ക്വാറി വേസ്റ്റും ചെറിയ കരിങ്കല്‍ മിശ്രിതവും ചേര്‍ത്ത്് ഉറപ്പിച്ച് ടാറിങ് നടത്തണമെന്നൊക്കെയാണ്. എന്നാല്‍ പാതയ്ക്ക് നടുവിലുള്ള വലിയ കയറ്റത്തിന്റെ പുഴയോട്് ചേര്‍ന്ന വശങ്ങളിലെ കല്ലുകള്‍ ഇളക്കി മാറ്റിയതും ജനസഞ്ചാരം കുറഞ്ഞ കാടിനോട് ചേര്‍ന്ന് കിടക്കുന്ന ഭാഗത്ത് മെറ്റല്‍ പാകി പാലം പണിതതും മാത്രമാണ് ഇതുവരെ നടന്ന പ്രവൃത്തി. ചുണ്ടേലില്‍ നിന്നും തുടങ്ങുന്ന ഭാഗത്ത് തന്നെ റോഡില്‍ വന്‍ ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടിട്ടുള്ളത്. ഒലിവുമല പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായതും അങ്ങാടിയില്‍ നിന്നും മൂന്നു കിലോമീറ്ററിലധികം മാറി കിടക്കുന്നതിനാലും സ്വന്തം വാഹനങ്ങളില്ലാത്തവര്‍ക്ക് ഓട്ടോറിക്ഷകളാണ് ഏക ആശ്രയം. എന്നാല്‍ പാതയുടെ അവസ്ഥയില്‍ ഓട്ടോ വിളിച്ചാല്‍ വരാത്ത സ്ഥിതിയാണ്. പ്രദേശവാസികളുടെ ഏറെ നാളത്തെ കാത്തിരുപ്പിന് ശേഷമാണ് ഒലിവുമലയ്ക്കായി കോടികളുടെ ഫണ്ട് അനുവദിക്കപ്പെട്ടത്. എന്നാല്‍ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനാകട്ടെ പ്രദേശവാസികളെ ആകെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. പദ്ധതി നഷ്ടമെന്ന് പറഞ്ഞ് പിന്‍വലിയാന്‍ ഒരുങ്ങുകയാണിവര്‍. നൂറുകണക്കിന് യാത്രക്കാരും വിദ്യാര്‍ത്ഥികളും ഉപയോഗിക്കുന്നതും ചുണ്ടേല്‍-വൈത്തിരി പാതയ്ക്ക് സമാന്തരമായ പാതയുമായ ഈ റോഡിന് വേണ്ടി ജനപ്രതിനിധികളുടെ ശക്തമായ ഇടപെടലും നടക്കുന്നില്ല. അതിനാല്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ് പ്രദേശവാസികള്‍. ഇതിന് മുന്നോടിയായി അനീഷ് ആന്റണി കണ്‍വീനറായും, കെ കെ തോമസ് ചെയര്‍മാനായും ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക