|    Apr 24 Tue, 2018 12:29 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ചീമുട്ടകള്‍ വിളയുന്ന കേരളമോ?

Published : 8th September 2016 | Posted By: SMR

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

സമൂഹവിരുദ്ധരുടെയും വിഷ-വന്യജീവികളുടെയും കേളീരംഗമായ ഒരു പൊതുഇടത്തിന്റെ അവസ്ഥയായിരുന്നു യുഡിഎഫിന്റെ ഭരണം പൂര്‍ത്തിയാക്കുമ്പോള്‍. അതാകെ വെട്ടിത്തെളിച്ച് സുരക്ഷിതവും ജനാധിപത്യത്തിനു കീഴ്‌പ്പെട്ടതുമായ ഒന്നാക്കിമാറ്റാന്‍ എല്‍ഡിഎഫിനെ ചുമതലപ്പെടുത്തുകയായിരുന്നു ജനങ്ങള്‍.
ജനാധിപത്യ ഭരണസംവിധാനം പൂര്‍വസ്ഥിതിയിലാക്കുകയും കാറ്റും വെളിച്ചവും പരത്തുകയും ചെയ്യുകയെന്ന പ്രക്രിയയാണ് ഗവണ്മെന്റ് ചെയ്യാന്‍ ശ്രമിച്ചത്. അതില്‍ നല്ലൊരളവ് വിജയം നേടാനായെന്ന പ്രതീക്ഷ ജനങ്ങളില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഒരു നവകേരള സൃഷ്ടിയിലാണ് സര്‍ക്കാര്‍ എന്ന് ആരു പറഞ്ഞാലും അതു കാല്‍പനികമായ അവകാശവാദം മാത്രമാണ്. ധനശേഷി തടസ്സമാകാതെ വികസനവും ജനങ്ങള്‍ക്ക് ആശ്വാസവും സമാന്തരമായി ഉറപ്പുവരുത്തും എന്നാണ് ഇടതുമുന്നണി ഗവണ്മെന്റ് പ്രഖ്യാപിച്ചിട്ടുള്ളത്. കാലാവധി പൂര്‍ത്തിയാക്കും മുമ്പ് അരലക്ഷം കോടി രൂപയുടെ വിഭവസമാഹരണം നടപ്പാക്കുക. സംസ്ഥാനം മാലിന്യമുക്തമാക്കുക. ദക്ഷിണേന്ത്യയിലെ ആദ്യ പരസ്യവിസര്‍ജനമുക്ത സംസ്ഥാനമായി കേരളത്തെ മാറ്റുക. അടുത്ത മാര്‍ച്ചിനകം രണ്ടരലക്ഷം വീടുകളില്‍ കൂടി വൈദ്യുതി എത്തിച്ച് ആദ്യ വൈദ്യുതീകൃത സംസ്ഥാനമായി കേരളത്തെ മാറ്റുക.
ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ച് വീടുകളില്‍ എത്തിച്ചു. കടാശ്വാസപദ്ധതികള്‍ പ്രഖ്യാപിച്ചു. പൊതുവിതരണം ശക്തിപ്പെടുത്തുന്നു. അഞ്ചു വര്‍ഷവും സ്ഥിരം വിലയ്ക്ക് മാവേലി സ്‌റ്റോറുകളിലൂടെ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യും. പൂട്ടിയിട്ട കശുവണ്ടി ഫാക്ടറികള്‍ തുറന്നു. അതോടൊപ്പം അഴിമതിക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്നു പ്രഖ്യാപിച്ചു. പോലിസിനും വിജിലന്‍സിനും ഭരണഘടനാപരമായ സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചെന്നും അവകാശപ്പെടുന്നു.
എന്നാല്‍, അഞ്ചു വര്‍ഷം കൊണ്ട് എല്ലാം ശരിയാക്കുമെന്ന് ഭരണനേതൃത്വത്തില്‍ ഇരിക്കുന്നവരോ എല്‍ഡിഎഫ് നേതാക്കളോ അവകാശപ്പെട്ടാലും അതു പ്രായോഗികമല്ലെന്ന് വ്യക്തമാക്കേണ്ടതുണ്ട്. അത്തരം ഉട്ടോപ്യന്‍ ധാരണകള്‍ ഇടതുപക്ഷ ഗവണ്മെന്റ് പരത്തുന്നതു ശരിയല്ല. കേരളം ഒരു സ്വതന്ത്ര റിപബ്ലിക്കല്ല. എല്ലാം ശരിപ്പെടുത്താന്‍ ഏറ്റവും വലിയ മുതലാളിത്തശക്തിയായ അമേരിക്കക്കോ സോഷ്യലിസ്റ്റ് പാത തുടരുന്നുവെന്ന് അവകാശപ്പെടുന്ന ചൈനയ്ക്കു പോലുമോ സാധിക്കുന്നില്ല. അതാണ് ഇപ്പോഴത്തെ ആഗോള സാഹചര്യം.
മുതലാളിത്തം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണിന്ന്. പല ഇടങ്ങളിലായി അതിനു ഭീകരമായ ഉരുള്‍പൊട്ടലുകള്‍ സംഭവിക്കുന്നു. മുതലാളിത്തം വലിയൊരു പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നതിന്റെ സൂചനകളാണ് 2016 അവസാനിക്കുന്നതിനു മുമ്പ് തെളിഞ്ഞുവരുന്നത്. യൂറോപ്പിലേക്കും അമേരിക്കന്‍ വന്‍കരയിലേക്കുമുള്ള കുടിയേറ്റത്തിനെതിരേ ശക്തിപ്പെടുന്ന എതിര്‍പ്പുകള്‍, ഐഎസിന്റെ പേരില്‍ യൂറോപ്പിലും അമേരിക്കയിലും മറ്റു ഭാഗങ്ങളിലും നടക്കുന്ന ഭീകരാക്രമണങ്ങള്‍, അതിനെതിരേ ഉയരുന്ന വികാരം മുസ്‌ലിംവിരുദ്ധ വികാരമായി വ്യാപിക്കുന്നത്… ഇതിന്റെ ഭാഗമായി അനിശ്ചിതവും നിയന്ത്രണാതീതവുമാകുന്ന സാമ്പത്തിക രംഗം.
ഈ പുതിയ സംഭവവികാസങ്ങള്‍ രാഷ്ട്രീയ-ഭരണനേതൃത്വങ്ങളെയും മുതലാളിത്ത സാമ്പത്തിക പണ്ഡിതന്മാരെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കുകയാണ്. എന്തു സംഭവിക്കുമെന്നും എങ്ങനെ മുന്നോട്ടുപോകുമെന്നുമുള്ള അവ്യക്തത കൂടുകയാണ്. ഏഷ്യയിലെ രണ്ടു വന്‍ശക്തികളായി തലയെടുപ്പു കാട്ടുന്ന ചൈനയും ഇന്ത്യയും ഈ ആഗോള പ്രതിസന്ധിക്കു പുറത്താണെന്നു കരുതേണ്ട. ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിസന്ധി അവിടെ തൊഴിലെടുക്കുന്ന ഇന്ത്യക്കാര്‍ അടക്കമുള്ള ഏഷ്യക്കാരെ തിരിച്ചയക്കാന്‍ നിര്‍ബന്ധിക്കുകയാണ്.
ഈ ആഗോള യാഥാര്‍ഥ്യങ്ങളുടെ വൃത്തത്തിനകത്ത് എല്ലാം ശരിയാക്കാന്‍ ഒരു സംസ്ഥാന ഗവണ്മെന്റിനും കഴിയില്ല. കേന്ദ്ര ഗവണ്മെന്റ് തന്നെ പുതിയ പ്രശ്‌നസങ്കീര്‍ണതകളില്‍ കുരുങ്ങാനാണ് പോകുന്നത്.  അമ്പതിനായിരം കോടിയുടെ വിഭവസമാഹരണം എന്ന ലക്ഷ്യം നല്ലൊരു സ്വപ്‌നമാണ്. മൂന്നു വര്‍ഷം കൊണ്ട് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്ന പ്രഖ്യാപനവും. എന്നാല്‍, ആഗോള സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികള്‍ ഈ സ്വപ്‌നങ്ങളുടെ സോപ്പുകുമിളകളെ തകര്‍ക്കും. അത് യാഥാര്‍ഥ്യബോധത്തോടെ കാണേണ്ടതുണ്ട്. കേന്ദ്രപദ്ധതികളും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ അവരുടെ നിബന്ധനകള്‍ക്കും അജണ്ടകള്‍ക്കും വിധേയമായി നല്‍കുന്ന സഹായവും പൊതുകടമെടുപ്പും വഴി ഈ പ്രഖ്യാപനങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നാണ് പറയുന്നതെങ്കില്‍ അതു വിശ്വസനീയമല്ല.
വര്‍ഗബഹുജന സംഘടനകളില്‍ നിന്നു രാഷ്ട്രീയ ഊര്‍ജം നേടി ശാസ്ത്രീയമായ കാഴ്ചപ്പാടോടെ വളര്‍ന്നുവന്നതാണ് കേരളത്തിലെ ഇടതു പാര്‍ട്ടികള്‍. വര്‍ഗബഹുജന സംഘടനകളെയും ജനങ്ങളെയാകെയും ഭരണത്തില്‍ പങ്കാളികളാക്കുകയും വികസന പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ പരിപാടികളുടെ ഭാഗമാക്കുകയും ചെയ്യാതെ കേരളം വികസിപ്പിക്കാനാകില്ല. അഴിമതി തടയാനാകില്ല. മതനിരപേക്ഷത ജനങ്ങളുടെ തലയ്ക്കു മീതെ പൊള്ളയായ മുദ്രാവാക്യമായി അവശേഷിക്കും.
ഈ നൂറു ദിവസങ്ങള്‍ക്കിടയില്‍ നടന്ന ചില സംഭവങ്ങള്‍ സൂചിപ്പിക്കേണ്ടതുണ്ട്: പോലിസില്‍ നിന്നു നീതി കിട്ടാതെ കാര്‍ത്തികപ്പള്ളിയില്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിവച്ച് സിപിഎം പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു. പാര്‍ട്ടിയിലെ വിഭാഗീയതയില്‍ ബിഡിജെഎസിലേക്കു പോയ സിപിഎം ഏരിയാ കമ്മറ്റി അംഗം മൂത്തകുന്നത്ത് സിപിഎം ഓഫിസില്‍ കെട്ടിത്തൂങ്ങിമരിച്ചു. നിലമ്പൂരില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എംഎല്‍എയും അനുയായികളും സ്വകാര്യ എസ്‌റ്റേറ്റ് കൈയേറിയതിനെതിരേ ഹൈക്കോടതി ഇടപെട്ടു. സിപിഎം വിട്ടവരെ സിപിഐയില്‍ ചേര്‍ത്തതുമായി ബന്ധപ്പെട്ട് പരസ്യപ്പോര് തുടരുന്നു.
പോലിസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചുവെന്ന് അവകാശപ്പെടുമ്പോള്‍ ഗവണ്മെന്റ് മാറിയിട്ടും പോലിസ് മാറിയിട്ടില്ലെന്നു മരണക്കുറിപ്പെഴുതി ജീവിതം അവസാനിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരന്‍. ഓരോ തലത്തിലും ‘ശരിയാക്കലുകള്‍’ അത്ര ലളിതമല്ല എന്ന് ഇതു ബോധ്യപ്പെടുത്തുന്നു.
തട്ടില്‍ എസ്‌റ്റേറ്റ് പോലുള്ള വനംകൊള്ള പുറത്തുകൊണ്ടുവന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. ഇന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നയിക്കുന്ന ഭരണത്തില്‍ ഉള്‍പ്പെട്ട ഒരു എംഎല്‍എ എസ്‌റ്റേറ്റ് കൈയേറ്റക്കേസില്‍ പ്രതിയാകുന്നു.  ഹൈക്കോടതിയുടെയും പോലിസിന്റെയും ഇടപെടല്‍ ഉണ്ടായിട്ടും ആ എംഎല്‍എ ഇടതുമുന്നണിയുടെയും ഗവണ്മെന്റിന്റെയും ഭാഗമായി തുടരുന്നു. ഇടതുപക്ഷ ഐക്യം പ്രസംഗിക്കുകയും പരസ്പരം ചീമുട്ടയേറു നടത്തുകയും ചെയ്യുന്നതില്‍ സിപിഎമ്മും സിപിഐയും മത്സരം തുടരുകയും ചെയ്യുന്നു. അവകാശവാദങ്ങളും യാഥാര്‍ഥ്യവും രണ്ടും രണ്ടാണെന്നു ബോധ്യപ്പെടുത്തുന്നതാണ് ഈ സംഭവങ്ങള്‍. ഈ നിലയ്ക്കു പോകുന്ന ഇടതു പാര്‍ട്ടികള്‍ക്കും അവര്‍ നയിക്കുന്ന ഗവണ്മെന്റിനും ഏതുതരം നവകേരളമാണ് നിര്‍മിക്കാന്‍ സാധിക്കുക? ചീമുട്ടകള്‍ പൂത്തുവിളയുന്ന ഒരു കേരളമോ?

(കടപ്പാട്: വള്ളിക്കുന്ന് ഓണ്‍ലൈന്‍)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss