|    Dec 19 Wed, 2018 11:48 am
FLASH NEWS
Home   >  National   >  

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ പ്രതികൂട്ടിലാക്കുന്ന മെഡിക്കല്‍ കോഴ വിവാദം എന്ത്??

Published : 16th January 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: ലക്‌നൗവിലെ പ്രസാദ് എഡ്യുക്കേഷന്‍ ട്രസ്റ്റിസിന്റെ കീഴിലുള്ള മെഡിക്കല്‍ കോളേജിന് 2017 -2018 വര്‍ഷത്തേക്ക് അംഗീകാരം കിട്ടാനായി നടന്ന നീക്കങ്ങളിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ആരോപണം നേരിട്ടത്. അംഗീകാരം കിട്ടാന്‍ ഒറീസ ഹൈക്കോടതിയിലെ റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലാണ് നിയമവിരുദ്ധ നീക്കങ്ങള്‍ നടന്നത്. വിഷയത്തില്‍ ദീപക് മിശ്രയുടെ ഉത്തരവുകള്‍, ഇടനിലക്കാരുമായി റിട്ട. ജഡ്ജി നടത്തുന്ന സംഭാഷണം ശരിവയ്ക്കുന്നതാണെന്ന് ദേശിയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

കേസില്‍ റിട്ട. ഒറീസ ഹൈക്കോടതി ജഡ്ജി ഐഎം ുദ്ദൂസി, മധ്യസ്ഥനായ വിശ്വനാഥ് അഗര്‍വാള്‍, പ്രസാദ് എഡ്യുക്കേഷന്‍ ട്രസ്റ്റിലെ ബിപി യാദവ് എന്നിവരെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ തമ്മില്‍ നടത്തുന്ന സംഭാഷണത്തില്‍ മുകളില്‍ നിന്ന് വരം കിട്ടണമെങ്കില്‍ പ്രസാദം നല്‍കണം എന്ന് പറയുന്നുണ്ട്. ഈ സംഭാഷണത്തെ സാധൂകരിക്കുന്ന തരത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് പ്രസാദ് എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ ഹരജിയില്‍ മെഡിക്കല്‍ കോളേജിന് അനുകൂലമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചു എന്നാണ് ആരോപണം.
അതിനിടെ തിങ്കളാഴ്ച കോളജ് അധികൃതര്‍ മുന്‍ ഹൈക്കോടതി ജഡ്ജിയുള്‍പ്പെടെയുള്ളവരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പുറത്താവുകയും ചെയ്തു. തങ്ങള്‍ക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രിംകോടതിയിലെയും അലഹബാദ് ഹൈക്കോടതിയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ കോളജ് അധികൃതര്‍ പദ്ധതിയിട്ടു എന്ന് വ്യക്തമാക്കുന്നതാണ് ഫോണ്‍ സംഭാഷണം.മെഡിക്കല്‍ കോളജ് കോഴ അഴിമതിക്കേസില്‍ ആരോപണ വിധേയരായ ഒഡീഷ ഹൈക്കോടതിയില്‍ നിന്നു വിരമിച്ച ജഡ്ജി ഐ എം ഖുദുസി, മധ്യസ്ഥനായ വിശ്വനാഥ് അഗര്‍വാല, പ്രസാദ് എജ്യുക്കേഷന്‍ ട്രസ്റ്റിലെ ബി പി യാദവ് എന്നിവരുടെ ഫോണ്‍കോള്‍ സംഭാഷണങ്ങളാണ് ദ വയര്‍ പുറത്തുവിട്ടത്.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡപ്രകാരമല്ല പ്രവര്‍ത്തിക്കുന്നതെന്നു കണ്ടെത്തിയ പ്രസാദ് എജ്യുക്കേഷന്‍ ട്രസ്റ്റ് നടത്തുന്ന ഗ്ലോക്കല്‍ മെഡിക്കല്‍ കോളജ് ആന്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിന് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ വിലക്കിയിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് ട്രസ്റ്റ് സുപ്രിം കോടതിയെയും അലഹബാദ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഈ വേളയില്‍ 2017 സപ്തംബര്‍ മൂന്ന്, നാല് ദിവസങ്ങളായി നടന്ന ടെലിഫോണ്‍ സംഭാഷണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
കോളജിന് എങ്ങനെ അംഗീകാരം നേടിയെടുക്കാം, എംസിഐ ബാങ്ക് ഗ്യാരണ്ടി പിടിക്കുന്നത് എങ്ങനെ ഒഴിവാക്കാം എന്നീ കാര്യങ്ങളെക്കുറിച്ചാണ് ഫോണില്‍ ബി പി യാദവ് ഖുദുസ്സിയുമായും അഗര്‍വാലയുമായും സംസാരിക്കുന്നത്.
2017 ആഗസ്തിനും 2017 സപ്തംബറിനും ഇടയില്‍ നടന്ന വാദം കേള്‍ക്കലില്‍ പലതവണ സുപ്രിംകോടതി ട്രസ്റ്റിന് അനുകൂലമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതായിരുന്നു ഈ ഉത്തരവുകളെല്ലാം. എംസിഐ റിപോര്‍ട്ട് പരിശോധിച്ചശേഷം ഗ്ലോക്കല്‍ മെഡിക്കല്‍ കോളജിനു പുറമേ 46 കോളജുകളെ കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു. ഈ കോളജുകള്‍ സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍ ഇതേ ബെഞ്ച് കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവയ്ക്കുകയാണുണ്ടായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss