|    Mar 23 Thu, 2017 7:42 pm
FLASH NEWS

ചീമേനി തുറന്ന ജയില്‍ വൈവിധ്യവല്‍ക്കരണത്തിലേക്ക്

Published : 24th September 2016 | Posted By: SMR

ചെറുവത്തൂര്‍: ബേക്കല്‍ ബിരിയാണിയും തേജസ്വിനി ചപ്പാത്തിയുമടക്കം ജയിലിലെ അന്തേവാസികളെ ഉപയോഗിച്ചുകൊണ്ട് ഉല്‍പാദനവും വിപണനവും നടത്തി ശ്രദ്ധേയരായ ചീമേനി തുറന്ന ജയില്‍ അധികൃതര്‍ കൂടുതല്‍ വൈവിധ്യവല്‍ക്കരണത്തിന് തയ്യാറെടുക്കുന്നു.
കമ്പിവേലിക്ക് പകരം ചുറ്റുമതില്‍ കെട്ടിയും പെട്രോള്‍ പമ്പ് സ്ഥാപിക്കുന്നതിനും ജൈവ കൃഷി വ്യാപിപ്പിക്കുന്നതിനും കുള്ളന്‍ പശു ഫാമുമടക്കം നിരവധി പദ്ധതികളാണ് ജയില്‍ അധികൃതരുടെ പരിഗണനയിലുള്ളത്. ഇതിന്റെ രൂപരേഖ തയ്യാറാക്കി അനുമതിക്കായി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്നതോടെ പദ്ധതികള്‍ ഒന്നൊന്നായി നടപ്പിലാക്കി തുടങ്ങുമെന്ന് ജയില്‍ സൂപ്രണ്ട് എ ജി സുരേഷ് പറഞ്ഞു.
നിലവില്‍ ജയില്‍ അതിര്‍ത്തിക്ക് ചുറ്റുപാടും കമ്പിവേലിയുണ്ടെങ്കിലും അതൊക്കെ തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലാണ്.
308 ഏക്കര്‍ സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന തുറന്ന ജെയിലിന്റെ ചുറ്റുപാടുമായി 8500 മീറ്റര്‍ ചുറ്റളവില്‍ മതില്‍ നിര്‍മിക്കും. ഇതിനായി ജെയിലിനകത്ത് നിന്ന് തന്നെ കല്ലുകള്‍ കണ്ടെത്തും. ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനും പദ്ധതിയുണ്ട്. തരിശായി കിടക്കുന്ന ഏക്കര്‍ കണക്കിന് സ്ഥലത്തെ പ്രത്യേകം പ്ലോട്ടുകളായി തിരിച്ച് മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പരിപാടിയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കോഴി ഫാമും കാസര്‍കോടന്‍ കുള്ളന്‍ പശു ഫാമും വിപുലീകരിക്കും.
ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ സഹകരണത്തോടെയായിരിക്കും പെട്രോള്‍ പമ്പ് സ്ഥാപിക്കുക. ജയിലില്‍ 162 അന്തേവാസികളാണുള്ളത്. ഇതില്‍ 59 പേര്‍ പരോളിലാണ്. വിവിധ കേസുകളില്‍ തടവിന് ശിക്ഷിക്കപ്പെട്ടവരാണ് ഇവിടെയുള്ളവരില്‍ കൂടുതല്‍. ഇവിടത്തെ ചപ്പാത്തിക്ക് ഏറെ പ്രിയമുണ്ട്. ഇത് കണക്കിലെടുത്താണ് കൂടുതല്‍ വൈവിധ്യവല്‍ക്കരണത്തിലേക്ക് നീങ്ങാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്.

(Visited 48 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക