|    Apr 24 Tue, 2018 4:57 am
FLASH NEWS

ചീരാലിലെ കടുവാശല്യം; ഉന്നതതല യോഗം ചേര്‍ന്നു

Published : 22nd September 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: ചീരാല്‍ പ്രദേശത്തെ കടുവാശല്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. വന്യമൃഗശല്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി കര്‍മസമിതി മുന്നോട്ടുവച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും യോഗം അംഗീകരിച്ചു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ജനവാസ മേഖലയിലിറങ്ങി ഭീതിപരത്തുന്ന കടുവയെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ വനംവകുപ്പ് ഊര്‍ജിതപ്പെടുത്തും. ആവശ്യമെങ്കില്‍ കൂടുതല്‍ കൂടുകളും കാമറകളും സ്ഥാപിക്കും. പട്രോളിങ് ശക്തമാക്കും. വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നതു തടയാന്‍ പഴൂര്‍ മുതല്‍ പൂമറ്റം വരെ റെയില്‍ ഫെന്‍സിങ് സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കും. ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കി ഈ മാസത്തിനുള്ളില്‍ പ്രപോസല്‍ മേല്‍തലങ്ങളിലേക്ക് സമര്‍പ്പിക്കുന്നതിനായി വൈല്‍ഡ് ലൈഫ് വാര്‍ഡനെ ചുമതലപ്പെടുത്തി. വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ജനകീയ ജാഗ്രതാസമിതിയും രൂപീകരിച്ചിട്ടുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണമുണ്ടാവുമ്പോള്‍ സ്ഥിരമായുണ്ടാവുന്ന സമരങ്ങള്‍ ഒഴിവാക്കാനും യോഗത്തില്‍ ധാരണയായി. ജാഗ്രതാസമിതി മുഖേന വിവിധ അധികാരികളുമായി ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിക്കും. ഇതില്‍ നിഷേധാത്മകമായ നിലപാടുണ്ടായെങ്കില്‍ മാത്രമേ സമരങ്ങള്‍ പാടുള്ളൂ. വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ക്കിരയാവുന്ന വളര്‍ത്തുമൃഗങ്ങളുടെ ജഡം സ്ഥലത്തുനിന്നു നീക്കരുത്. നീക്കം ചെയ്താല്‍ അവയെ പിടികൂടുന്നതിന് തടസ്സമാവുകയും കൂടുതല്‍ നഷ്ടങ്ങള്‍ക്കിടയാക്കുകയും ചെയ്യും. ഇക്കാര്യങ്ങള്‍ ജാഗ്രതാസമിതി മുഖേന ജനങ്ങളെ ബോധവല്‍ക്കരിക്കും. വന്യമൃഗങ്ങളുണ്ടാക്കുന്ന നഷ്ടങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണും. പ്രദേശത്തെ തകരാറിലായ വഴിവിളക്കുകള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്താനും തീരുമാനമായി. ഇതിനു പുറമെ വനാതിര്‍ത്തി പ്രദേശങ്ങളിലേക്ക് നാലു ലോമാസ്റ്റ് ലൈറ്റുകള്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കും. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെയടക്കം കാട് വെട്ടിത്തെളിക്കാന്‍ തീരുമാനമായി. പൊതുസ്ഥലങ്ങളിലെ കാട് ഗ്രാമപ്പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി വെട്ടിത്തെളിക്കും. നിലവിലുള്ള ഫെന്‍സിങ് സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി ഒരു യൂനിറ്റ് ബാറ്ററി കൂടി സ്ഥാപിക്കും. ഫെന്‍സിങ് സംവിധാനങ്ങള്‍ കൃത്യമായി നോക്കിനടത്തുന്നതിന് 5000 രൂപ പ്രതിമാസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരനെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കടുവാ ഭീഷണി നിലനില്‍ക്കുന്ന ചീരാല്‍ ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ചുറ്റുമതില്‍ നിര്‍മിക്കുന്നതിനായി ത്രിതല പഞ്ചായത്തുകളുടെയും ജനപ്രതിനിധികളുടെയും സഹായം തേടും. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ മൂന്നിന് എംഎല്‍എയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ യോഗം ചേരും. എഡിഎം കെ എം രാജു, തഹസില്‍ദാര്‍ എം ജെ സണ്ണി, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍ ടി സാജന്‍, നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് സി ആര്‍ കറപ്പന്‍, കര്‍മസമിതി ചെയര്‍മാന്‍ വി ടി ബേബി, കണ്‍വീനര്‍ എം എ സുരേഷ്, കെ ആര്‍ സാജന്‍, ലെനിന്‍ സ്റ്റീഫന്‍, ശിവശങ്കരന്‍, പി എസ് സുബ്രഹ്മണ്യന്‍, കെ കുഞ്ഞുമുഹമ്മദ്, എ ഭാസ്‌കരന്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss