|    Mar 29 Wed, 2017 1:16 am
FLASH NEWS

ചീമേനി വില്ലേജിലെ സര്‍ക്കാര്‍ഭൂമി കൈയേറ്റം; റീസര്‍വേക്ക് ഉത്തരവ്

Published : 7th October 2016 | Posted By: Abbasali tf

കാഞ്ഞങ്ങാട്: ചീമേനി വില്ലേജിലെ സര്‍ക്കാര്‍ ഭൂമിയില്‍ വ്യാപകമായ കൈയേറ്റമുണ്ടെന്ന വിജിലന്‍സ് ഡയറക്ടറുടെ റിപോര്‍ട്ടിനെ തുടര്‍ന്ന് റീസര്‍വേ നടത്താന്‍ റവന്യൂ വകുപ്പ് സര്‍വേ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ മാസം റവന്യൂ സര്‍വേ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി കെ എസ് ഷീലയാണ് ഉത്തരവിറക്കിയത്. ചീമേനിയില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നിയന്ത്രണത്തിലുള്ള ഭൂമിയിലും സര്‍ക്കാര്‍ വിവിധ ആവശ്യങ്ങള്‍ക്കായി നീക്കിവച്ച ഭൂമിയിലുമാണ് കഴിഞ്ഞ കാലങ്ങളില്‍ വ്യാപക കൈയേറ്റം നടന്നത്. വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയില്‍ നൂറോളം സ്ഥലങ്ങളില്‍ കൈയേറ്റം നടന്നതായാണ് സൂചന. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ അധീനതയിലുള്ള ഭൂമിയില്‍ കൈയേറ്റം നടന്നിട്ടുണ്ടെന്ന് ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ രാമചന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. നേവല്‍ അക്കാദമിക്ക് നീക്കിവച്ച സര്‍വേ നമ്പര്‍ 260ല്‍പെട്ട 400 ഏക്കറില്‍ എട്ടോളം കൈ യേറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഐടി പാര്‍ക്കിന് നീക്കിവച്ച ഭൂമിയിലും കൈയേറ്റമുണ്ട്. നേവല്‍ അക്കാദമിയുടെ സ്ഥലത്ത് എട്ട് കൈയേറ്റങ്ങളാണ് നടന്നിട്ടുള്ളതെന്ന് വില്ലേജ് ഓഫിസറും സ്ഥിരീകരിച്ചിട്ടുണ്ട്. ചീമേനിയിലെ സര്‍ക്കാര്‍ ഭൂമിയി റീസര്‍വേ നടപടികള്‍ നടന്നു വരുന്നുണ്ടെന്നും നേരത്തെ 70 ശതമാനം പൂര്‍ത്തീകരിച്ചതായും വില്ലേജ് ഓഫിസര്‍ സന്തോഷ് വ്യക്തമാക്കി. സര്‍ക്കാര്‍ മിച്ചഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് താമസമാക്കിയ കൈവശക്കാര്‍ക്ക് ഇനിയും പട്ടയം നല്‍കാനുണ്ട്. 116 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കണമെന്ന് നേരത്തെ തന്നെ ശുപാര്‍ശ ചെയ്തതാണ്. ഇതില്‍ ഇനിയും പട്ടയം ലഭിക്കാത്ത കുടുംബങ്ങളുണ്ട്. കൈയേറ്റ ഭൂമി വിലകൊടുത്തു വാങ്ങി താമസിക്കുന്ന കുടുംബങ്ങള്‍ പട്ടയം ലഭിക്കാത്തതിനാല്‍ ബുദ്ധിമുട്ടിലാണ്. അതേ സമയം അടുത്തകാലത്തായി സര്‍ക്കാര്‍ ഭൂമിയില്‍ താമസം ആരംഭിച്ചവരും നിരവധിയാണ്. ചീമേനിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വരുന്നെന്ന് മനസ്സിലാക്കി ഭൂമിക്ക് അവകാശ വാദം ഉന്നയിക്കാനാണ് ചില കൈ യേറ്റക്കാരുടെ നീക്കം. സര്‍ക്കാര്‍ ആവശ്യത്തിന് ഏറ്റെടുക്കുന്ന ഭൂമി യഥാസമയം അളന്നു തിട്ടപ്പെടുത്താത്തതാണ് കൈയേറ്റം വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day