|    Sep 25 Tue, 2018 12:24 pm
FLASH NEWS

ചുണ്ടുകള്‍കൊണ്ട് സുനിത വരച്ചത് മൂവായിരത്തിലധികം ചിത്രങ്ങള്‍

Published : 28th January 2017 | Posted By: fsq

 

മാനന്തവാടി: ചുണ്ടുകള്‍ കൊണ്ട് വരച്ച മൂവായിരത്തോളം ചിത്രങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രദര്‍ശിപ്പിച്ച് ശ്രദ്ധ നേടിയ സുനിതയുടെ ചിത്ര പ്രദര്‍ശനം ജേസീസിന്റെ സഹകരണത്തോടെ മാനന്തവാടി  ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു. വര്‍ണങ്ങളുടെ ലോകത്ത് പാറി നടക്കാനായിരുന്നു ചെറുപ്രായത്തിലേ സുനിതയുടെ ആഗ്രഹം. ചുറ്റുമുളള കാഴ്ചകള്‍ മനസ്സില്‍ ഒപ്പിയെടുത്ത് കാന്‍വാസില്‍ പകര്‍ത്താനായിരുന്നു അവള്‍ക്ക് ഏറെയിഷ്ടം. നിനച്ചിരിക്കാതെയാണ് പോളിയോ ബാധിച്ചത്. കൈകള്‍ പൂര്‍ണമായി തളര്‍ന്നു. എന്നാല്‍, സ്വപ്‌നത്തിലെ വര്‍ണക്കാഴ്ചകളുടെ നിറം കെടുത്താന്‍ രോഗത്തിനായില്ല. ഒട്ടും പതറാതെ ചുണ്ടുകളില്‍ ബ്രഷ് ഉറപ്പിച്ച് സുനിത വരച്ചു തുടങ്ങി. മൂവായിരത്തോളം ചിത്രങ്ങളാണ് ഇങ്ങനെ വരച്ചുതീര്‍ത്തത്. പൂക്കളും പുഴകളും മലനിരകളും എന്നുവേണ്ട മനോഹരമായ പല പ്രകൃതി ദൃശ്യങ്ങളും മനുഷ്യരൂപങ്ങളും ഞൊടിയിടയില്‍ കാന്‍വാസിലേക്ക് പകര്‍ത്തും. കണ്ണൂര്‍ കുഞ്ഞിമംഗലം സ്വദേശിനിയായ സുനിത സ്‌കൂള്‍ കലോല്‍സവങ്ങളിലുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് കൈകള്‍ തളര്‍ന്നത്. ജ്യേഷ്ഠന്‍ ഗണേഷിന്റെ പിന്തുണയോടെയാണ് ചുണ്ടുകളില്‍ ബ്രഷ് ചേര്‍ത്തുവച്ച് വരച്ചു തുടങ്ങിയത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് വിദൂരവിദ്യാഭ്യാസത്തിലൂടെ മലയാളത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ സുനിത ഇപ്പോള്‍  സ്വിറ്റ്‌സര്‍ലാന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൗത്ത് ആന്റ് ഫൂട്ട് പെയിന്റേഴ്‌സ് അസോസിയേഷനിലെ അംഗമാണ്. ചിത്രകാരന്‍ ജോസഫ് എം വര്‍ഗീസ് ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ജേസീസ് പ്രസിഡന്റ് ജിന്‍സ് ഫാന്റസി അധ്യക്ഷത വഹിച്ചു. ജേസീസ് മുന്‍ പ്രസിഡന്റ് എം ജി സേവ്യര്‍, ശ്രീജേഷ് ആലഞ്ചേരി, മാനന്തവാടി ട്രാഫിക് എസ്‌ഐ രഘുനന്ദന്‍, എം ഒ റെജി, സണ്ണി മാനന്തവാടി, സാദിര്‍ തലപ്പുഴ, ടി കെ ഹാരിസ്, അനില്‍ കുറ്റിച്ചിറ, ഫ്രാന്‍സിസ് ബേബി സംസാരിച്ചു. സിംഗപ്പൂര്‍, പോണ്ടിച്ചേരി, ബാഗ്ലൂര്‍, കൊച്ചി, മംഗലാപുരം, കണ്ണൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ ഇതിനോടകം നിരവധി എക്‌സിബിഷനുകള്‍ നടത്തിയ സുനിതയ്ക്ക് ശ്രേഷ്ഠ വനിതാ പുരസ്‌കാരം, കേന്ദ്രസര്‍ക്കാരിന്റെ മൊമന്റോ എന്നിവ ലഭിച്ചിട്ടുണ്ട്. ചിത്രപ്രദര്‍ശനം നാളെ സമാപിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss